ജെക്കോബി
മലപ്പുറത്ത് കരിമ്പുഴ നാഷണല്‍ പാര്‍ക്കിലെ ഉള്‍വനത്തില്‍ കരുളായി മാഞ്ചീരി പൂച്ചപ്പാറ ചോലനായ്ക്കര്‍ കോളനിയിലെ മുപ്പത്തഞ്ചുകാരനായ ആദിവാസി യുവാവ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ദാരുണ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധപ്രകടനം നടത്തിയ നിലമ്പൂരിലെ സ്വതന്ത്ര എംഎല്‍എ പി.വി. അന്‍വറിന്റെ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡിഎംകെ) പ്രവര്‍ത്തകര്‍ നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷന് ഫോറസ്റ്റ് ഓഫിസില്‍ അതിക്രമിച്ചുകയറി ഫര്‍ണിച്ചറും ലൈറ്റുകളും നശിപ്പിച്ചു എന്നതിന് വന്‍ സന്നാഹങ്ങളോടെ പൊലീസ് എംഎല്‍എയുടെ വീടുവളഞ്ഞ് പാതിരായ്ക്ക് അദ്ദേഹത്തെ ജാമ്യമില്ലാ വകുപ്പില്‍ അറസ്റ്റു ചെയ്ത് 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തെങ്കിലും പിറ്റേന്നുതന്നെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ജാമ്യം അനുവദിച്ച് അദ്ദേഹത്തെ തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മോചിപ്പിച്ചതോടെ അന്‍വറിന്റെ പിണറായി വിരുദ്ധ മുന്നേറ്റവും രാഷ്ട്രീയ പ്രതിച്ഛായയും പുതിയൊരു മാനം കൈവരിക്കുകയാണ്. ആദിവാസികള്‍ക്കും മലയോര ജനതയ്ക്കും വേണ്ടി പോരാടുന്ന ധീരനായകനെന്ന പരികല്പനയിലൂടെ അന്‍വറിന്റെ മുന്നണിമാറ്റ പദ്ധതിക്ക് യുക്തിസംഗതമായൊരു സ്വീകാര്യതയും അടിയന്തര പ്രാധാന്യവും വന്നണയുന്നു.
കേരള വനം നിയമം (1961) പരിഷ്കരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഇക്കഴിഞ്ഞ നവംബറില്‍ ഇറക്കിയ നിയമഭേദഗതി ബില്ല് (2024) കരട് വിജ്ഞാപനത്തിലെ ചില ‘എക്സ്ട്രാ ജുഡീഷ്യല്‍’ വ്യവസ്ഥകള്‍ പ്രകാരം വനം വകുപ്പുകാരാണ് തന്നെ കസ്റ്റഡിയിലെടുത്തിരുന്നതെങ്കില്‍ തനിക്ക് അനുഭവിക്കേണ്ടിവരുമായിരുന്ന പങ്കപ്പാടുകളെക്കുറിച്ചാണ് ജയിലില്‍ നിന്ന് ഇറങ്ങിയപ്പോള്‍ മുതല്‍ അന്‍വര്‍ സംസാരിക്കുന്നത്. ഫോറസ്റ്റ് നിയമഭേദഗതി ബില്ലിനെക്കുറിച്ചുള്ള പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാനുള്ള സമയം സര്‍ക്കാര്‍ ജനുവരി പത്തുവരെ നീട്ടിയിരിക്കെ, കേരളത്തില്‍ പശ്ചിമഘട്ട വനാതിര്‍ത്തിയോടു ചേര്‍ന്നുകിടക്കുന്ന 430 ഗ്രാമപഞ്ചായത്തുകളെയും 1.30 കോടി ജനങ്ങളെയും ബാധിക്കുന്ന ഈ നിയമഭേദഗതിയുടെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഇടതുമുന്നണിയുടെ കര്‍ഷകവിരുദ്ധ, ജനദ്രോഹ നയങ്ങള്‍ക്കെതിരായ മലയോര ജനതയുടെ ജനകീയ പ്രക്ഷോഭം ശക്തമാക്കുന്നതിന് മുസ് ലിം ലീഗ് വഴി യുഡിഎഫിനോട് അണിചേരാന്‍ ഒരുങ്ങുകയാണ് അന്‍വറിന്റെ ഡിഎംകെ.
കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കുകയും അടുത്ത നിയമസഭാ സമ്മേളനത്തില്‍ അത് അവതരിപ്പിക്കാന്‍ നിശ്ചയിക്കുകയും ചെയ്തെങ്കിലും ഭരണമുന്നണിയിലെ മൂന്നാമത്തെ വലിയ കക്ഷിയായ കേരള കോണ്‍ഗ്രസ് (എം), വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാരം നല്കുന്ന നിയമഭേദഗതി കര്ഷകവിരുദ്ധമാകയാല് അതു മരവിപ്പിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത് കുടിയേറ്റകര്‍ഷകരുടെയും മലയോര ജനസമൂഹത്തിന്റെയും അതിശക്തമായ എതിര്‍പ്പും ആശങ്കകളും ഉള്‍ക്കൊണ്ടിട്ടാണ്. മന്ത്രിസഭയില്‍ ആ പാര്‍ട്ടിയുടെ പ്രതിനിധിയുണ്ടായിട്ടും പ്രതികരിച്ചില്ലല്ലോ എന്ന് ആദ്യം പരിഹസിച്ച വനംമന്ത്രി എ.കെ. ശശീന്ദ്രന്, ജനഹിതം ആരായുന്നതിനുള്ള കരടു മാത്രമാണിതെന്നും ജനങ്ങളുടെ അഭിപ്രായങ്ങള്‍ സമാഹരിച്ച് നിയമസഭയുടെ സബ്ജക്റ്റ് കമ്മിറ്റി വിശദമായി വിലയിരുത്തിയശേഷമേ അത് സഭയില്‍ ചര്‍ച്ചയ്ക്കായി അവതരിപ്പിക്കൂ എന്നുമുള്ള വിശദീകരണവുമായി പിന്നീട് രംഗത്തുവന്നു. സിപിഎം ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റും, സിപിഐ നയിക്കുന്ന അഖിലേന്ത്യാ കിസാന്‍ സഭയും കരട് ബില്ല് തികച്ചും ജനദ്രോഹകരമാണെന്ന് വെട്ടിത്തുറന്നുപറഞ്ഞു.
കാലാവസ്ഥാവ്യതിയാനത്തിന്റെയും പ്രകൃതിക്ഷോഭങ്ങളുടെയും ദുരന്താഘാതങ്ങളും കെടുതികളും കടബാധ്യതകളും കാര്‍ഷികവിപണിയിലെ പ്രതിസന്ധികളും സൃഷ്ടിക്കുന്ന അതിജീവനപ്രശ്നങ്ങളുമായി മല്ലിടുന്ന കര്‍ഷകരെ വന്യജീവിസംരക്ഷണ നിയമത്തിന്റെ പേരിലുള്ള ബഫര്‍ സോണ്‍, നിര്‍മാണ നിയന്ത്രണ വ്യവസ്ഥകളില്‍ കുടുക്കി പിന്നെയും ദ്രോഹിക്കുകയല്ലാതെ, ജനവാസകേന്ദ്രങ്ങളില്‍ നിരന്തരം മനുഷ്യജീവനും വളര്‍ത്തുമൃഗങ്ങള്‍ക്കും ഭീഷണിയാവുകയും വ്യാപകമായി വിളകള്‍ നശിപ്പിക്കുകയും ചെയ്യുന്ന വന്യജീവികളുടെ കടന്നാക്രമണങ്ങള്‍ തടയുന്നതിന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്ത സംസ്ഥാന ഭരണകൂടം വനസ്രോതസുകളുടെ പരിപാലനത്തിനും സുസ്ഥിര മാനേജ്മെന്റിനുമായി ഇത്ര തിടുക്കത്തില്‍ നിയമഭേദഗതി ബില്ല് കൊണ്ടുവരുന്നത് എന്തിനാണ്? മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന് അതില്‍ കാര്യമായൊന്നും പറയുന്നില്ല. അതേസമയം, സംശയത്തിന്റെ പേരില്‍ വാറന്റില്ലാതെ ആരെയും എവിടെ വച്ചും വനം വകുപ്പിലെ ഏറ്റവും താഴെത്തട്ടിലുള്ള ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ക്ക് അറസ്റ്റു ചെയ്യാമെന്നും ഫോറസ്റ്റ് സ്റ്റേഷനില്‍ തടഞ്ഞുവയ്ക്കാമെന്നും ഈ ബില്ല് വ്യവസ്ഥ ചെയ്യുന്നു. വനം വകുപ്പിന് പൊലീസിന്റെ അധികാരം അമിതമായി നല്കുന്നു എന്നതാണ് ഈ ബില്ലിന്റെ ഒരു സവിശേഷത.
