വത്തിക്കാന്‍ സിറ്റി: പെട്ടെന്ന് ശക്തമായ ചുമയുണ്ടായി ഛര്‍ദിക്കുകയും അന്നനാളത്തില്‍ നിന്ന് ഉമിനീരും ഭക്ഷണകണങ്ങളും ആമാശയരസവും ശ്വാസനാളിയിലേക്കെത്തുകയും ചെയ്തതോടെ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ഫ്രാന്‍സിസ് പാപ്പായുടെ ശ്വസനവ്യവസ്ഥയില്‍ പ്രതിസന്ധിയുണ്ടായതായി മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
കഴിഞ്ഞ മൂന്നു ദിവസമായി, ആരോഗ്യസ്ഥിതി സങ്കീര്‍ണമാണെങ്കിലും തുടര്‍ച്ചയായി നേരിയ പുരോഗതി കണ്ടിരുന്നതാണ്. എന്നാല്‍ വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം രണ്ടുമണിയോടെ ഉണ്ടായ ബ്രോങ്കിയല്‍ സ്പാസം മൂലം സ്ഥിതിഗതികള്‍ മോശമാവുകയായിരുന്നു.
ശ്വസനം മെച്ചപ്പെടുത്തുന്നതിനും ശ്വാസോഛ്വാസത്തിലൂടെ ശ്വാസകോശത്തിലുണ്ടാകുന്ന മ്യൂക്കസ് നീക്കം ചെയ്യുന്നതിനും മറ്റുമായി നെഞ്ച് ഉഴിഞ്ഞുകൊണ്ടുള്ള റെസ്പിറേറ്ററി ഫിസിയോതെറാപ്പിയും, ജെമെല്ലി ആശുപത്രിയിലെ പേപ്പല്‍ സ്വീറ്റിലെ ചാപ്പലില്‍ പ്രാര്‍ഥനയും മറ്റുമായി വെള്ളിയാഴ്ച രാവിലെ മെച്ചപ്പെട്ട അവസ്ഥയില്‍ കഴിയുകയായിരുന്നു പരിശുദ്ധ പിതാവ്. രാവിലെ പാപ്പാ ദിവ്യകാരുണ്യം സ്വീകരിച്ചു. ഉച്ചതിരിഞ്ഞ് പെട്ടെന്നാണ് ശക്തമായ ചുമയും ശ്വാസനാളം വരിഞ്ഞുമുറുകി സങ്കോചിച്ച് ശ്വാസംമുട്ടുന്ന ‘ബ്രോങ്കോസ്പാസം’ അനുഭവപ്പെടുകയും ചെയ്തത്. ഇതിനൊടൊപ്പം ഛര്‍ദിക്കുകയും, ഉമിനീരും ഭക്ഷണകണികകളും മറ്റും കലര്‍ന്ന ഗ്യാസ്ട്രിക് അംശങ്ങള്‍ ശ്വാസനാളിയിലേക്കു കടക്കുകയും ചെയ്തു. ഇത് ശ്വാസതടസം രൂക്ഷമാക്കി.
ശ്വാസനാളിയില്‍ നിന്ന് ആമാശയരസവും മറ്റും വലിച്ചുകളഞ്ഞ് ശ്വാസതടസം നീക്കുന്ന ‘ബ്രോങ്കോആസ്പിറേഷന്’ പ്രക്രിയ ഉടനെ ആരംഭിച്ചു. ശ്വസനം മെച്ചപ്പെടുത്തുന്നതിന് നോണ്‍-ഇന്‍വേസീവ് വെന്റിലേഷന് (എന്‍ഐവി) വഴി കൂടുതല്‍ പ്രാണവായു നല്കാന് തുടങ്ങി. ഇന്‍ട്യുബേറ്റ് ചെയ്ത്, മെക്കാനിക്കല്‍ വെന്റിലേറ്ററും ഓക്സിജന്‍ മാസ്ക്കും ഉപയോഗിച്ചുകൊണ്ട് ശ്വസനത്തിനു സഹായിക്കുന്ന അടിയന്തര ഇടപെടലാണിത്. എന്‍ഐവി മുഖേന കൂടുതല്‍ അളവില്‍ ഓക്സിജന്‍ ലഭ്യമായതിനെ തുടര്‍ന്ന് ശ്വസനപ്രക്രിയയുടെ സൂചകങ്ങള്‍ പൂര്വസ്ഥിതിയിലായിത്തുടങ്ങി.
