രതീഷ് ഭജനമഠം
വ്യക്തിപ്രഭാവത്തില്‍ ആരേയും കീഴടക്കുന്ന സ്വഭാവമായിരുന്നു അലക്സാണ്ടര്‍ പറമ്പിത്തറക്കുണ്ടായിരുന്നത്. കേരളാ നിയമസഭയിലെ നാലാമത്തെ സ്പീക്കറും ഒന്ന്, രണ്ട്, മൂന്ന് കേരള നിയമസഭകളില്‍ അംഗവുമായിരുന്ന രാഷ്ട്രീയനേതാവായിരുന്നു അലക്സാണ്ടര്‍ പറമ്പിത്തറ. രാഷ്ട്രീയത്തിനതീതമായി എല്ലാവരേയും ഒരുപോലെ കാണാന്‍ കഴിഞ്ഞു. വിശ്രമമില്ലാതെയുളള ജനസേവനമായിരുന്നു അദ്ദേഹത്തിന്റേത്. വിമര്‍ശനങ്ങളെ ഗൗരവത്തോടെ സ്വീകരിക്കുകയും പുകഴ്ത്തലുകളില്‍ നിമഗ്നനാകാതിരിക്കുകയും ചെയ്തു എന്നതാണ് അദ്ദേഹത്തിന്റെ വിജയങ്ങളുടെ അടിസ്ഥാനഘടകമായത്. ജനാധിപത്യത്തിന്റേയും മതനിരപേക്ഷതയുടേയും മൂല്യങ്ങള്‍ അദ്ദേഹമെന്നും ഉയര്‍ത്തിപ്പിടിച്ചു. കേരള രാഷ്ട്രീയം കണ്ട വ്യത്യസ്തനായ നേതാവ്. വിഷയങ്ങള്‍ കൃത്യമായി പഠിച്ച് അവതരിപ്പിക്കുന്നതിലും നടപ്പാക്കുന്നതിലും അദ്ദേഹം കാണിച്ച മിടുക്ക് അന്യാദൃശ്യമായിരുന്നു. ഒപ്പം നില്‍ക്കുന്നവരേയും വളര്ന്നുവരുന്നവരേയും ചവിട്ടിത്താഴ്ത്താതെ കൂടെ നിര്‍ത്തി. പൊതുപ്രവര്‍ത്തന-രാഷ്ട്രീയരംഗത്ത് നിറഞ്ഞു നില്‍ക്കുമ്പോഴും ഈശ്വരവിശ്വാസത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഒരുക്കമായിരുന്നില്ല.
വിദ്യാര്‍ഥിയായിരിക്കെ അദ്ദേഹം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായി. സിവില്‍ നിയമലംഘന പ്രസ്ഥാനത്തിലും ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിലും പങ്കെടുത്തു. 1942 ല്‍ അറസ്റ്റിലാകുകയും ആറ് മാസം ജയിലില്‍ അടയ്ക്കപ്പെടുകയും ചെയ്തു. അടിയന്തിരാവസ്ഥയെ ശക്തമായി എതിര്‍ത്താണ് അദ്ദേഹം കോണ്‍ഗ്രസ് രാഷ്ട്രീയത്തോട് വിടവാങ്ങുന്നത്.
വ്യത്യസ്തനായ നേതാവ്
കേരള ലത്തീന്‍ കത്തോലിക്കാ സമൂഹത്തില്‍ നിന്നുള്ള മാതൃക പൊതുപ്രവര്‍ത്തകനും ഏറ്റവും പ്രാധാന്യമുള്ള രാഷ്ട്രീയ-പൊതുപ്രവര്‍ത്തകനുമായിരുന്നു അലക്സാണ്ടര്‍ പറമ്പിത്തറ. ആദര്‍ശരാഷ്ട്രീയത്തിന്റെയും ധാര്‍മ്മികതയുടെയും പ്രതീകമായി അറിയപ്പെടുന്ന അലക്സാണ്ടര്‍ പറമ്പിത്തറ മാസ്റ്റര്‍ അധികാര രാഷ്ട്രീയത്തില്‍ നിന്നും മുഖം തിരിച്ചുനിന്ന കേരള രാഷ്ട്രീയത്തിലെ അപൂര്‍വം വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു. ആദര്‍ശധീരതായിരുന്നു അദ്ദേഹത്തിന് എന്നും മുതല്‍ക്കൂട്ടെന്നത് സ്മരണീയമാണ്.