വനത്തില്‍ നിന്ന് സംശയത്തിന്റെ പേരില്‍ ആരെയും പിടികൂടാന്‍ ഡിഎഫ്ഒമാര്‍ക്കാണ് അധികാരമുണ്ടായിരുന്നത്. കാട്ടില്‍ വിറകുപെറുക്കാന്‍ കയറുന്നവരെയും കന്നുകാലിയെ മേയ്ക്കുന്നവരെയും കാട്ടരുവിയില്‍ കുളിക്കാനിറങ്ങുന്നവരെയും മീന്‍പിടിക്കുന്നവരെയും ഇനി ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ക്ക് കസ്റ്റഡിയിലെടുക്കാം. വനമേഖലയിലൂടെ നടക്കുന്നതു ക്രിമിനല്‍ കുറ്റമാകും, 25,000 രൂപ വരെ പിഴശിക്ഷ ലഭിക്കാം. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്നാരോപിച്ച് സെക് ഷന് ഫോറസ്റ്റ് ഓഫിസര്‍ക്ക് ആരെ വേണമെങ്കിലും അറസ്റ്റു ചെയ്യാം. വന്യജീവി ആക്രമണമുണ്ടാകുമ്പോഴും മറ്റും വനംവകുപ്പ് ഓഫിസുകള്‍ക്കു മുന്നില്‍ പ്രതിഷേധിക്കുന്നവരെ മജിസ്ട്രേട്ടിന്റെ ഉത്തരവും വാറന്റുമില്ലാതെ അറസ്റ്റു ചെയ്യാനും തടങ്കലില്‍ വയ്ക്കാനും കഴിയും. ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ക്ക് ഏതു വാഹനവും തടഞ്ഞുനിര്‍ത്താം, ഏതു ലഗേജും തുറന്ന് പരിശോധിക്കാം; ഏതു പുരയിടത്തിലും കെട്ടിടത്തിലും സ്ഥലത്തും വാഹനത്തിലും യാനത്തിലും കയറി റെയ്ഡ് നടത്താം. ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍, ട്രൈബല്‍ വാച്ചര്‍, ഫോറസ്റ്റ് വാച്ചര്‍ എന്നീ വിഭാഗക്കാരെയും ഫോറസ്റ്റ് ഓഫിസര്‍ എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തി അവര്‍ക്ക് വനമേഖലയ്ക്കു പുറത്തുകടന്നും ജുഡീഷ്യല്‍ മേല്‍നോട്ടമില്ലാതെ പൊലീസിന്റെ അധികാരങ്ങള്‍ എടുത്തു പ്രയോഗിക്കാമെന്നു വരുന്നു. സാധാരണഗതിയില്‍ താത്കാലിക നിയമനക്കാരാണിവര്. ഏതെങ്കിലും രാഷ്ട്രീയ കക്ഷിയുടെ സ്വാധീനത്താല്‍ ജോലിയില്‍ കയറിപ്പറ്റുന്നവരാകും അധികവും. അവര്‍ക്ക് കുറച്ചേറെ അധികാരം ലഭിച്ചാല്‍ അവര്‍ ജനങ്ങളെ ഏതെല്ലാം തരത്തില്‍ സേവിക്കും!
