ഫ്രാന്‍സിസ് പാപ്പായ്ക്ക് ന്യൂമോണിയ;
സങ്കീര്‍ണാവസ്ഥയ്ക്ക് കൂടുതല്‍ ചികിത്സ ആവശ്യം
ബിജോ സിൽവേരി
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പായ്ക്ക് ഇരുശ്വാസകോശങ്ങളിലും ന്യൂമോണിയ (ബൈലാറ്ററല്‍ ന്യൂമോണിയ) ബാധിച്ചതായി വത്തിക്കാന്‍ വാര്‍ത്താകാര്യാലയം സ്ഥിരീകരിച്ചു. ‘ലബോറട്ടറി ടെസ്റ്റുകളും നെഞ്ചിന്റെ സിടി സ്കാനും ക്ലിനിക്കല്‍ അവസ്ഥയും സങ്കീര്‍ണമായ ചിത്രമാണ് കാണിക്കുന്നത്’ എന്ന് ചൊവ്വാഴ്ച വൈകുന്നേരം ആറിന് മാധ്യമങ്ങള്‍ക്കു വത്തിക്കാന്‍ പ്രസ് ഓഫിസില്‍ നിന്നു നല്കിയ അറിയിപ്പില്‍ പറയുന്നു.
ശ്വാസകോശസംബന്ധിയായ ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് ഫെബ്രുവരി 14ന് വെള്ളിയാഴ്ച റോമിലെ അഗസ്തീനോ ജെമെല്ലി യൂണിവേഴ്സിറ്റി പോളിക്ലിനിക്കില്‍ പ്രവേശിപ്പിക്കപ്പെട്ട എണ്‍പത്തെട്ടുകാരനായ ഫ്രാന്‍സിസ് പാപ്പായ്ക്ക് പോളിമൈക്രോബിയല്‍ അണുരോഗബാധയാണെന്നാണ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
ലബോറട്ടറി ടെസ്റ്റുകളും നെഞ്ചിന്റെ സിടി സ്കാനും ക്ലിനിക്കല്‍ അവസ്ഥയും സങ്കീര്‍ണമായ ചിത്രമാണ് കാണിക്കുന്നതെന്ന് വത്തിക്കാന്‍ പ്രസ് ഓഫിസില്‍ നിന്നുള്ള അറിയിപ്പില്‍ പറയുന്നു
ശ്വാസകോശത്തിലെ ശ്വാനാളികളില് നീര്‍ക്കെട്ടും വീക്കവും ഉണ്ടായി ശ്വാസംമുട്ടലിനും കലശലായ ചുമയ്ക്കും മറ്റും ഇടയാക്കുന്ന ബ്രോങ്കിയെക്റ്റാസിസും അസ്ത് മാറ്റിക് ബ്രോങ്കൈറ്റിസും സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ കോര്‍ട്ടികോസ്റ്റിറോയ്ഡ്, ആന്റിബയോട്ടിക് ചികിത്സാവിധികള്‍ ആരംഭിച്ചിരുന്നു. കൂടുതല്‍ സങ്കീര്‍ണമായ തെറാപ്യൂട്ടിക് ചികിത്സാവിധികള്‍ ആവശ്യമാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
അതേസമയം, പാപ്പാ പൊതുവെ പ്രസരിപ്പ് പ്രകടിപ്പിക്കുന്നുണ്ടെന്നും ചൊവ്വാഴ്ച രാവിലെ വിശുദ്ധ കുര്‍ബാന സ്വീകരിക്കുകയും പ്രാതല്‍ കഴിച്ച് പത്രങ്ങള്‍ വായിക്കുകയും പ്രാര്‍ഥിക്കുകയും ചില ഔദ്യോഗിക ജോലികളില്‍ മുഴുകുകയും ചെയ്തതായി വത്തിക്കാന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ജെമെല്ലി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികള്‍ ഉള്‍പ്പെടെ പാപ്പായുടെ സൗഖ്യത്തിനായി പ്രാര്ഥനാശംസകള് നേര്‍ന്നും ചിത്രങ്ങള്‍ വരച്ചും കത്തുകള്‍ എഴുതിയും തങ്ങളുടെ സാമീപ്യം അറിയിച്ചുകൊണ്ട് അയക്കുന്ന സന്ദേശങ്ങള്‍ക്ക് പാപ്പാ നന്ദി അറിയിക്കുകയും പ്രാര്‍ഥനകള്‍ തുടരാന്‍ ഏവരോടും അഭ്യര്‍ഥിക്കുകയും ചെയ്തു. തന്നെപോലെ രോഗബാധിതരായവര്ക്കൊപ്പം തന്റെ പ്രാര്‍ഥനയും സാമീപ്യവുമുണ്ടെന്നും പാപ്പാ പറഞ്ഞു.