എളിമയും വിനയവും ലാളിത്യവും നീതിയും തുല്യതയും പാവങ്ങളോടുള്ള കാരുണ്യവും എക്കാലവും ജീവിതത്തിലും രാഷ്ട്രീയത്തിലും ഉയര്‍ത്തിപ്പിടിച്ച അദ്ദേഹം കേരളരാഷ്ട്രീയ ചരിത്രത്തിലെ ഒരു അസാധാരണ വ്യക്തിത്വമായിരുന്നു.
മാതൃക അധ്യാപകന്, സ്വാതന്ത്രസമരസേനാനി, പത്രപ്രവര്ത്തകന്, പ്രഭാഷകന്‍, ഇംഗ്ലീഷ്ഭാഷ പണ്ഡിതന്, ധാര്‍മ്മികനിലപാട് ജീവിതവസാനം വരെ ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയക്കാരന്, അതി പ്രഗല്ഭനായ സ്പീക്കര്‍, തീക്ഷ്ണമതിയായ വിശ്വാസി തുടങ്ങിയ നിലകളില്‍ അദ്ദേഹം ആദരണീയനാണ്.
വരാപ്പുഴ അതിരൂപതയിലെ പെരുമാനൂര്‍ സെന്റ് ജോര്‍ജ് ഇടവകയിലെ പ്രസിദ്ധമായ പറമ്പിത്തറ കുടുംബത്തിലെ ലോനന്-മറിയം ദമ്പതികളുടെ മകനായി 1900 ഫെബ്രുവരി 11-ന് ജനിച്ച അദ്ദേഹത്തിന്റെ പ്രാഥമികപഠനം പെരുമാനൂര്‍ സെന്റ് ജോര്‍ജ് എല്‍.പി. സ്കൂളിലായിരുന്നു. പഠനത്തില്‍ ഏറെ മികവുകാട്ടിയ അദ്ദേഹം തുടര്‍ന്ന് എറണാകുളം സെന്റ് ആല്‍ബര്‍ട്സ് ഹൈസ്കൂള്‍, എസ്.ആര്.വി.എച്ച്.എസ്., എറണാകുളം മഹാരാജാസ് കോളജ് എന്നീ വിദ്യാകേന്ദ്രങ്ങളിലെ വിദ്യാഭ്യാസത്തെ തുടര്‍ന്ന് തൃശിനാപ്പള്ളി സെന്റ് ജോസഫ് കോളജില്‍ നിന്നും എം.എ. ബിരുദവും സെയ്താപ്പെട്ട ടീച്ചേഴ്സ് ട്രെയ്നിംഗ് കോളജില്‍നിന്നും എല്‍.ടി. ബിരുദവും ഉന്നതമാംവിധം നേടി.
വിശ്വാസാധിഷ്ടിത ജീവിതം
ചെറുപ്പം മുതല്‍ വിശ്വാസതീക്ഷ്ണതയുണ്ടായിരുന്ന അദ്ദേഹം ഒരു സന്ന്യാസ വൈദികനാകണമെന്ന ആഗ്രഹത്തില്‍ മഞ്ഞുമ്മല്‍ കര്‍മ്മലീത്താ ആശ്രമത്തില്‍ ചേര്‍ന്നുവെങ്കിലും മാതാപിതാക്കളുടെ ഏക ആണ്മകനായതുകൊണ്ട് ബന്ധുക്കളുടെ വലിയ സമ്മര്‍ദ്ദം കാരണം സന്ന്യാസരൂപീകരണം ഉപേക്ഷിച്ച് തിരിച്ചുവരേണ്ടിവന്നു. ദൈവത്തിന്റെ സ്വര്ഗ്ഗീയപദ്ധതി അദ്ദേഹത്തെ നീതിമാനും ആദര്ശധീരനുമായ ഒരു മാതൃക രാഷ്ട്രീയപ്രവര്‍ത്തകനായി ഉയര്‍ത്തുക എന്നതായിരുന്നു. തുടര്‍ന്ന് നിയമപഠനത്തിനായി തിരുവനന്തപുരത്തെ ലോ കോളജില്‍ ചേര്‍ന്നുവെങ്കിലും പൂര്‍ത്തികരിക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് കുമ്പളങ്ങി സെന്റ് പീറ്റേഴ്സ് ഹൈസ്കൂളില്‍ ഹെഡ്മാസ്റ്ററായി 1926-ല്‍ ജോലിയില്‍ പ്രവേശിച്ച് അദ്ദേഹം അധ്യാപനജീവിതം ആരംഭിച്ചു. ആ കാലത്ത് എല്‍.ടി.ബിരുദം നേടിയ അദ്ദേഹത്തിന്റെ പങ്കുവയ്ക്കല്‍ ജീവിതത്തെപ്പറ്റി കൊച്ചി കോര്പ്പറേഷന് 2000
സ്മരണികയില്‍ ഇപ്രകാരം എഴുതിയിട്ടുണ്ട്: ‘ശമ്പളം കിട്ടിയാല്‍ കുമ്പളങ്ങിയില്‍നിന്ന് എറണാകുളത്തെ വീട്ടില്‍ എത്തുന്നതിനു മുമ്പേതന്നെ കീശ കാലിയാകുമായിരുന്നു. കൈനീട്ടുന്നവരെയെല്ലാം ആ മഹാമനസ്സ് ഒരിക്കലും നിരാശപ്പെടുത്തിയിരുന്നില്ല’.
