കെ.ജെ സാബു
കുടിയേറ്റങ്ങളുടെ ചരിത്ര ഭൂമിയാണ് അമേരിക്ക. പതിനായിരം മുതല്‍ നാല്പതിനായിരം വരെ വര്‍ഷങ്ങള്‍ക്കു മുന്‍പ് തുടങ്ങിയതാണ് ഈ കുടിയേറ്റ ചരിത്രം. ഏഷ്യയില്‍ നിന്നാണ് ബെറിംഗ് കടലിടുക്ക് വഴി അമേരിക്കയിലേക്ക് ആദിമനിവാസികള്‍ ‘റെഡ് ഇന്ത്യക്കാര്‍’ കുടിയേറിയത്. തുടര്‍ന്ന് ആയിരക്കണക്കിന് വര്‍ഷം ഇതര മനുഷ്യസമൂഹങ്ങള്‍ അമേരിക്കയിലേക്ക് കുടിയേറിപ്പാര്‍ത്തു. പല രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റത്തിന്റെ ഫലമായി ലോകത്ത് ഏറ്റവും അധികം സാംസ്കാരികവൈവിധ്യമുള്ള രാജ്യവുമാണ് ഇന്ന് അമേരിക്കന്‍ ഐക്യനാടുകള്‍. അമേരിക്കന്‍ ഐക്യനാടുകള്‍ മറ്റു രാജ്യങ്ങളില്‍ നിന്ന് അടിസ്ഥാന ഗുണങ്ങള്‍ വച്ചുനോക്കിയാല്‍ വ്യത്യസ്തമാണ് എന്ന സിദ്ധാന്തമാണ് അമേരിക്കന്‍ എക്സപ്ഷണലിസം അല്ലെങ്കില്‍ അമേരിക്കയുടെ വ്യതിരിക്തത എന്നറിയപ്പെടുന്നത്. സ്വാതന്ത്ര്യം, തുല്യത, വ്യക്തിത്വം, ജനപക്ഷചിന്ത, ഭരണകൂടത്തിന്റെ കൂച്ചുവിലങ്ങില്ലാത്ത സ്വകാര്യ ഇടപാടുകള്‍ക്കുള്ള അനുമതി മുതലായ, അമേരിക്കയുടേതു മാത്രമായ വിശ്വാസപ്രമാണങ്ങള്‍ (അമേരിക്കനിസം) എന്നതും അമേരിക്കയുടെ വ്യത്യസ്തതയുടെ കാരണമായി പറയപ്പെടുന്നു. ഈ വിശ്വാസപ്രമാണങ്ങളെത്തന്നെയാണ് പുതിയ നേതാവ് ചോദ്യം ചെയ്യുന്നതെന്നതാണ് ചരിത്രത്തിന്റെ വ്യതിരിക്തത.
‘അനധികൃത’ കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ ബേ തടവറയില്‍ പാര്‍പ്പിക്കാനുള്ള എക്സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവയ്ക്കാനൊരുങ്ങുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 30,000 ആളുകളെ പാര്‍പ്പിക്കാനുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. അനധികൃത കുടിയേറ്റക്കാരെ മോശം ക്രിമിനല്‍ (വോസ്റ്റ് ക്രിമനല്‍) എന്നാണ് ട്രംപ് അഭിസംബോധന ചെയ്യുന്നത്. ട്രംപിന്റെ എക്സിക്യൂട്ടീവ് ഓര്‍ഡര്‍ ഓണ്‍ ബെര്ത്തറൈറ്റ് സിറ്റിസണ്‍ഷിപ്പ് നടപ്പിലായാല്‍ ഏതാണ്ട് ഒരു കോടി പത്തുലക്ഷം ആളുകള്‍ നാടുകടത്തിലിന് വിധേയരാക്കാന്‍ സാധ്യതയുണ്ട് എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ ദിവസം വൈറ്റ് ഹൗസില്‍ നടന്ന പരിപാടിയിലാണ് മേല്പറഞ്ഞ പ്രഖ്യാപനം. അമേരിക്കന്‍ ജനതക്ക് ഭീഷണിയാകുന്ന അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ ബേ തടവറയില്‍ അടക്കും. എല്ലാ രാജ്യക്കാരെയും വിശ്വസിക്കാന്‍ കഴിയില്ല. അത്തരം ജനത അമേരിക്കയിലേക്ക് തിരികെ എത്തണമെന്ന് തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് ട്രംപിന്റെ നിലപാട്. ക്രിമിനല്‍ റെക്കോഡുള്ളവരെയടക്കം നാടുകടത്താനുള്ള നീക്കം ഇതിനകം തന്നെ ട്രംപ് ആരംഭിച്ചിരുന്നു.