പാപ്പായുടെ ശ്വാസകോശത്തിന്റെ ഒരുഭാഗം ചെറുപ്പകാലത്ത് പള്‍മണറി രോഗബാധയെത്തുടര്‍ന്ന് മുറിച്ചുമാറ്റിയിരുന്നു. ശൈത്യകാലത്ത് ബ്രോങ്കൈറ്റിസ് ബുദ്ധിമുട്ടുകള്‍ പാപ്പായെ അലട്ടുന്നതിനുള്ള ഒരു കാരണം ഇതാണെന്ന് പറയാറുണ്ട്.
പാപ്പായ്ക്ക് കൂടുതല്‍ ആശുപത്രി ചികിത്സ ആവശ്യമാണെന്ന് തിങ്കളാഴ്ച ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ബുധനാഴ്ചതോറും നടത്താറുള്ള പാപ്പായുടെ പൊതുദര്‍ശന പരിപാടി റദ്ദാക്കി.
പ്രത്യാശയുടെ ജൂബിലി വര്‍ഷത്തിന്റെ ഭാഗമായി അടുത്ത ഞായറാഴ്ച വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ഡീക്കന്മാരുടെ പ്രത്യേക ജൂബിലിയാഘോഷത്തിന്റെ ഭാഗമായി അര്‍പ്പിക്കുന്ന ദിവ്യബലിയില്‍ പാപ്പായുടെ ഡെലഗേറ്റായി സുവിശേഷവത്കരണത്തിനായുള്ള വത്തിക്കാന്‍ ഡികാസ്റ്ററിയുടെ പ്രോ-പ്രീഫെക്ട് ആര്‍ച്ച്ബിഷപ് റിനോ ഫിസിക്കേല്ല മുഖ്യകാര്‍മികത്വ വഹിക്കും.
പ്രത്യാശയുടെ ജൂബിലിയുടെ ഭാഗമായി സംസ്കാരത്തിനും വിദ്യാഭ്യാസത്തിനുമായുള്ള വത്തിക്കാന്‍ ഡികാസ്റ്ററിയും വത്തിക്കാന്‍ മ്യൂസിയങ്ങളും ഇറ്റലിയിലെ സാംസ്കാരിക മന്ത്രാലയത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച കലാകാരന്മാരുടെയും സാംസ്കാരിക ലോകത്തിന്റെയും പ്രത്യേക ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നൂറിലേറെ രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്മാരും സാംസ്കാരിക പ്രവര്‍ത്തരുമായി വത്തിക്കാനില്‍ പാപ്പാ നടത്താനിരുന്ന കൂടിക്കാഴ്ചയും റോമിലെ ‘ചീനെചിത്താ’ ഫിലിം സിറ്റി സ്റ്റുഡിയോയില്‍ പരിശുദ്ധ പിതാവ് നടത്താന്‍ നിശ്ചയിച്ചിരുന്ന സന്ദര്‍ശനവും പാപ്പാ ആശുപത്രിയിലായതിനെ തുടര്‍ന്ന് നടത്താനായില്ല.