വിദ്യാര്‍ഥിയായിരുന്ന കാലത്തുതന്നെ അലക്സാണ്ടര്‍ പറമ്പിത്തറ ദേശീയപ്രസ്ഥാനങ്ങളിലൂടെ സ്വാതന്ത്ര്യ സമരത്തില്‍ ആകൃഷ്ടനാവുകയും കോണ്‍ഗ്രസ്സിന്റെ അനുഭാവിയായി മാറുകയും ചെയ്തു. അധ്യാപകനായിരിക്കുമ്പോഴാണ് അദ്ദേഹം കൊച്ചി രാജ്യത്തിലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ഘടകമായിരുന്ന പ്രജാമണ്ഡലത്തിലെ സജീവ രാഷ്ട്രീയപ്രവര്‍ത്തകനായി മാറിയത്.
1934-ലും 1947-ലും അദ്ദേഹം പള്ളുരുത്തി നിയോജകമണ്ഡലത്തില്‍ നിന്നും കൊച്ചി നിയമസഭയിലേക്ക് മത്സരിച്ച് വിജയിച്ചു. 1947-1951 കാലത്ത് എറണാകുളം മുനിസിപ്പാലിറ്റിയുടെ ചെയര്‍മാനായി സേവനം ചെയ്ത അദ്ദേഹം കൗണ്‍സിലില്‍ കോണ്‍ഗ്രസ്സിന്റെ ലീഡറായിരുന്നു. 1952-ലും 1954-ലും തിരു-കൊച്ചി നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളില്‍ പള്ളുരുത്തി, കണയന്നൂര്‍, എറണാകുളം മണ്ഡലങ്ങളില്‍നിന്നും വിജയിച്ച് അദ്ദേഹം അംഗമായിട്ടുണ്ട്. കേരള സംസ്ഥാന രൂപീകരണത്തെ തുടര്‍ന്ന് അദ്ദേഹം 1957-ലും 1960-ലും പള്ളുരുത്തി മണ്ഡലത്തില്‍ നിന്നും 1965-ലും 1967-ലും എറണാകുളം മണ്ഡലത്തില്‍ നിന്നും കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
1967 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ നിയമസഭയില്‍ കോണ്‍ഗ്രസിന്റെ അംഗബലം വെറും 9 പേരായിരുന്നു. അന്നത്തെ കോണ്‍ഗ്രസ് നേതാവായിരുന്ന അലക്സാണ്ടര്‍ പറമ്പിത്തറ നിയമസഭാ കക്ഷിനേതൃത്വം ഏറ്റെടുക്കാന്‍ വിസമ്മതിച്ചപ്പോഴാണ് കെ. കരുണാകരന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും പിന്നാലെ പ്രതിപക്ഷ നേതാവുമായത്. കേരള രാഷ്ട്രീയത്തിലെ ഒരു പുത്തന്‍ ഉണര്‍വിനാണ് അന്ന് അലക്സാണ്ടര്‍ പറമ്പിത്തറ നിമിത്തമായത്.
