കൊച്ചി: കേരളത്തിലെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിച്ച് പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിച്ചിട്ടുള്ള ജസ്റ്റീസ് ബഞ്ചമിൻ കോശി അദ്ധ്യക്ഷനായ കമ്മീഷൻ റിപ്പോർട്ട് സമ്പൂർണ്ണമായി പ്രസിദ്ധീകരിക്കണമെന്ന് കെആർഎൽസിസി ആവശ്യപ്പെട്ടു.
കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ പ്രസ്താവന സ്വാഗതാർഹമാണ്. ഈ നടപടികൾ എന്തെല്ലാമാണെന്ന് സർക്കാർ വ്യക്തമാക്കണം. ഇതിനകം നടപ്പിലാക്കിയെന്നു പറയപ്പെടുന്ന നിർദ്ദേശങ്ങളും പരസ്യപ്പെടുത്തണം, എറണാകുളത്ത് നടന്ന കെആർഎൽസിസി നിർവ്വാഹക സമിതി യോഗം ആവശ്യപ്പെട്ടു.
കേരളത്തിൻ്റെ തിരക്കടലിൽ നിന്നും മണൽ ഖനനം ചെയ്യാനുള്ള നടപടികളിൽ നിന്നും സർക്കാർ പിന്മാറണം. ഈ നടപടി ഉളവാക്കുന്ന പാരിസ്ഥിതിക വിനാശം അതിഭീകരമാണെന്നും യോഗം വിലയിരുത്തി. അനേകം വർഷങ്ങൾ കൊണ്ടു രൂപപ്പെട്ട ജൈവ വ്യവസ്ഥയെ തകർത്തെറിയുന്ന നടപടികൾ മാനവ സമൂഹത്തെയാകെ ബാധിക്കും, കെആർഎൽസിസി അഭിപ്രായപ്പെട്ടു. മത്സ്യത്തൊഴിലാളി സംഘടനകളുടെ സംയുക്ത പ്രക്ഷോഭത്തെ പിന്തുണക്കാനും കെആർഎൽസിസി തീരുമാനിച്ചു.
ഈ വർഷം നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി ഈ ജനാധിപത്യ പ്രകിയയിൽ ക്രിയാത്മകമായി ഇടപ്പെടാൻ ജനങ്ങളെ പ്രാപ്തരാക്കുന്നതിന് മുന്നൊരുക്ക കർമ്മപദ്ധതിക്ക് യോഗം രൂപം നല്കി.
പ്രസിഡൻ്റ് ബിഷപ്പ് ഡോ. വർഗ്ഗീസ് ചക്കാലക്കൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് ജോസഫ് ജൂഡ്, ജനറൽ സെക്രട്ടറി ഫാ. ഡോ. ജിജു ജോർജ് അറക്കത്തറ, മുൻ ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, സെക്രട്ടറിമാരായ മെറ്റിൽഡ മൈക്കിൾ, പാട്രിക് മൈക്കിൾ, ട്രഷറർ ബിജു ജോസി, കെഎൽസിഡബ്ള്യൂഎ പ്രസിഡണ്ട് ഷെർളി സ്റ്റാൻലി, കെസിവൈഎം ലാറ്റിൻ ജനറൽ സെക്രട്ടറി അനിദാസ്, മോൺ. ജെൻസൺ പുത്തൻവീട്ടിൽ, കുഞ്ഞച്ചൻ പി. ആർ , മിൽട്ടൺ എസ്., കമ്മീഷൻ സെക്രട്ടറിമാരായ ഡോ . ജോണി സേവ്യർ പുതുകാട്ട്, ബാബു തണ്ണിക്കോട്ട്, ഫാ. ജോൺസൺ പുത്തൻവീട്ടിൽ, ഫാ. മാത്യൂ പുതിയാത്ത്, ഫാ. ആൻ്റണി അറക്കൽ എന്നിവർ പ്രസംഗിച്ചു.