കൊച്ചി: കേരളത്തിലെ ആശാവർക്കർമാർ ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന സമരം അവസാനിപ്പിക്കുന്നതിന് സർക്കാർ അടിയന്തരനടപടി സ്വീകരിക്കണമെന്ന് കേരള കത്തോലിക്ക സഭയുടെ നേതൃത്വത്തിലുള്ള തൊഴിലാളി സംഘടനകളുടെ ഏകോപന സമിതിയായ യുടിഎ ആവശ്യപ്പെട്ടു.
നിസ്വരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ തൊഴിലാളികളുടെ പ്രശ്നങ്ങൾ നിരാകരിക്കാൻ സാമ്പത്തിക ബാധ്യത ന്യായീകരണമാക്കുന്ന സർക്കാർ സമൂഹത്തിലെ ഉന്നത വിഭാഗങ്ങളുടെ ആവശ്യങ്ങളിൽ ഉദാര സമീപനമാണ് സ്വീകരിക്കുന്നത്. കേരളത്തിൽ ആശ വർക്കർമാർ നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരവും സമൂഹത്തിന് ഏറെ ഗുണപ്രദവുമാണ് . ഇവർക്ക് ന്യായമായ വേതനം നൽകാനുള്ള ഉത്തരവാദിത്വം സമൂഹത്തിനും സർക്കാരിനും ഉണ്ട് . ഇവരുടെ ന്യായമായ ആവശ്യങ്ങൾ സർക്കാർ ഗൗരവമായി പരിഗണിക്കണം, യുടിഎ ചെയർമാൻ ജോസഫ് ജൂഡും ജനറൽ കൺവീനർ ബാബു തണ്ണിക്കോട്ടും ആവശ്യപ്പെട്ടു.
ആശാവർക്കർമാരുടെ സമരം പ്രതിരോധിക്കുന്നതിന് രാജ്യത്തെ പ്രധാന ട്രേഡ് യൂണിയൻ നേതാവിന്റെ പ്രസ്താവന ഖേദകരവും പ്രതിഷേധാർഹവുമാണ്. കേവലം 235 രൂപ മാത്രം ദിവസക്കൂലി വാങ്ങുന്ന തൊഴിലാളികൾ നടത്തുന്ന സമരം എങ്ങനെയാണ് സംസ്ഥാനത്തെ മുഴുവൻ തൊഴിലാളി സംഘടനകളെയും അധിക്ഷേപിക്കുന്നതെന്ന് സർക്കാരും പ്രബല തൊഴിലാളി സംഘടനകളും പൊതുസമൂഹത്തോട് വിശദീകരിക്കണം, അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ട്രേഡ് യൂണിയൻ അലയൻസ് (യുടിഎ) ആവശ്യപ്പെട്ടു.