നിഷ്പക്ഷനായ സ്പീക്കര്‍
കോണ്‍ഗ്രസ്സ് നിയമസഭകക്ഷിയുടെ ഉപനേതാവായും എറണാകുളം ഡി.സി.സി. പ്രസിഡന്റായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഏതാണ്ട് മൂന്നു പതിറ്റാണ്ടുകാലം കേരള നിയമസഭയില്‍ മാതൃകാപരമായി പ്രവര്‍ത്തിച്ച പറമ്പിത്തറ മാസ്റ്റര്‍ 1961 മുതല്‍ 1964 വരെ ആര്. ശങ്കര്‍ മന്ത്രിസഭയില്‍ കേരള നിയമസഭാ സ്പീക്കറായി സവിശേഷ സേവനമര്‍പ്പിച്ചു. കേരള രാഷ്ട്രീയം കണ്ട
ഏറ്റവും നീതിനിഷ്ഠനും പ്രഗല്ഭനുമായ സ്പീക്കറായിരുന്നു അദ്ദേഹം. എല്ലാ അംഗങ്ങളെയും ഒരുപോലെ പരിഗണിക്കുകയും തുല്യപ്രാധാന്യം നല്‍കുകയും ചെയ്തിരുന്ന അദ്ദേഹം സ്പീക്കറായിരിക്കുമ്പോഴാണ് എല്ലാ സാമാജികര്‍ക്കും സീനിയര്‍-ജൂനിയര്‍ വ്യത്യാസവും ഭരണ-പ്രതിപക്ഷ വ്യത്യാസവുമില്ലാതെ നിയമസഭയില്‍ അവസരങ്ങള്‍ ഉറപ്പാക്കപ്പെട്ടത്. ഉന്നതമായ
നീതിബോധത്തോടെ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം നിയമസഭയ്ക്കുള്ളില്‍ നിഷ്പക്ഷനും പുറത്ത് മാതൃക കോണ്‍ഗ്രസ്സുകാരനുമായിരുന്നു. മന്ത്രിസ്ഥാനത്തേക്കാണ് അദ്ദേഹത്തെ അന്ന് പരിഗണിക്കപ്പെട്ടതെങ്കിലും സ്പീക്കറായാണ് തിരഞ്ഞെടുത്തത്.
രാഷ്ട്രീയത്തിലായാലും ജീവിതത്തിലായാലും നടിക്കാനും സ്വന്തം കാര്യം ഭദ്രമാക്കാനും മാസ്റ്റര്‍ക്ക് വശവും താല്പര്യവുമില്ലായിരുന്നു. എന്നും ആള്‍ക്കൂട്ടമോ കാര്യലാഭമോ നോക്കി ആദര്‍ശവും പാതയും മാറുന്ന നേതാവുമായിരുന്നില്ല പറമ്പിത്തറ എന്നുമാണ് ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ് രേഖപ്പെടുത്തിയത്.
സ്പീക്കറായിരുന്ന കാലത്ത് പറമ്പിത്തറമാസ്റ്റര് ആത്മീയകാര്യങ്ങള്‍ക്കായി തിരുവനന്തപുരത്തെ കന്റോണ്‍മെന്റ് ഹൗസില്‍ നിന്നും പാളയം സെന്റ് ജോസഫ് കത്തിഡ്രലിലേക്ക് നടന്നാണ് പോയിരുന്നത്. ദേവാലയത്തില്‍ പ്രാര്‍ത്ഥനയ്ക്കായി പോകുന്നത് തന്റെ സ്വന്തം കാര്യമായതിനാല്‍ സ്പീക്കറുടെ വാഹനം ഉപയോഗിക്കുവാന്‍ പാടില്ല എന്ന നിലപാടായായിരുന്നു അദ്ദേഹത്തിന്റേത്. തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ചെലവിനായി പാര്‍ട്ടിയില്‍ നിന്നും ലഭിക്കുന്ന ഫണ്ട് വളരെ ചുരുക്കി ചെലവാക്കി തിരഞ്ഞെടുപ്പ് കഴഞ്ഞ് കണക്കും ബാക്കി പണവും സത്യസന്ധമായി പാര്‍ട്ടിയെ തിരിച്ചേല്പ്പിച്ചിരുന്ന അപൂര്‍വം വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു അദ്ദേഹം. പാര്‍ട്ടിഫണ്ടില്‍ നിന്നും തിരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി നല്കുന്ന പണം കുറച്ചു ചെലവഴിക്കുകയും തിരഞ്ഞെടുപ്പിനുശേഷം കണക്കും ബാക്കി തുകയും പാര്‍ട്ടിക്കു തിരികെ നല്‍കുകയും ചെയ്യുന്ന ഒരേഒരാള്‍ അന്ന് പറമ്പിത്തറമാസ്റ്ററാണെന്നാണ് എ.ഐ.സി.സി. മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന കെ.പി. മാധവന് നായര്‍ എഴുതിയത്.
