വത്തിക്കാന്‍ സിറ്റി: ഇരുശ്വാസകോശങ്ങളിലും ന്യൂമോണിയ ബാധിച്ച് റോമിലെ അഗസ്തീനോ ജെമെല്ലി യൂണിവേഴ്സിറ്റി പോളിക്ലിനിക് ആശുപത്രിയില്‍ വിദഗ്ധ ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പായുടെ ആരോഗ്യനിലയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ നേര്‍ത്ത പുരോഗതി കണ്ടതായി ബുധനാഴ്ച വൈകീട്ട് വത്തിക്കാന്‍ ബുള്ളറ്റിനില്‍ അറിയിച്ചു.
”ഏതാനും ദിവസം മുന്‍പ് വൃക്കയുടെ പ്രവര്‍ത്തനത്തില്‍ കാണപ്പെട്ട ചെറിയ തോതിലുള്ള ന്യൂനത ഭേദപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി എടുത്ത നെഞ്ചിന്റെ സിടി സ്കാനില്‍, ശ്വാസകോശവീക്കത്തില് സ്വഭാവിക തോതിലുള്ള വ്യത്യാസം കാണുന്നുണ്ട്. ബുധനാഴ്ച നടത്തിയ രക്തപരിശോധനകള്‍ തലേന്നു കണ്ട പുരോഗതി സ്ഥിരീകരിക്കുന്നതാണ്.”
ഉയര്‍ന്ന തോതിലുള്ള ഓക്സിജന്‍ തെറപ്പി തുടരുന്നുണ്ട്. കഴിഞ്ഞ ശനിയാഴ്ച അനുഭവപ്പെട്ടതുപോലുള്ള ദീര്‍ഘനേരം നീണ്ടുനില്‍ക്കുന്ന, ആസ്ത്മ പോലെ തീവ്രമായ ശ്വാസതടസം പിന്നീട് ഉണ്ടായിട്ടില്ല. ശ്വസനം മെച്ചപ്പെടുത്താനുള്ള ഫിസിയോതെറപ്പി തുടരുകയാണ്. പൊതുവെ നേര്‍ത്ത പുരോഗതി കാണുന്നുണ്ടെങ്കിലും രോഗത്തിന്റെ ദിശമാറ്റത്തെക്കുറിച്ച് ഇപ്പോള്‍ ഒന്നുംതന്നെ പറയാന്‍ കഴിയുന്ന അവസ്ഥയല്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
ചൊവ്വാഴ്ച രാത്രി ശാന്തമായി ഉറങ്ങിയെഴുന്നേറ്റ പാപ്പാ രാവിലെ ചാരുകസേരയിലിരുന്ന് ചികിത്സാവിധികള്‍ തുടര്‍ന്നു. രാവിലെ ദിവ്യകാരുണ്യം സ്വീകരിക്കുകയും ഉച്ചയ്ക്കുശേഷം ചില ഔദ്യോഗിക കാര്യങ്ങള്‍ നിര്‍വഹിക്കുകയും ചെയ്തതായി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
പരിശുദ്ധ പിതാവിന്റെ ആരോഗ്യനില സങ്കീര്‍ണമാണെങ്കിലും നേര്‍ത്ത പുരോഗതിയുണ്ടായിട്ടുണ്ടെന്നായിരുന്നു ചൊവ്വാഴ്ച വത്തിക്കാനില്‍ നിന്നുള്ള അറിയിപ്പ്.
വത്തിക്കാന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് കര്‍ദിനാള്‍ പിയെത്രോ പരോളിനും ചീഫ് ഓഫ് സ്റ്റാഫ് (ജനറല്‍ അഫയേഴ്സ് സബ്സ്റ്റിറ്റിയൂട്ട്) ആര്‍ച്ച്ബിഷപ് എദ്ഗാര്‍ പേഞ്ഞ പാറയും തിങ്കളാഴ്ച ആശുപത്രിയിലെത്തി പാപ്പായുമായി കൂടിക്കാഴ്ച നടത്തുകയുണ്ടായി. രണ്ടു ദൈവദാസരുടെ ജീവത്യാഗവും മൂന്നു ദൈവദാസരുടെ വീരോചിത പുണ്യങ്ങളും അംഗീകരിച്ചുകൊണ്ട് പാപ്പാ അഞ്ചുപേരെ ധന്യരായി പ്രഖ്യാപിക്കുകയും രണ്ടുപേരെ വിശുദ്ധപദത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള കണ്‍സിസ്റ്ററി വിളിച്ചുചേര്‍ക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാന്‍ ഡികാസ്റ്ററിയോട് ഇതു സംബന്ധിച്ച ഡിക്രി പുറപ്പെടുവിക്കാന്‍ പാപ്പാ നിര്‍ദേശിച്ചു. കഴിഞ്ഞ 14ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു ശേഷം പരിശുദ്ധ പിതാവ് വത്തിക്കാനിലെ ഉന്നത ഉദ്യോഗസ്ഥരുമായി ആദ്യമായി കൂടിക്കാഴ്ച നടത്തിയത് ഈ സന്ദര്‍ഭത്തിലാണ്.
ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജോ മെലോണി കഴിഞ്ഞ വെള്ളിയാഴ്ച ആശുപത്രിയില്‍ 20 മിനിറ്റ് പാപ്പായോടൊപ്പം ചെലവഴിച്ചു. ആരോഗ്യനില മോശമായിരുന്നു എന്ന റിപ്പോര്‍ട്ട് ഉണ്ടായിരുന്നിട്ടും, പാപ്പാ നല്ല ഉണര്‍വോടെ പഴയ മട്ടില്‍ നര്‍മബോധത്തോടെ തമാശകള്‍ പറഞ്ഞുകൊണ്ടിരുന്നു എന്നാണ് പ്രധാനമന്ത്രി പിന്നീട് പറഞ്ഞത്.
തിങ്കളാഴ്ച വൈകീട്ട് പാപ്പാ ഗാസയിലെ തിരുകുടുംബ ഇടവകയിലെ വികാരി ഫാ. ഗബ്രിയേല്‍ റോമനെല്ലിയുമായി ഫോണില്‍ സംസാരിച്ചതായും വത്തിക്കാന്‍ അറിയിക്കുകയുണ്ടായി. ഗാസാ മുമ്പില്‍ ഹമാസിനെതിരെ ഇസ്രയേല്‍ സൈനികാക്രമണം ആരംഭിച്ചതു മുതല്‍ നിത്യേനയെന്നോണം പാപ്പാ ഗാസ ഇടവകപ്പള്ളിയില്‍ അഭയം തേടിയിരുന്നവരുടെ സ്ഥിതിഗതികള്‍ ആരായാന്‍ അര്‍ജന്റീനയില്‍ നിന്നുള്ള മിഷനറി വൈദികനായ റോമനെല്ലിയെ ഫോണില്‍ വിളിക്കുമായിരുന്നു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് ആദ്യത്തെ രണ്ടു ദിവസവും ആ പതിവ് പരിശുദ്ധ പിതാവ് തുടര്‍ന്നു. ഗാസയിലെ വിശ്വാസി സമൂഹം പാപ്പായുടെ ആരോഗ്യത്തിനും സൗഖ്യത്തിനുമായി പ്രാര്‍ഥിച്ചുകൊണ്ട് അയച്ച ആശംസകളുടെ വീഡിയോ കണ്ട് അവര്‍ക്കു നന്ദിപറയാനാണ് തിങ്കളാഴ്ച പാപ്പാ അവരെ വിളിച്ചത്.
പാപ്പായ്ക്കുവേണ്ടി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം യാചിച്ചുകൊണ്ട് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ തിങ്കളാഴ്ച മുതല്‍ ദിവസവും രാത്രി ഒന്‍പതുമണിക്ക് ജപമാലപ്രാര്‍ഥന നടത്തിവരികയാണ്. ആദ്യദിനത്തില്‍ കര്‍ദിനാള്‍ പരോളിനാണ് ജപമാല പ്രാര്‍ഥന നയിച്ചത്. നമ്മുടെ കാര്യത്തില്‍ കരുതലുള്ള അമ്മയായ പരിശുദ്ധ കന്യകാമറിയം രോഗത്തിന്റെയും പരീക്ഷണത്തിന്റേതുമായ ഈ വേളയില്‍ ഫ്രാന്‍സിസ് പാപ്പായെ താങ്ങിനിര്ത്തട്ടെയെന്നും ആരോഗ്യം പെട്ടെന്നു വീണ്ടടുക്കാന്‍ സഹായിക്കട്ടെയെന്നും അദ്ദേഹം പ്രാര്‍ഥിച്ചു.
