പിന്തുടര്ച്ചാവകാശമുള്ള സഹായമെത്രാനായി ഇക്കഴിഞ്ഞ വ്യാഴാഴ്ച ചുമതലയേറ്റ ഡോ. ജോണ്‍ റോഡ്രിഗ്സ് സ്വാഭാവികമായി ആര്‍ച്ച്ബിഷപ്പായി സ്ഥാനമേല്ക്കുന്നതായി കര്‍ദിനാള്‍ ഗ്രേഷ്യസ് അറിയിച്ചു.
മുംബൈ: കര്‍ദിനാള്‍ ഓസ് വാള്‍ഡ് ഗ്രേഷ്യസ് (80) ബോംബെ മെത്രാപ്പോലീത്താ പദത്തില്‍ നിന്നു വിരമിച്ചു. അഞ്ചുവര്‍ഷം മുന്‍പ് താന്‍ സമര്‍പ്പിച്ച രാജി ഫ്രാന്‍സിസ് പാപ്പാ ശനിയാഴ്ച സ്വീകരിച്ചതിനെ തുടര്‍ന്ന് താന്‍ സ്ഥാനമൊഴിയുകയാണെന്ന് കര്‍ദിനാള്‍ ഗ്രേഷ്യസ് അറിയിച്ചു. പിന്തുടര്ച്ചാവകാശമുള്ള മെത്രാനായി ഇക്കഴിഞ്ഞ വ്യാഴാഴ്ച സ്ഥാനമേറ്റ ഡോ. ജോണ്‍ റോഡ്രിഗ്സ് സ്വാഭാവികമായി മെത്രാപ്പോലീത്തയുടെ ചുമതല ഏറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കഴിഞ്ഞ നവംബര്‍ 30നാണ് ഫ്രാന്‍സിസ് പാപ്പാ, പുണെ മെത്രാനായിരുന്ന ജോണ്‍ റോഡ്രിഗ്സിനെ തന്റെ മാതൃ അതിരൂപതയായ ബോംബെയുടെ കോദ്യുത്തോര് ബിഷപ്പായി നിയമിച്ചത്. അടുത്ത ഫെബ്രുവരി 11ന് കൊളാബയിലെ ഹോളി നെയിം കത്തീഡ്രലിലെ തിരുകര്‍മങ്ങളില്‍ ആര്‍ച്ച്ബിഷപ് റോഡ്രിഗ്സിന്റെ ഔപചാരിക സ്ഥാനാരോഹണം നടക്കുമെന്നും കര്‍ദിനാള്‍ ഗ്രേഷ്യസ് അറിയിച്ചു.
ബോംബെ അതിരൂപതയില്‍ സഹായമെത്രാനായി 1997 ജൂണില്‍ നിയമിക്കപ്പെട്ട ഓസ് വാള്‍ഡ് ഗ്രേഷ്യസ് 2000 സെപ്റ്റംബറില്‍ ആഗ്ര ആര്‍ച്ച്ബിഷപ്പായി നിയമിതനായി. തുടര്‍ന്ന് 2006 ഒക് ടോബറിലാണ് ബോംബെ ആര്ച്ച്ബിഷപ്പായത്. ബെനഡിക്റ്റ് പതിനാറാമന്‍ പാപ്പാ 2007 നവംബറിലാണ് അദ്ദേഹത്തെ കര്‍ദിനാള്‍ പദത്തിലേക്ക് ഉയര്‍ത്തിയത്.
സാര്‍വത്രികസഭയിലെ കര്‍ദിനാള്‍മാരുടെ സംഘത്തില്‍ നിന്ന് സഭാഭരണകാര്യങ്ങളില്‍ ഫ്രാന്‍സിസ് പാപ്പായുടെ മുഖ്യ ഉപദേഷ്ടാക്കളായി 2013 ഏപ്രില്‍ മാസം നിയമിതരായ ഒന്‍പതംഗ രാജ്യാന്തര സമിതിയില്‍ (സി-9 എന്നാണ് ഇത് അറിയപ്പെടുന്നത്) അംഗമായ കര്‍ദിനാള്‍ ഗ്രേഷ്യസ്, റോമന്‍ കൂരിയാ പരിഷ്കരണത്തിനായുള്ള ‘പാസ്തൊര് ബോനുസ്’ അപ്പസ്തോലിക ഭരണഘടന പരിഷ്കരണത്തില്‍ പങ്കുവഹിച്ചു. 2022 മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച പ്രെദിക്കാത്തെ എവാംഗേലിയും എന്ന പുതിയ അപ്പസ്തോലിക ഭരണഘടനയുടെ അടിസ്ഥാനത്തില്‍ ഫ്രാന്‍സിസ് പാപ്പാ റോമന്‍ കൂരിയാ കാര്യാലയങ്ങളില്‍ സമഗ്രമായ നവീകരണം നടത്തുകയുണ്ടായി.
