ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത സത്യപ്രതിജ്ഞ ചെയ്യും . ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുടെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് ചേർന്ന ബിജെപി നിയുക്ത എംഎൽഎമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി പദവിയിലേക്ക് രേഖ ഗുപ്തയെ പ്രഖ്യാപിച്ചത്.
ഇന്ന് രാവിലെ 11 മണിക്ക് ഡൽഹിയിലെ രാംലീല മൈതാനത്തായിരിക്കും സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുക. ആദ്യമായി നിയമസഭയിലേക്കെത്തുന്ന രേഖയെ മുഖ്യമന്ത്രി പദത്തിലേക്ക് തന്നെ ബിജെപി പരിഗണിച്ചു. ഷാലിമാർ ബാഗ് മണ്ഡലത്തില്‍ നിന്ന് 29,595 വോട്ടിന്റെ ഉജ്ജ്വല വിജയമാണ് രേഖ നേടിയത്. ആം ആദ്മി പാർട്ടിയുടെ ബന്ദന കുമാരിയെയാണ് പരാജയപ്പെടുത്തിയത്.
അരവിന്ദ് കേജ്രിവാളിനെ മുട്ടുകുത്തിച്ച പർവേശ് ശർമ ഉപമുഖ്യമന്ത്രിയാകും. രേഖയുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത് പർവേശ് വർമയാണ്. വിജേന്ദ്ര ഗുപ്തയാണ് ഡൽഹിയുടെ പുതിയ സ്പീക്കറായി ചുമതലയേൽക്കുക. സത്യപ്രതിജ്ഞ തീയതി പ്രഖ്യാപിച്ചിട്ടും മുഖ്യമന്ത്രി ആരെന്നതില്‍ തീരുമാനത്തിലെത്താന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നില്ല. ഇന്നലെ വൈകിട്ട് ബിജെപിയുടെ കേന്ദ്ര നിരീക്ഷകർ പാർട്ടി ആസ്ഥാനത്തെത്തിയിരുന്നു. തുടർന്ന് ബിജെപി നിയുക്ത എംഎൽഎമാരുമായി നടത്തിയ ചർച്ചയിലാണ് രേഖാ ഗുപ്തയുടെ പേര് ഉയർന്നു വന്നത്.