പത്രോസ് തടവിലാക്കപ്പെട്ട സമയത്ത് സഭ തീവ്രമായി പ്രാര്‍ഥിച്ചിരുന്നുവെന്ന് അപ്പോസ്തലന്മാരുടെ പ്രവൃത്തികളില്‍ പറയുന്നുണ്ട്. അപകടത്തിലോ രോഗത്തിലോ ആകുന്ന പാപ്പായ്ക്കു വേണ്ടി ക്രൈസ്തവ ജനത പ്രാര്‍ഥിക്കുന്ന പാരമ്പര്യമുണ്ട്. ഈ ദിനങ്ങളില്‍ ജെമെല്ലി പോളിക്ലിനിക്കില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പായ്ക്കുവേണ്ടി ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികളും സമൂഹങ്ങളും കര്‍ത്താവിനോട് തീവ്രമായി പ്രാര്‍ഥിക്കുകയാണ്. വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ ചത്വരത്തില്‍, പാപ്പായുടെ ഭവനത്തില്‍, ഇന്നു മുതല്‍ പരിശുദ്ധ ജപമാല ചൊല്ലുന്നതിനായി ഒന്നുചേരുകയാണെന്നും കര്‍ദിനാള്‍ പരോളിന് പറഞ്ഞു.
കര്‍ദിനാള്‍മാരും മെത്രാന്മാരും റോമന്‍ കൂരിയായിലെ അംഗങ്ങളും സമര്‍പ്പിതരും ആയിരകണക്കിന് അല്മയവിശ്വാസികളും ഏകയോഗമായി പാപ്പായുടെ സുഖപ്രാപ്തിക്കായി കൊന്തനമസ്കാരം ചൊല്ലി.
രണ്ടാംദിനം സുവിശേഷവത്കരണത്തിനായുള്ള ഡികാസ്റ്ററിയുടെ പ്രൊ-പ്രീഫെക്ട് കര്‍ദിനാള്‍ ലൂയിസ് അന്റോണിയോ താഗ്ലെയുടെ
നേതൃത്വത്തിലായിരുന്നു ജപമാലയര്‍പ്പണം. പാപ്പായ്ക്ക് ഉത്ഥിതനായ ക്രിസ്തുവിന്റെയും ക്രൈസ്തവസമൂഹത്തിന്റെയും സ്നേഹസാന്നിധ്യം അനുഭവിക്കുവാനായി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടാമെന്ന് അദ്ദേഹം വിശ്വാസികളെ ആഹ്വാനം ചെയ്തു. മഴയും കനത്ത തണുപ്പുമുള്ള കാലാവസ്ഥയിലും, പാപ്പായ്ക്കു വേണ്ടി പ്രാര്‍ഥിക്കാന്‍ വയോധികരും ശിശുക്കളുമടക്കം നിരവധി കുടുംബങ്ങളും തീര്‍ത്ഥാടകരും എത്തിയിരുന്നു.
ബുധനാഴ്ച രാത്രി ജപമാലയ്ക്കും ജാഗരണ പ്രാര്‍ഥനയ്ക്കും കര്‍ദിനാള്‍മാരുടെ സംഘത്തിന്റെ ഡീന്‍ കര്‍ദിനാള്‍ ജൊവാന്നി ബത്തിസ്താ റേയാണ് നേതൃത്വം വഹിച്ചത്.
ജെമെല്ലി ആശുപത്രിയില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് പാപ്പായുടെ നാമധേയത്തിലുള്ള ചാപ്പലിലും പാപ്പായ്ക്കുവേണ്ടി ദിവ്യബലി അര്‍പ്പണവും ദിവ്യകാരുണ്യ ആരാധനയും തുടരുന്നുണ്ട്. ആശുപത്രി അങ്കണത്തിലുള്ള വിശുദ്ധ ജോണ്‍ പോള്‍ പാപ്പായുടെ വലിയ തിരുസ്വരൂപത്തിനു മുന്പില് മെഴുകുതിരികളും പൂക്കളും അര്‍പ്പിച്ച് വിശ്വാസികള്‍ ഫ്രാന്‍സിസ് പാപ്പായ്ക്കുവേണ്ടി പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നു.