ഏതെങ്കിലും വനോത്പന്നം – തടിയോ മരത്തൊലിയോ തേനോ എന്തായാലും – ആരെങ്കിലും കൈവശം വച്ചാല്‍ അത് അനധികൃതമാണെന്ന് നിര്‍ണയിച്ച് കസ്റ്റഡിയിലെടുക്കാം. അത് നിയമവിരുദ്ധമല്ലെന്നു തെളിയിക്കാനുള്ള ബാധ്യത സാധനം കൈവശം വച്ചയാള്ക്കാണ്. വീട്ടുവളപ്പില്‍ നിന്ന് ആരെങ്കിലും മരംവെട്ടി വില്ക്കാന് കൊണ്ടുപോയാല്‍ വനോത്പന്നമാണെന്ന് സാക്ഷ്യപ്പെടുത്താന്‍ റേഞ്ച് ഓഫിസര്‍ക്ക് അധികാരമുണ്ട്. ആ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ മൂന്നുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം.
വിഷമയമായ വ്യാവസായിക മാലിന്യങ്ങളും പാഴ് വസ്തുക്കളും പരിസ്ഥിതിക്കും വന്യജീവികള്‍ക്കും ദോഷകരമായ വസ്തുക്കളും വനമേഖലയില്‍ തള്ളുന്നതും, മീന്‍പിടിക്കാനായി വനത്തിലെ നദികളിലും ജലാശയങ്ങളിലും വിഷം കലര്‍ത്തുന്നതും സ്ഫോടകവസ്തുക്കള്‍ ഉപയോഗിക്കുന്നതും വൈദ്യുതാഘാതം ഏല്പിക്കുന്നതും വലിയ കുറ്റകൃത്യങ്ങളായി നിര്വചിക്കപ്പെടുന്നുണ്ട്. വനത്തിലൂടെ ഒഴുകുന്ന പുഴ മാത്രമല്ല, ജനവാസകേന്ദ്രങ്ങളിലൂടെ വനത്തിലേക്ക് ഒഴുകിയെത്തുന്ന പുഴയും പുതിയ നിയമഭേദഗതിയില്‍ വനം വകുപ്പിന്റെ കീഴിലാണ്. അനധികൃതമായി മീന്പിടിച്ചതിനും മുങ്ങിക്കുളിച്ചതിനും ജലമലിനീകരണത്തിന്റെ പേരിലും മറ്റും പുഴയുടെ ഏതുഭാഗത്തുവച്ചും ഫോറസ്റ്റുകാര്‍ക്ക് ആരെയും പിടികൂടാനാകും. ജലസ്രോതസുകളുടെ നിയന്ത്രണം വനം വകുപ്പിന്റെ കൈകളിലാകുന്നത് കുടിവെള്ള പദ്ധതികളെ പോലും ബാധിക്കും.
പെറ്റി കേസുകള്‍ക്ക് 1,000 രൂപയാണ് ഇപ്പോഴത്തെ പിഴയെങ്കില്‍ ഇനി 25,000 രൂപ വരെ ഈടാക്കും. കാട്ടില്‍ അനധികൃതമായി കടക്കുന്നതും മരംമുറിക്കുന്നതും വേട്ടയാടുന്നതും വന ഉത്പന്നങ്ങള്‍ അനധികൃതമായി കൈവശം വയ്ക്കുന്നതും കന്നുകാലികളെ മേയ്ക്കുന്നതും മൈനുകള്‍ ഇടുന്നതും കാട്ടില്‍ തീവയ്ക്കുന്നതുമായി ബന്ധപ്പെട്ട കേസുകളില്‍ ശിക്ഷ ഒരു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷം വരെ തടവാണ്, പിഴ 5,000 മുതല്‍ 25,000 രൂപ വരെയും. ഇതിനു പുറമെ നഷ്ടപരിഹാരത്തിനും കോടതിക്ക് ഉത്തരവിടാം. കാട്ടില്‍ നിന്നു ചന്ദനം കടത്തുന്നതിന് ഏഴു വര്‍ഷം വരെ തടവും 10,000 രൂപ മുതല്‍ 25,000 രൂപ വരെ പിഴയുമാണ് ഇപ്പോഴത്തെ ശിക്ഷ; ഇത് 25,000 മുതല്‍ 50,000 രൂപ വരെയാക്കാനാണ് നിര്‍ദേശം. മരത്തൊലിയും മണലും