തദ്ദേശ ഭരണകൂട തിരഞ്ഞെടുപ്പുകൾ മുന്നിൽകണ്ട് കാസർകോട് മുതൽ നെയ്യാറ്റിൻകര വരെ ജാഥ
കൊച്ചി : ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ ശുപാർശകൾ സമയബന്ധിതമായി നടപ്പിലാക്കുന്ന കാര്യം സർക്കാരിൻറെ പരിഗണനയിലുണ്ടെന്ന് മന്ത്രി പി രാജീവ്. കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ കൊച്ചി പിഒസിയിൽ സംഘടിപ്പിച്ച 53 മത് ജനറൽ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ക്രൈസ്തവരുടെ വിഷയങ്ങൾ പഠിച്ച് ജസ്റ്റിസ് ജെ.ബി കോശി കമ്മീഷൻ നിർദ്ദേശിച്ചിട്ടുള്ള ശുപാർശകൾ ഗുണഭോക്താക്കളുമായി ചർച്ചചെയ്ത് സമയബന്ധിതമായി നടപ്പിലാക്കണമെന്ന കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ ജനറൽ കൗൺസിലിൽ ഉയർന്ന ആവശ്യത്തോട് പ്രതികരിക്കുക കൂടിയായിരുന്നു അദ്ദേഹം.

ജെ ബി കോശി കമ്മീഷൻ ശുപാർശകളിൽ പലതും സമുദായം ദീർഘകാലമായി ആവശ്യപ്പെട്ട് വരുന്ന വിഷയങ്ങളാണ്. ഈ വിഷയങ്ങളുടെ പ്രചരണാർത്ഥം സാമുദായിക അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വരുന്ന തദ്ദേശ ഭരണകൂട തിരഞ്ഞെടുപ്പുകൾ മുന്നിൽകണ്ട് കാസർകോട് മുതൽ നെയ്യാറ്റിൻകര വരെ ജാഥ സംഘടിപ്പിക്കാൻ ജനറൽ കൗൺസിൽ തീരുമാനിച്ചു.
മണൽ ഖനനം സംബന്ധിച്ച് തീര സമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ കേരളത്തിൽ എല്ലാവരും ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണം. സമുദായ സർട്ടിഫിക്കറ്റ് നിഷേധിക്കപ്പെടുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ പുതിയ സർക്കാർ ഉത്തരവ് ഇറക്കണം, തീര നിയന്ത്രണ വിജ്ഞാപനത്തിന്റെ ദ്വീപ് മേഖല പ്ലാൻ പ്രസിദ്ധീകരിക്കണം, വിഴിഞ്ഞം കേസുകൾ പിൻവലിക്കണം, മുനമ്പം വിഷയം അടിയന്തരമായി പരിഹരിക്കണം, വന്യമൃഗങ്ങളുടെ അപകടങ്ങൾ മൂലം ദുരിതമനുഭവിക്കുന്നവർക്ക് നഷ്ടപരിഹാരം നൽകാനും വിഷയം പരിഹരിക്കാനും നടപടികൾ ഉണ്ടാവണം, മുതലപ്പൊഴിയിൽ അപകടരഹിത സാഹചര്യമുണ്ടാക്കണം മുതലായ വിഷയങ്ങളിൽ പ്രമേയങ്ങൾ അവതരിപ്പിച്ചു.

കേരളത്തിലെ 12 ലത്തീൻ രൂപതകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. സംസ്ഥാന പ്രസിഡൻറ് അഡ്വ ഷെറി തോമസ് അധ്യക്ഷത വഹിച്ചു. വരാപ്പുഴ അതിര സഹായം മെത്രാൻ ബിഷപ്പ് ആൻറണി വാലുങ്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ രതീഷ് ആന്റണി കണക്ക് അവതരിപ്പിച്ചു.
കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ തോമസ് തറയിൽ , KRLCC ജനറൽ സെക്രട്ടറി റവ ഡോ ജിജു അറക്കത്തറ , ലത്തീൻ സഭയുടെ വക്താവ് ജോസഫ് ജൂഡ്, യേശുദാസ് പറപ്പള്ളി, മോൺ ജോസ് നവസ്, ആന്റണി നോറോണ, സംസ്ഥാന ഭാരവാഹികളായ വിൻസി ബൈജു , നൈജു അറക്കൽ , അഡ്വ ജസ്റ്റിൻ കരിപാട്ട് , ജോസഫ്കുട്ടി കടവിൽ , സാബു കാനക്കാപള്ളി , അനിൽ ജോസ് , പൂവം ബേബി , ജോൺ ബാബു , ഷൈജ ഇ ആർ , അഡ്വ ആർ എൽ മഞ്ജു, വിൻസ് പെരിഞ്ചേരി, ഡാൽഫിൻ ടി എ , അനിൽ ജോൺ ഫ്രാൻസിസ്, എബി കുന്നേപറമ്പിൽ, ഷൈജ ആന്റണി, മോളി ചാർലി, ലൂയിസ് തണ്ണിക്കോട് , ജസ്റ്റിൻ ആന്റണി എന്നിവർ പ്രസംഗിച്ചു.