ഞായറാഴ്ച സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ കവാടം കടന്നെത്തുന്ന കലാകാരന്മാര്ക്കൊപ്പം അര്‍പ്പിക്കാനിരുന്ന ദിവ്യബലിയില്‍ പാപ്പായ്ക്ക് മുഖ്യകാര്‍മികത്വം വഹിക്കാന്‍ കഴിഞ്ഞില്ലെങ്കിലും പാപ്പായുടെ സുവിശേഷസന്ദേശം അതില്‍ വത്തിക്കാന്‍ സാംസ്കാരിക ഡികാസ്റ്ററി പ്രീഫെക്ട് കര്‍ദിനാള്‍ ജൊസേ തുവെന്തീനൊ ദെ മെന്തോണ്‍സ് വായിച്ചു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനുശേഷം വെള്ളിയാഴ്ചയും ശനിയാഴ്ചയും പാപ്പാ ഗാസയിലെ തിരുകുടുംബ ഇടവകയിലെ അര്‍ജന്റീനയില്‍ നിന്നുള്ള പ്രേഷിത വൈദികന് ഗബ്രിയേല്‍ റോമനെല്ലിയോടും അദ്ദേഹത്തിന്റെ സഹവികാരിയായ ഈജിപ്തുകാരന് ഫാ. യൂസുഫ് അസദിനോടും ഫോണില്‍ സംസാരിച്ചു.
കഴിഞ്ഞ പതിനഞ്ചുമാസം ഗാസ മുനമ്പില്‍ ഇസ്രയേല്‍ സൈന്യം ഹമാസ് തീവ്രവാദികള്‍ക്കെതിരെ ആക്രമണം തുടര്‍ന്നുകൊണ്ടിരിക്കെ, പരിശുദ്ധ പിതാവ് ദിവസവും ഫാ. റോമനെല്ലിയെ വിളിച്ച് ഇടവകയിലെ ജനങ്ങളുടെ അവസ്ഥയെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരുന്നു.
”ആശുപത്രിയില്‍ നിന്ന് ആദ്യത്തെ രണ്ടു ദിവസവും പരിശുദ്ധ പിതാവ് ഞങ്ങളെ വിളിച്ചു. ഗാസയിലെ സമയം രാത്രി എട്ടുമണിക്ക് പാപ്പായുടെ സ്വരം കേള്‍ക്കാന്‍ ആളുകള്‍ കാത്തുനില്ക്കുകയായിരുന്നു. ഗാസാ നഗരത്തില്‍ മൊത്തം വൈദ്യുതിയില്ലാത്തതിനാല്‍ ബ്ലാക്കൗട്ട് ആയിരുന്നുവെങ്കിലും പാപ്പാ ഞങ്ങളെ എങ്ങനെയെങ്കിലും വീഡിയോ-കോള്‍ വഴി ബന്ധപ്പെടണമെന്ന് ഉറപ്പിച്ച് ഒടുവില്‍ അതില്‍ വിജയിക്കുകയായിരുന്നു,” വത്തിക്കാന്‍ മീഡിയയിലെ സാല്‍വത്തോരെ ചെര്നൂത്സിയോയോട് ഫാ. റോമനെല്ലി പറഞ്ഞു.
”ഞങ്ങള്‍ക്ക് അദ്ദേഹത്തിന്റെ സ്വരം വ്യക്തമായി കേള്‍ക്കാന്‍ കഴിഞ്ഞു. പരിശുദ്ധ പിതാവ് ക്ഷീണിതനായിരുന്നു. ‘ഞാന്‍ ഒന്നു സൂക്ഷിക്കേണ്ടതുണ്ട്’ എന്ന് പാപ്പാ പറയുകയും ചെയ്തു. എങ്കിലും അദ്ദേഹത്തിന്റെ ശബ്ദം വ്യക്തമായി കേള്‍ക്കാമായിരുന്നു. ഞങ്ങള്‍ പറഞ്ഞത് അദ്ദേഹം ശ്രദ്ധയോടെ കേള്‍ക്കുകയും ചെയ്തു. ഇവിടെ കൂടിനിന്ന എല്ലാവരും പാപ്പായോട് തങ്ങളുടെ സ്നേഹവും അതിവേഗം സുഖംപ്രാപിക്കാനുള്ള പ്രാര്‍ഥനയും അറിയിക്കുകയും എല്ലാവരുടെയും കാര്യങ്ങള്‍ പാപ്പാ ചോദിച്ചറിയുകയും ചെയ്തശേഷം പരിശുദ്ധ പിതാവ് എല്ലാവരെയും ആശീര്‍വദിച്ചു.’