ഇന്ത്യയിലെ മൂന്നു കത്തോലിക്കാ വ്യക്തിസഭകളുടെയും ദേശീയ പൊതുസമിതിയായ സിബിസിഐയുടെയും, രാജ്യത്തെ റോമന്‍ കത്തോലിക്കാ മെത്രാന്മാരുടെ ദേശീയ കാനോനിക സമിതിയായ സിസിബിഐയുടെയും അധ്യക്ഷനായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച കര്‍ദിനാള്‍ ഗ്രേഷ്യസ് 2011-2018 കാലയളവില്‍ ഏഷ്യയിലെ കത്തോലിക്കാ മെത്രാന് സമിതികളുടെ ഫെഡറേഷന് പ്രസിഡന്റായും സേവനം ചെയ്തു. കത്തോലിക്കാ വിദ്യാഭ്യാസത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിലും ലെജിസ്ലറ്റീവ് ടെക്സ്റ്റുകള്ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിലും അംഗമായിരുന്ന അദ്ദേഹത്തിന് ഫ്രാന്‍സിസ് പാപ്പാ 2017 ഫെബ്രുവരിയില്‍ റോമന്‍ റോട്ടയുടെ അഭിഭാഷകന് എന്ന ബഹുമതിയും സമ്മാനിച്ചു.
അന്പത്തേഴുകാരനായ ആര്‍ച്ച്ബിഷപ് റോഡ്രിഗ്സ് 2013 ജൂണില്‍ ബോംബെ അതിരൂപതയില്‍ കര്‍ദിനാള്‍ ഗ്രേഷ്യസിന്റെ സഹായമെത്രാനായി അഭിഷിക്തനായതാണ്. പത്തുവര്‍ഷം ബോംബെയില്‍ സഹായമെത്രാനായി ശുശ്രൂഷ ചെയ്തതിനെ തുടര്‍ന്ന് 2023 മാര്‍ച്ചില്‍ അദ്ദേഹത്തെ പുണെ മെത്രാനായി ഫ്രാന്‍സിസ് പാപ്പാ നിയമിച്ചു. ‘ക്രിസ്തുവിന്റെ ഗാത്രം കെട്ടിപ്പടുക്കുക’ എന്നതാണ് അദ്ദേഹത്തിന്റെ എപ്പിസ്കോപ്പല്‍ പ്രമാണവാക്യം.
ബോംബെയില്‍ അധ്യാപികയായിരുന്ന കൊറീന് റോഡ്രിഗ്സ് എന്ന വിധവയുടെ മൂന്ന് ആണ്മക്കളില് ഒരാളാണ് ആര്‍ച്ച്ബിഷപ് ജോണ്‍ റോഡ്രിഗ്സ്. മൂന്നു മക്കളും പൗരോഹിത്യം സ്വീകരിച്ചു: ആര്‍ച്ച്ബിഷപ് റോഡ്രിഗ്സിന്റെ ജ്യേഷ്ഠന് ഫാ. ലൂക്ക് ഈശോസഭാംഗമാണ്, മറ്റൊരു സഹോദരന് ഫാ. സാവിയോ ബോംബെ അതിരൂപതാ വൈദികനും. ‘ഹോപ് ആന്‍ഡ് ലൈഫ് മൂവ്മെന്റ്’ എന്ന പേരില്‍ വിധവകള്‍ക്കായി അതിരൂപതയില്‍ ഒരു പ്രസ്ഥാനം സംഘടിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച അമ്മ കൊറീന് റോഡ്രിഗ്സ് രണ്ടായിരാമാണ്ടില്‍ അന്തരിച്ചു.