അടിയന്തരാവസ്ഥക്കെതിരേ ഒറ്റയാള്‍ സമരം
ആ കാലത്തെ കോണ്‍ഗ്രസസ്സ് പാര്‍ട്ടിയിലെ ചേരിപ്പോരുകളും ആഭ്യന്തര പ്രശ്നങ്ങളും അദ്ദേഹത്തെ ഏറെ അസ്വസ്ഥനാക്കിയിരുന്നു. 1969-ല്‍ കോണ്‍ഗ്രസ്സ് പിളര്‍ന്നപ്പോള്‍ അദ്ദേഹം ഇന്ദിരാഗാന്ധിയോട് വിയോജിച്ച് സംഘടന കോണ്‍ഗ്രസ്സിന്റെ പക്ഷത്ത് അടിയുറച്ച് നിന്നു. മറുചേരിയില്‍ ആയിരുന്നുവെങ്കില്‍ അദ്ദേഹത്തിന് വലിയ അധികാരങ്ങളും പദവികളും മറ്റും ലഭിക്കുമായിരുന്നുവെങ്കിലും തന്റെ ആദര്‍ശത്തില്‍ ഉറച്ചുനിന്നു. 1975-ല്‍ ഇന്ദിരഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ ആ പൗരവകാശലംഘനത്തിന് എതിരെ 75-കാരനായ അദ്ദേഹം പ്രയാധിക്യം മറന്ന് ഒറ്റയാള്‍ പ്രതിഷേധം നടത്തി അറസ്റ്റ് വരിച്ചു. എന്നാല്‍ വന്ദ്യഗുരുവായ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത പൊലീസുകാര്‍ ഭവനത്തില്‍ കൊണ്ടുപോയി ആക്കി.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് നഗരത്തില്‍ കുറേദൂരം ഒറ്റയ്ക്കും പിന്നേ നാലോ അഞ്ചോ അനുയായികളേയും കൂട്ടിയും മാസ്റ്റര്‍ നടത്തിയ പ്രതിഷേധം സ്വന്തം തീരുമാനത്തിന് മേലുള്ള ദാര്ഢ്യപ്രകടനം കൂടിയായിരുന്നു എന്നാണ് മുന്‍ കേന്ദ്രമന്ത്രിയായിരുന്ന ഹെന്റി ഓസ്റ്റിന്‍ എഴുതിയത്. അടിയന്തരാവസ്ഥയെ തുടര്‍ന്ന് 1977-ല്‍ നടന്ന ഐതിഹാസികമായ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംഘടന കോണ്‍ഗ്രസ്സ് കൂടി ഉള്‍പ്പെടുന്ന ജനതാപാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി യായി അദ്ദേഹം മത്സരിച്ചുവെങ്കിലും ചെറിയ വ്യത്യാസത്തില്‍ പരാജയപ്പെട്ടു.
പത്രപ്രവര്‍ത്തനം
ജനവിധിയെ മാനിച്ചുകൊണ്ട് അദ്ദേഹം തുടര്‍ന്ന് സജീവരാഷ്ട്രീയത്തില്‍ നിന്നു പിന്മാറി. അധികാരരംഗങ്ങളില്‍ തലകാണിക്കാതെ തന്നെയാണ് അദ്ദേഹം അരനൂറ്റാണ്ടുകാലം കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്നത്. ബിരുദധാരികളായ മക്കള്‍ക്കുവേണ്ടി ഒരു ജോലിക്കുപോലും അദ്ദേഹം ശുപാര്ശചെയ്തില്ല എന്നതുതന്നെ നിഷ്കളങ്കമായ ആ ജീവിതത്തിന്റെ അടിസ്ഥാനമൂല്യം ത്യാഗസേവനം മാത്രമായിരുന്നു എന്നതിന് തെളിവാണ് എന്ന് കൊച്ചി കോര്പ്പറേഷന് സ്മരണികയില്‍ എഴുതിയിട്ടുണ്ട്.
അധ്യാപനവും രാഷ്ട്രീയപ്രവര്‍ത്തനവും പോലെ എഴുത്തും പത്രപ്രവര്‍ത്തനവും പറമ്പിത്തറ മാസ്റ്റര്‍ക്ക് ഏറെ പ്രിയപ്പെട്ട മേഖലയായിരുന്നു വെസ്റ്റേണ്‍ സ്റ്റാര്‍, ലിറ്റില്‍ ഫ്ളവര്‍ എന്നീ മാസികകളുടെ പത്രാധിപരായി അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ തന്നെ ഏറെ പ്രധാനപ്പെട്ട പ്രസിദ്ധീകരണങ്ങളായ ഇന്ത്യന്‍ റിവ്യൂ, മോഡേണ്‍ റിവ്യൂ എന്നീ ജേര്‍ണലുകളില്‍ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ഏറെ പണ്ഡിതോചിതമായ ലേഖനങ്ങള്‍ പറമ്പിത്തറ മാസ്റ്റര്‍ എഴുതിയിരുന്നു എന്നത് അദ്ദേഹത്തിന്റെ രചനാവൈഭവത്തിന്റെ വലയി തെളിവാണ്.