ഞായറാഴ്ച രാത്രി പാപ്പായുടെ കോള്‍ ആരും പ്രതീക്ഷിച്ചിരുന്നില്ല. എങ്കിലും പരിശുദ്ധ പിതാവ് ഫാ. റോമനെല്ലിക്ക് ഫോണില്‍ ഒരു സന്ദേശം അയച്ചു: തിരുകുടുംബ ഇടവകയിലെ ജനങ്ങള്‍ തന്നോടു കാണിക്കുന്ന അടുപ്പത്തിനും അവരുടെ പ്രാര്‍ഥനയ്ക്കും നന്ദി പറഞ്ഞുകൊണ്ടും, തന്റെ സാമീപ്യവും പ്രാര്‍ഥനയും എന്നും ഗാസയിലെ ജനങ്ങള്‍ക്കൊപ്പമുണ്ടെന്ന് ആവര്ത്തിച്ചുകൊണ്ടും പരിശുദ്ധ പിതാവിന്റെ ആശീര്‍വാദം ഏവര്‍ക്കും നല്‍കുന്നതായിരുന്നു ആ സന്ദേശം.
പാപ്പായുടെ ആരോഗ്യം വീണ്ടെടുക്കുന്നതിന് പൂര്‍ണമായ വിശ്രമം ആവശ്യമുണ്ടെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കെ, ഞായറാഴ്ച ഉച്ചയ്ക്ക് പതിവുള്ള ത്രികാലജപപ്രാര്ഥന പാപ്പാ നയിച്ചില്ല. എന്നാല്‍ പാപ്പാ മധ്യാഹ്നപ്രാര്‍ഥന നയിച്ചേക്കുമെന്ന പ്രതീക്ഷയിലും പാപ്പായെ ആശുപത്രി ജാലകത്തിലൂടെ കാണാമെന്ന ആഗ്രഹത്താലും, നിരവധി വിശ്വാസികള്‍ ജെമെല്ലി ആശുപത്രിയുടെ മുന്നില്‍ തടിച്ചുകൂടിയിരുന്നു.
പാപ്പായുടെ രോഗശാന്തിക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പ്രാര്ഥനാശംസകള് പ്രവഹിക്കുകയാണ്. തനിക്കായി പ്രാര്‍ഥനകള്‍ അര്‍പ്പിച്ചും സ്നേഹവും സാമീപ്യവുമറിയിച്ചുകൊണ്ടും ഈ ദിനങ്ങളില്‍ തന്നോടൊത്തായിരിക്കുന്നവര്ക്കെല്ലാം പാപ്പാ സമൂഹ്യമാധ്യമമായ എക്സില്‍ ഞായറാഴ്ച ഉച്ചയ്ക്ക് കുറിച്ച സന്ദേശത്തിലൂടെ നന്ദി പറഞ്ഞു.
തനിക്ക് ബ്രോങ്കൈറ്റിസ് ബാധിച്ചിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ടുതന്നെ ഏതാനും ദിവസം പാപ്പാ വത്തിക്കാനിലെ തന്റെ വാസസ്ഥലമായ കാസാ സാന്താ മാര്‍ത്തായില്‍ ചെറുസംഘങ്ങളുമായി കൂടിക്കാഴ്ച നടത്തുകുയം ഔദ്യോഗിക പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനു മുന്‍പ് രാവിലെ സാന്താ മാര്‍ത്താ ഭവനത്തില്‍ വച്ച് പാപ്പാ സ്ലൊവാക്യ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയുമായും സിഎന്‍എന്‍ ന്യൂസ് ചീഫ് എക്സിക്യുട്ടീവ് മാര്‍ക്ക് തോംപ്സണുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
ശ്വാസകോശ സംബന്ധമായ അസുഖം ബാധിച്ച് പാപ്പാ 2023 മാര്‍ച്ചില്‍ മൂന്നു ദിവസം ജെമെല്ലി ആശുപത്രിയില്‍ കഴിഞ്ഞു. അക്കൊല്ലം തന്നെ ജൂണിലും 2024 ഫെബ്രുവരിയിലും പരിശോധനകള്‍ക്കായി പരിശുദ്ധ പിതാവ് വീണ്ടും ജെമെല്ലിയില്‍ എത്തിയിരുന്നു.