പ്രത്യേകം നിര്വചിക്കപ്പെടുന്നുണ്ട്. അനധികൃതമായി മരങ്ങള്‍ മുറിക്കുന്നതിനും റിസര്‍വ് വനം നശിപ്പിക്കുന്നതിനും പിഴശിക്ഷ ഒന്നര ലക്ഷം രൂപ വരെയാണ്. കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകും. വനാതിര്‍ത്തി നിര്‍ണയിക്കുന്ന ജെണ്ടയ്ക്ക് എന്തെങ്കിലും കേടുപാടു സംഭവിച്ചാല്‍ സമീപത്തുള്ളവരെ അറസ്റ്റു ചെയ്യാം. വനവിഭവങ്ങളെ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തുന്ന ആദിവാസികളെയും വനാതിര്‍ത്തിയോടു ചേര്‍ന്നു ജീവിക്കുന്ന കര്‍ഷകരെയും ഫോറസ്റ്റ് കേസുകളില്‍ കുടുക്കാനോ ചൂഷണം ചെയ്യാനോ ഏതു ഫോറസ്റ്റ് ഉദ്യോഗസ്ഥനും കഴിയും. വന്യജീവികളെ മാത്രമല്ല ഇനി പേടിക്കേണ്ടത്!
മനുഷ്യജീവന് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ നിയന്ത്രിക്കാന്‍ നിയമത്തില്‍ ഭേദഗതി വരുത്തണമെന്നാണ് മലയോര ജനത ആവശ്യപ്പെടുന്നത്. വന്യമൃഗങ്ങള്‍ വനത്തിനുള്ളില്‍തന്നെ നില്‍ക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടത് വനം വകുപ്പാണ്. മനുഷ്യവാസകേന്ദ്രങ്ങളില്‍ വന്യജീവികള്‍ നാശനഷ്ടം വരുത്തിയാല്‍ അതിന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഉത്തരം പറയണം. വന്യജീവികള്‍ക്ക് വനത്തില്‍ വേണ്ടത്ര ഭക്ഷ്യവസ്തുക്കളുണ്ടാകണം. കേരളത്തില്‍ 273 ഗ്രാമപഞ്ചായത്തുകള്‍ മനുഷ്യ-വന്യജീവി സംഘര്‍ഷ മേഖലകളായും, ഇതില്‍ 30 എണ്ണം രൂക്ഷമായ സംഘര്‍ഷ മേഖലകളായും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനായി 12 പ്രത്യേക ഭൂമികകള്ക്കായി ആക് ഷന് പ്ലാനും മാസ്റ്റര്‍ പ്ലാനും പ്രഖ്യാപിക്കപ്പെട്ടു. സൗരോര്‍ജ വേലികളും മതിലുകളും സര്‍വെയ്ലന്‍സ് സംവിധാനവുമൊക്കെ ഇതില്‍ ഉള്‍പ്പെടുന്നു. വന്യജീവികള്‍ ജനവാസകേന്ദ്രങ്ങളിലേക്ക് കടക്കാതിരിക്കാന്‍ സ്ഥാപിച്ചിട്ടുള്ള 1,400 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സൗരോര്‍ജ വേലികളുടെ അറ്റകുറ്റപ്പണിക്ക് പൊതുജനപങ്കാളിത്തം തേടി ‘മിഷന് ഫെന്‍സിങ് 2024’ പദ്ധതിയും പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ സുസ്ഥിര ആവാസവ്യവസ്ഥ മാനേജ്മെന്റിന് അഡ്വാന്‍സ്ഡ് ടെക്നോളജിക്കും സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്കുമായി ‘സേഫ് ഹാബിറ്റാറ്റ് ഹാക്കത്തണ്‍’ നടത്തുന്ന കാര്യമാണ് ചര്‍ച്ച ചെയ്യുന്നത്.
