വാഷിങ്ടണ്‍: അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് ഉപരോധം ഏർപ്പെടുത്തുന്ന ഉത്തരവിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു. പലസ്തീനിലെ ആക്രമണങ്ങള്‍ക്കു പിന്നാലെ ഇസ്രയേലിനെതിരെ പ്രഖ്യാപിച്ച ഐസിസിയുടെ അന്വേഷണങ്ങൾക്കെതിരെയുള്ള ഉത്തരവിലാണ് ട്രംപ് ഒപ്പുവച്ചത്.
“അമേരിക്കയെയും നമ്മുടെ അടുത്ത സഖ്യകക്ഷിയായ ഇസ്രയേലിനെയും ലക്ഷ്യമിട്ട് നിയമവിരുദ്ധവും അടിസ്ഥാനരഹിതവുമായ നടപടികളിൽ ഐസിസി ഏര്‍പ്പെട്ടു. നെതന്യാഹുവിനും അദ്ദേഹത്തിന്റെ മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ അടിസ്ഥാനരഹിതമായ അറസ്റ്റ് വാറണ്ടുകൾ പുറപ്പെടുവിച്ചുകൊണ്ട് ഐസിസി അധികാരം ദുരുപയോഗം ചെയ്തു” എന്ന് ട്രംപ് ഒപ്പിട്ട ഉത്തരവിൽ ആരോപിക്കുന്നു.
പലസ്തീനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പതിനായിരിക്കണക്കിനുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് അന്താരാഷ്ട്ര കോടതി നെതന്യാഹുവിനെതിരെയും യോവ് ഗാലന്റിനുമെതിരെയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. എന്നാല്‍ ഇതു അംഗീകരിക്കില്ലെന്നും ഇസ്രയേലിനെ സംരക്ഷിക്കുമെന്നുമാണ് പുതിയ ഉത്തരവിലൂടെ ട്രംപ് ഭരണകൂടം വ്യക്തമാക്കുന്നത്.