‘ഒറ്റപ്പെട്ട ബ്രോങ്കോസ്പാസം’ സൃഷ്ടിച്ച പ്രതിസന്ധി തത്കാലം മറികടന്നുവെങ്കിലും ശ്വാസനാളത്തില്‍ പ്രവേശിച്ച ഗ്യാസ്ട്രിക് അംശങ്ങള്‍ പൂര്‍ണമായി നീക്കം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ ‘ആബ് ഇന്ജെസ്തിസ്’ ന്യൂമോണിയ പോലുള്ള അവസ്ഥയ്ക്ക് സാധ്യതയുണ്ടെന്ന് മെഡിക്കല്‍ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ശ്വസനവ്യവസ്ഥയില്‍ കൂടുതല്‍ സങ്കീര്‍ണമായ പ്രശ്നങ്ങള്‍ ഇതു സൃഷ്ടിക്കാനിടയുണ്ട്. ഇതിനോടൊപ്പം പനി വരാനുമിടയുണ്ട്. അടുത്ത 48 മണിക്കൂര്‍ സൂക്ഷ്മമായി നിരീക്ഷിച്ചശേഷമേ ആരോഗ്യനിലയെക്കുറിച്ച് വ്യക്തമായി എന്തെങ്കിലും പറയാന്‍ കഴിയൂ എന്ന് ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു.
ബ്രോങ്കോസ്പാസം സൃഷ്ടിച്ച പ്രതിസന്ധിക്കിടയില്‍ പാപ്പാ കാര്യങ്ങളെല്ലാം മനസിലാക്കി ഉണര്‍വോടെ എല്ലാത്തിനോടും നന്നായി സഹകരിച്ചതായി വത്തിക്കാന്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
ഇരുശ്വാസകോശങ്ങളിലും ന്യൂമോണിയ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്, ഫെബ്രുവരി 22ന് കൂടുതല്‍ സമയം നീണ്ടുനിന്ന ശ്വാസംമുട്ടലിന്റെ ഒരു അടിയന്തഘട്ടം പാപ്പായ്ക്കുണ്ടായതാണ്. അതിനെ തുടര്‍ന്ന് സ്ഥിതിഗതികള്‍ സങ്കീര്‍ണമായെങ്കിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്ഥായിയായ രീതിയില്‍ നേരിയ പുരോഗതി കണ്ടുവരികയായിരുന്നു.
പാപ്പായ്ക്കുവേണ്ടി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം യാചിച്ചുകൊണ്ട് വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ നടത്തിവരുന്ന ജപമാല പ്രാര്‍ഥന വെള്ളിയാഴ്ച രാത്രി നയിച്ചത് വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ ഡികാസ്റ്ററി പ്രീഫെക്ട് അര്‍ജന്റീനക്കാരനായ കര്‍ദിനാള്‍ വിക്ടര്‍ മാനുവല്‍ ഫെര്‍ണാണ്ടസ് ആണ്.
പരിശുദ്ധ പിതാവ് ആശുപത്രിയില്‍ കഴിയുന്നതിനാല്‍, വലിയ നോമ്പാചരണത്തിന് തുടക്കം കുറിക്കുന്ന ക്ഷാരബുധനാഴ്ചയിലെ തിരുകര്‍മങ്ങള്‍ക്ക് വത്തിക്കാന്‍ അപ്പസ്തോലിക് പെനിറ്റെന്ഷ്യറിയിലെ മേജര്‍ പെനിറ്റെന്‍ഷ്യറി കര്‍ദിനാള്‍ ആഞ്ജലോ ദെ ദൊനാത്തിസ് മുഖ്യകാര്‍മികത്വം വഹിക്കുമെന്ന് വത്തിക്കാന്‍ വാര്‍ത്താകാര്യാലയത്തില്‍ നിന്ന് അറിയിച്ചു. സാന്ത് അന്‍സെല്‍മോ അല്അവന്തീനോ ദേവാലയത്തില്‍ നിന്ന് സാന്താ സബീന ബസിലിക്കയിലേക്കുള്ള പ്രദക്ഷിണത്തോടെയാണ് തിരുകര്‍മങ്ങള്‍ ആരംഭിക്കുക. കര്‍ദിനാള്‍മാരും ആര്‍ച്ച്ബിഷപ്പുമാരും ബിഷപ്പുമാരും സാന്ത് അന്സെല്മോയിലെ ബെനഡിക്റ്റന്‍ സന്ന്യാസിമാരും സാന്താ സബീനയിലെ ഡോമിനിക്കന്‍ വൈദികരും വിശ്വാസികളും അതില്‍ പങ്കെടുക്കും.