ഡെറാഢൂണ്‍: ദേശീയ ഗെയിംസിന്റെ അതല്റ്റിക് ട്രാക്കിലേക്ക് കേരളം ഇന്നിറങ്ങും. ഡെറാഢൂണിനടുത്ത് റായ്പൂരിലെ മഹാറാണാ പ്രതാപ് സ്പോര്‍ട്സ് കോളജ് സ്റ്റേഡിയത്തിലാണ് അത്ലറ്റിക് മത്സരങ്ങള്‍.
ആദ്യദിനം 10 ഫൈനലുകളുണ്ടാകും.പുരുഷന്മാരുടെ 10,000 മീറ്ററോടെയാണ് തുടക്കം. വേഗക്കാരെ കണ്ടെത്തുന്നതിനുള്ള 100 മീറ്റര്‍ ഫൈനലും ഇന്നാണ്. കേരളത്തിനായി ഓടാന്‍ ആരുമില്ല. 1500 മീറ്റര്‍ മത്സരത്തിലും കേരളത്തിന് പ്രാതിനിധ്യമില്ല. അഞ്ച് ദിവസമാണ് അത്ലറ്റിക്സ് മത്സരങ്ങള്‍.
കേരളത്തിന് 52 അംഗ സംഘമാണ്. കഴിഞ്ഞതവണ മൂന്ന് സ്വര്‍ണമുള്‍പ്പെടെ 14 മെഡലുകളായിരുന്നു.വനിതകളുടെ പോള്‍വോള്‍ട്ടില്‍ മരിയ ജയ്സണ്‍, കൃഷ്ണ രചന്, പതിനായിരം മീറ്ററില്‍ റീബ അന്ന ജോര്‍ജ്, പുരുഷന്മാരുടെ ഡിസ്കസ് ത്രോയില്‍ അലക്സ് പി തങ്കച്ചന്, ലോങ്ജമ്പില്‍ സി വി അനുരാഗ്, ഡെക്കാത്ലണില് തൗഫീഖ് എന്നിവര്‍ ഇന്ന് കേരളത്തിനായി മത്സരിക്കും. എന്‍ വി ഷീന, മരിയ ജയ്സണ്‍, അനു രാഘവന്, സി വി അനുരാഗ് തുടങ്ങിയവരിലാണ് പ്രതീക്ഷ.