ന്യൂഡല്‍ഹി : അമേരിക്ക നാടുകടത്തിയ ഇന്ത്യക്കാരെ കൊണ്ടുവന്നത് കൈയ്യിലും കാലിലും വിലങ്ങിട്ട്. അമൃത്സറില് ഇറങ്ങുന്നതുവരെ വിലങ്ങിട്ടാണ് അമേരിക്ക ഇന്ത്യക്കാരെ നാടുകടത്തിയതെന്ന് വെളിപ്പെടുത്തല്‍. കൈയ്യില്‍ വിലങ്ങും കാലില്‍ ചങ്ങലയും ഇട്ടാണ് കൊണ്ടുവന്നതെന്നും അമൃത്സറില് എത്തിയ ശേഷമാണ് വിലങ്ങ് അഴിച്ചതെന്നും മടങ്ങിയെത്തിയ ഇന്ത്യക്കാരന് വെളിപ്പെടുത്തി.
വിലങ്ങു വച്ചതായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച ചിത്രങ്ങള്‍ ഇന്ത്യക്കാരുടേതല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നതിനിടെയാണ് യു എസ് സൈനിക വിമാനത്തില്‍ നാട്ടില്‍ തിരിച്ചെത്തിയ ജസ്പാല്‍ സിങിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.
അമേരിക്കയില്‍ നിന്ന് നാടുകടത്തപ്പെട്ടവരില്‍ ഒരാളാണ് പഞ്ചാബിലെ ഗുരുദാസ്പൂരില്‍ നിന്നുള്ള 36കാരനായ ജസ്പാല്‍ സിങ്. 19 സ്ത്രീകളും 13 പ്രായപൂര്‍ത്തിയാകാത്തവരും ഉള്‍പ്പെടെ 104 ഇന്ത്യക്കാരുമായാണ് യു എസ് സൈനിക വിമാനം ബുധനാഴ്ച അമൃത്സറില് ഇറങ്ങിയത്.
ട്രംപിന്റെ ഇത്തരം നീക്കങ്ങളെ ഇന്ത്യ വകവച്ചു കൊടുക്കരുതെന്ന ആവശ്യം ശക്തമായിട്ടുണ്ട്. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ നോട്ടീസ് നല്‍കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.