കൊച്ചി: ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിൻറെ വിദ്യാഭ്യാസ സംവരണം-സംസ്ഥാന പിന്നാക്ക വിഭാഗ വികസന വകുപ്പിനോട് പരിഗണിക്കാൻ ഹൈക്കോടതി ഉത്തരവ്.
നിലവിൽ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ, ആംഗ്ലോ ഇന്ത്യൻ സമുദായത്തിന് സംവരണം ലഭിക്കുന്നില്ല. ഇക്കാര്യം ചൂണ്ടി കാണിച്ച് ഫോർട്ട് കൊച്ചി സ്വദേശിയും അഭിഭാഷകനുമായ നിൽട്ടൺ റിമലോ നൽകിയ ഹർജിയിൽ ഇക്കാര്യം ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ പരിഗണിക്കാൻ കേരള ഹൈക്കോടതി 2024 മാർച്ച് മാസത്തിൽ നിർദ്ദേശിച്ചിരുന്നു.
വകുപ്പുതരത്തിൽ അനുകൂല നിലപാട് ഉണ്ടായെങ്കിലും തുടർ നടപടികൾക്കായി കേരള പിന്നാക്ക വികസന വകുപ്പിലേക്ക് പരാതി കൈമാറി. പിന്നീട് തുടർനടപടികൾക്കായി കാലതാമസം ഉണ്ടായതിനെ തുടർന്നാണ് ഹർജിക്കാരൻ വീണ്ടും കോടതിയെ സമീപിച്ചത്.
വിദ്യാഭ്യാസ സംവരണം സംബന്ധിച്ച നടപടികൾ നിലവിലുള്ള സർക്കാർ ഉത്തരവുകൾ പരിഗണിച്ച് എത്രയും വേഗം പൂർത്തിയാക്കണമെന്ന് നിർദ്ദേശിച്ചു കേരള ഹൈക്കോടതി ഉത്തരവിറക്കി. ഹർജിക്കാരന് വേണ്ടി അഭിഭാഷകരായ ഷെറി ജെ തോമസ്, പി.ജെ ഉണ്ണികൃഷ്ണൻ, റെനീഷ് രവീന്ദ്രൻ, ജോമോൻ ആന്റണി, ലിജീഷ് സേവിയർ , അഞ്ജന പി വി എന്നിവർ ഹാജരായി.