വനം വകുപ്പിന്റെ കാര്യക്ഷമമായ ഇടപെടല്‍ മൂലം സംസ്ഥാനത്ത് വന്യജീവി ആക്രമണം മൂലമുള്ള മരണം ഗണ്യമായി കുറഞ്ഞുവരികയാണെന്നാണ് വനംമന്ത്രിയുടെ അവകാശവാദം: ”സംസ്ഥാനത്ത് പത്തുവര്‍ഷം മുന്‍പ് 901 മരണം സംഭവിച്ചിരുന്നു, എന്നാല്‍ 2024-ല്‍ 37 മരണം മാത്രം – ഇതില്‍ 16 എണ്ണവും പാമ്പുകടിയേറ്റതാണ്. 2023-ല്‍ 25 പേരാണ് കൊല്ലപ്പെട്ടത്, 2022-ല്‍ 110 പേര്, 2021-ല്‍ 123 പേരും.” സംസ്ഥാനത്ത് അടുത്തകാലത്ത് 10 പേര് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടതില്‍ ആറെണ്ണവും സംഭവിച്ചത് റിസര്‍വ് വനത്തിനുള്ളിലാണെന്ന് വനം വകുപ്പ് രേഖകളില്‍ പറയുന്നു. കാട്ടാന പിഴുതെടുത്ത പന വീണ് മോട്ടോര്‍ബൈക്കില്‍ സഞ്ചരിച്ചിരുന്ന എന്‍ജിനിയറിങ് വിദ്യാര്‍ഥിനി മരിക്കാനിടയായത് കാട്ടാനയുടെ ആക്രമണമായല്ല, വെറും ആക്സിഡന്റായി വേണം കണക്കാക്കേണ്ടതെന്ന് വനം വകുപ്പ് വിശദീകരിക്കുന്നു. ആന ഭക്ഷണത്തിനുവേണ്ടി പന പറിച്ചതാകണം. അത് കാട്ടാന ആക്രമണവുമായി ബന്ധപ്പെട്ട മരണമായി പരിഗണിക്കുന്നില്ല.
2022-2023 സര്‍ക്കാര്‍ ഡേറ്റയില്‍ സംസ്ഥാനത്ത് 8,873 വന്യജീവി ആക്രമണങ്ങളുണ്ടായി: കാട്ടാന ആക്രമണത്തിന്റെ 4,193 സംഭവങ്ങള്‍, കാട്ടുപന്നി കേസുകള്‍ 1,524, കടുവ 193, പുള്ളിപ്പുലി 244, കാട്ടുപോത്ത് ആക്രമണം 32. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാന്‍ കേന്ദ്രം വിസമ്മതിച്ചുവെങ്കിലും പഞ്ചായത്തുതലത്തില്‍ അവയെ കൈകാര്യം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്കി. എന്നാല്‍ ലൈസന്‍സുള്ള ഷൂട്ടര്‍മാരുടെ കുറവും വനം വകുപ്പിന്റെ സാങ്കേതിക നൂലാമാലകളും മൂലം ആ ഉന്മൂലനതന്ത്രം വിജയിച്ചില്ല.
ഇക്കഴിഞ്ഞ ദിവസം, കണ്ണൂര്‍ ഇരിട്ടി കാക്കയങ്ങാട് ടൗണിനു സമീപം പാലപ്പുഴ റോഡിലെ കൃഷിയിടത്തില്‍ കേബിള്‍ കെണിയില്‍ പുള്ളിപ്പുലി കുടുങ്ങിയ സംഭവത്തില്‍ അടുത്തവീട്ടിലെ കര്‍ഷകനെതിരെ വന്യജീവിസംരക്ഷണ നിയമപ്രകാരം വനം വകുപ്പ് കേസെടുക്കാനൊരുങ്ങുന്നു എന്ന വാര്‍ത്ത വന്നു.
പുള്ളിപ്പുലിയെക്കാള്‍ കര്‍ഷകര്‍ക്ക് അപകടകാരി വനം വകുപ്പാണ്!