നേരത്തെ അനധികൃത കുടിയേറ്റക്കാരുടെ പേരില്‍ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളായ മെകിസിക്കോയും കൊളംബിയയുമായും ട്രംപ് കൊമ്പ് കോര്‍ത്തിരുന്നു. കൊളംബിയന്‍ പൗരന്മാരായ അനധികൃത കുടിയേറ്റക്കാരുമായി യുഎസില്‍ നിന്ന് വന്ന രണ്ട് സൈനിക വിമാനങ്ങള്‍ക്ക് കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ അനുമതി നിഷേധിച്ചതാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. കുടിയേറ്റക്കാരെ സൈനിക വിമാനങ്ങളില്‍ തിരിച്ചയക്കുന്നതും അവരെ യുഎസ് ക്രിമിനലുകളെ പോലെ പരിഗണിക്കുന്നതും അംഗീകരിക്കില്ലെന്ന് പെട്രോ വിമര്‍ശിച്ചിരുന്നു. നിലവിലെ ട്രംപിന്റെ നീക്കം ലോക രാജ്യങ്ങള്‍ക്കിടയില്‍ വീണ്ടും ആശങ്കയുണ്ടാക്കിക്കഴിഞ്ഞു. എന്തെന്നാല്‍ ലോകത്തിലെ കുപ്രസിദ്ധമായ തടവറകളിലൊന്നാണിത്.
കൊടുംകുറ്റവാളികളെ താമസിപ്പിക്കുന്നിടം.. ക്യൂബയുടെ തെക്കുകിഴക്കന്‍ അതിര്‍ത്തിയിലുള്ള ഉള്‍ക്കടലിനുള്ളിലെ ദ്വീപില്‍ സ്ഥിതി ചെയ്യുന്ന ഈ തടവറ, 1991ല്‍ ഹെയ്തി കലാപകാരികളെ തടവിലിടാന്‍ വേണ്ടി അമേരിക്ക സ്ഥാപിച്ചതാണ്. കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഇവിടെ നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൗതുകകരമായ ഒരുകാര്യം എന്തെന്നാല്‍, ഡൊണാള്‍ഡ് ട്രംപിന്റെ മുത്തച്ഛന് ഫ്രഡറിക് ട്രംപ് ജര്‍മ്മനിയില്‍ നിന്നും 1885 ല്‍ അമേരിക്കയിലേയ്ക് കുടിയേറിയ ആളാണ്. അമ്മ മേരി ആന്‍ മെക്ലോഡ് ആകട്ടെ 1930ല്‍ സ്കോട്ട്ലന്‍ഡില്‍ നിന്നും ആണ് കുടിയേറിയത്. ഫ്രഡറിക് ട്രംപിന്റെ മകന് ഫ്രെഡ് ട്രംപിന്റെയും മേരി ആന്‍ മെക്ലോഡിന്റെയും നാലാമത്തെ പുത്രനാണ് ഡൊണാള്‍ഡ് ട്രംപ്. അദ്ദേഹത്തിന്റെ മൂന്നു ഭാര്യമാരില്‍ രണ്ട് പേരും കുടിയേറ്റക്കാരാണ്. ആദ്യ ഭാര്യ ഇവാനയ്ക്ക് ഗ്രീന്‍ കാര്‍ഡിനുള്ള യോഗ്യത കിട്ടിയത് അമേരിക്കന്‍ പൗരനായ ട്രംപിനെ വിവാഹം കഴിച്ചത് വഴിയാണ്. അവര്‍ 1988 ല്‍ ആണ് അമേരിക്കന്‍ പൗരത്വം നേടിയത്. ഇപ്പോഴത്തെ ഭാര്യ മെലാനിയ 1996 ല്‍ ബി1/ ബി2 ടു സന്ദര്‍ശക വിസയ്ക്കാണ് അമേരിക്കയില്‍ എത്തിയത്, അതിനു ശേഷം EB -1 visa ഇബി-1 വിസ കിട്ടി. ട്രംപുമായുള്ള വിവാഹത്തിനു ശേഷമാണ് സിറ്റിസണ്‍ഷിപ്പ് കിട്ടിയത്. മെലാനിയ 2006ല്‍ അമേരിക്കന്‍ പൗരത്വത്തിനര്ഹയായി.