റോമില്‍ നിന്നുള്ള പോപ്പിന്റെ ‘ബെനേമെരേന്തി’ പദവി അദ്ദേഹത്തിന്റെ മഹത്തായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി ലഭിക്കുകയുണ്ടായി. ആദര്‍ശശുദ്ധിയും സത്യസന്ധവുമായ പൊതുപ്രവര്ത്തനംകൊണ്ട് കേരളത്തെ ഏറെ ധന്യനാക്കിയ അലക്സാണ്ടര്‍ പറമ്പിത്തറ മാസ്റ്റര്‍ 1989 ജൂണ്‍ 10-ന് അന്തരിച്ചു. മാസ്റ്ററുടെ ജന്മശതാബ്ദി ദിനത്തില്‍ മലയാള മനോരമയില്‍ വന്ന ലേഖനത്തില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു,’ ‘പറമ്പിത്തറ തറവാട്ടിലെ ആ സ്വീകരണമുറി ഇന്നും പരിശുദ്ധ കന്യകാമറിയത്തിന്റെ മുന്നൂറോളം ചിത്രങ്ങളാല്‍ അലംകൃതമാണ്. പ്രാര്‍ത്ഥനയുടെ വിശുദ്ധിയും കര്‍മത്തിലെ വെണ്മയും സമ്മേളിച്ച വ്യക്തി അവിടെ ജീവിച്ചിരുന്നു. അലക്സാണ്ടര്‍ പറമ്പിത്തറ – രാഷ്ട്രീയം അതിന്റെ മൂല്യങ്ങളെ തള്ളിപ്പറഞ്ഞ് മുന്നോട്ടുപോകുന്ന ഈ കാലം അദ്ദേഹത്തിന്റേതായിരിക്കുകയില്ല’
ഏതാണ്ട് മൂന്ന് പതിറ്റാണ്ടുകാലം സംസ്ഥാന നിയമസഭാംഗവും അതിനിടെ കേരള നിയമസഭയുടെ സ്പീക്കര്‍ പദവിയും അലങ്കരിച്ചശേഷം കൊച്ചി നഗരത്തിലെ പെരുവഴികളിലൂടെ പൊരിവെയിലത്തു തലയില്‍ മേല്‍മുണ്ട് ഇട്ടുകൊണ്ട് നടന്നു നീങ്ങിയിരുന്ന പറമ്പിത്തറ മാസ്റ്റര്‍ ആദര്‍ശരാഷ്ട്രീയത്തിന്റെ മകുടോദാഹരണമായി ഇന്നും കേരളജനതയുടെ മനസ്സില്‍ തെളിഞ്ഞു നില്ക്കുന്നതായി ജന്മശതാബ്ദിദിനത്തില്‍ മംഗളം ദിനപത്രത്തില്‍ കെ.എം. റോയ് എഴുതുകയുണ്ടായി. ആദര്‍ശത്തിന്റെ ആള്‍രൂപമായ അലക്സാണ്ടര്‍ പറമ്പിത്തറ മാസ്റ്ററിന്റെ 125-ാം ജന്മവാര്‍ഷികമാണ് കടന്നുപോയത്.
റഫറന്‍സ്
1. കൊച്ചി 2000 സ്മരണിക, എഡിറ്റര്‍ പ്രൊഫ. എം.കെ. സാനു
2. കേരളസഭാരത്നങ്ങള് – ജോണ്‍ കച്ചിറമറ്റം, 2001
3. നൂറുവര്‍ഷം ഏറെ ധന്യം, വരാപ്പുഴ അതിരൂപതാ ആസ്ഥാനമന്ദിരശ
താബ്ദി സ്മരണിക, എഡിറ്റര്‍ ഡോ. പ്രിമൂസ് പെരിഞ്ചേരി, 2004
4. കെ.എല്‍.സി.എ. വരാപ്പുഴ അതിരൂപതാ റൂബി ജൂബിലി സ്മരണിക.
രതീഷ് ഭജനമഠം, ആലപ്പുഴ