ഇന്ത്യയുടെ കാഴ്ചപ്പാടില്‍ നാം ഈ വിഷയം അപഗ്രഥിക്കുമ്പോള്‍ കേരളത്തില്‍ നിന്നുള്‍പ്പെടെ ഇന്ത്യയിലെ യുവജനങ്ങള്‍ അമേരിക്കയിലേക്കും മറ്റ് സമ്പന്ന രാജ്യങ്ങളിലേക്കും ഏതുവിധേനയും കുടിയേറാന്‍ വെമ്പുന്ന കാലമാണിത്. അതിന് രണ്ട് കാരണങ്ങളാണുള്ളത്.
ഒരാള്‍ ജനിച്ച രാജ്യം ഉപേക്ഷിക്കേണ്ടിവരുന്ന സാഹചര്യങ്ങളാണ് ആദ്യത്തേത്. അതിന് പുഷ് ഫാക്ടേഴ്സ് എന്നാണ് പറയുന്നത്. അതുപോലെ കുടിയേറ്റത്തിനു ഒരു പ്രത്യേക രാജ്യം തിരഞ്ഞെടുക്കാനുള്ള കാരണങ്ങളാണ് രണ്ടാമത്തേത്. ഇതിനെ പുള്‍ ഫാക്ടേഴ്സ് എന്നാണ് പറയുന്നത്. ഇന്ത്യയില്‍ ഉള്‍പ്പടെ ലോകത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് ഇതില്‍ ഏതെങ്കിലും ഒരു ഫാക്ടര്‍ നിലനില്‍ക്കുന്നിടത്തോളം കാലം കുടിയേറ്റം നടക്കുക തന്നെ ചെയ്യും എന്നതാണ് യാഥാര്‍ഥ്യം. അതുതന്നെയാണ് ലോക ചരിത്രം.
നമ്മള് ബസ്സില്‍ കയറിയാല്‍, ഇരിക്കാനൊരു സീറ്റ് കിട്ടിയാല്‍ പിന്നെ ആ ബസ് ഒരു സ്റ്റോപ്പിലും നിര്‍ത്തരുത്, ആളെക്കയറ്റരുത് എന്ന നമ്മുടെ പൊതുമനോഭാവം പോലെ തന്നെയാണ് ട്രംപിന്റേയും എന്നാണ് മനസ്സിലാക്കാനാവുന്നത്. എല്ലാ രീതിയിലും ഒരു കുടിയേറ്റ കുടുംബത്തില്‍ പിറന്ന അദ്ദേഹം കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്നില്ല.
ചില വെളിവില്ലാത്ത ഭരണകര്‍ത്താക്കള്‍ മൂലം രാജ്യം നൂറ്റാണ്ടുകള്‍ പിന്നിലേയ്ക്ക് പോകും. അതിന്റെ ഉത്തമ ഉദാഹരണമാണ് ട്രംപ് കെട്ടിപ്പൊക്കുന്ന അമേരിക്ക.