ഷാജി ജോര്‍ജ്
മുതിര്‍ന്ന രാഷ്രീയനേതാവായ പ്രഫ. കെ.വി തോമസ് മാഷിന്റെ കുമ്പളങ്ങിക്കഥകള്‍ (മൂന്നാം ഭാഗം) പുറത്തുവന്നു. കൊച്ചിയിലെ തന്നെ ആദ്യത്തേതെന്നു പറയാവുന്ന, നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിദ്യാലയം (സെന്റ് പീറ്റേഴ്സ് സ്കൂള്‍) പകര്‍ന്നുനല്‍കിയ അറിവും പോര്‍ച്ചുഗീസ് കോളനിയും നാരായണഗുരുവും ക്രൈസ്തവ മിഷണറിമാരും സമ്പന്നമാക്കിയ സാംസ്കാരിക പൈതൃകവുമാണ് ദ്വീപു നിവാസികളായിരുന്ന കുമ്പളങ്ങിക്കാരുടെ അടിത്തറ. അതുവഴി രൂപപ്പെട്ട വിജ്ഞാനത്തിന്റെയും സംസ്കാരത്തിന്റെയും സമ്പന്നതയില്‍ അസൂയപൂണ്ട മറ്റു ദേശക്കാര്‍ പറഞ്ഞു പരത്തിയ പരിഹാസ കഥകളുടെയും തദ്ദേശവാസികള്‍ സ്വയം മെനഞ്ഞെടുത്ത നുറങ്ങുകഥകളുടെയും മനോഹര സഞ്ചയമാണ് കെ.വി. തോമസ് മാഷ് സമാഹരിച്ചിട്ടുള്ള എന്റെ കുമ്പളങ്ങി കഥകള്‍.
മലയാളത്തിന്റെ പ്രിയ കഥാകാരന് സക്കറിയുടെ അവതാരിക, ഈ പുസ്തകത്തിന് ലഭിച്ചിട്ടുള്ള സവിശേഷമായ ഒരു ആദരം തന്നെയാണ്. കുമ്പളങ്ങിക്കഥകളുടെ ആദ്യ പതിപ്പിന് പത്രപ്രവര്‍ത്തകനായിരുന്ന എം.എന്‍. സത്യവ്രതന് എഴുതിയ പഠനവും ഇതില്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ട്. എഴുത്തുകാരന് സുരേഷ് ശേഖരനാണ് കഥകളുടെ ചിത്രീകരണം നിര്‍വഹിച്ചിട്ടുള്ളത്.
ഇതിനകം അറുനൂറോളം കഥകള്‍ കുമ്പളങ്ങിയെകുറിച്ച് തോമസ് മാഷ് എഴുതിയിട്ടുണ്ട്. ആറുപുസ്തകങ്ങളിലായി അത് സമാഹരിച്ചിട്ടുണ്ട്. എന്റെ കുമ്പളങ്ങി കഥകള്‍ (മൂന്നാം ഭാഗം) പുസ്തകത്തില്‍ 46 കഥകളുണ്ട്. കാക്കകളും കുയിലുകളും കുമ്പളങ്ങിക്കാരും, കുമ്പളങ്ങി കവര്‍, ഓലപ്പന്തും വെളയ്ക്കയും, ലോലഹൃദയരായ കുമ്പളങ്ങിക്കാര്‍, കോഴികളും കുമ്പളങ്ങിയും, പാഷാണം വല്യപ്പന്, വോട്ട് എന്ന അവകാശം, ശരീരസൗന്ദര്യം പ്രകൃതിയിലൂടെ എന്നിങ്ങനെ 46 അധ്യായങ്ങളാണ് പ്രണത ബുക്ക്സ് പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകത്തില്‍ ഉള്ളത്. പുസ്തക രചനയെ കുറിച്ചും കുമ്പളങ്ങി കഥകളെ കുറിച്ചും ആമുഖത്തില്‍ തോമസ് മാഷ് ഇപ്രകാരം പറയുന്നു: കാര്‍ട്ടൂണുകളും തമാശ കഥകളും എനിക്ക് വളരെ പ്രിയപ്പെട്ടവയാണ്. യാത്രാസമയങ്ങളില്‍ ഞാന്‍ വായിക്കുന്ന ഇഷ്ടപ്പെട്ട കഥകളാണ് ആസ്റ്ററിക്സ് കഥകള്‍. ഈ കഥകളിലെ ഗൗള്‍ ഗ്രാമം പോലെ എന്റെ കുമ്പളങ്ങി ഗ്രാമവും അതിലെ ജനങ്ങളും മായാതെ നിറഞ്ഞുനില്ക്കുന്നു. നല്ല ഹൃദയത്തിന്റെ ഉടമസ്ഥരാണ് കുമ്പളങ്ങിക്കാര്‍. തമാശകള്‍ പറയുകയും ആസ്വദിക്കുകയും ചെയ്യും.
തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ സക്കറിയയുടെ അവതാരികയാണ് പുസ്തകത്തിന്റെ മറ്റൊരാകര്‍ഷണം. അതില്‍ നിന്നെടുത്ത കുറച്ചു ഭാഗം വായനക്കാരെ തീര്‍ച്ചയായും എന്റെ കുമ്പളങ്ങി കഥകളിലേക്ക് ആകര്‍ഷിക്കും എന്ന് വിശ്വസിക്കുന്നു.
‘തോമസ് മാഷിന്റെ കുമ്പളങ്ങിക്കഥകള്‍ എന്നെ ഓര്‍മ്മപ്പെടുത്തുന്നത് പ്രശസ്തങ്ങളായ രണ്ട് പ്രകൃതിപുസ്തകങ്ങളാണ്: ഗില്‍ബര്‍ട്ട് വൈറ്റ് എഴുതിയ ‘നാച്ചുറല്‍ ഹിസ്റ്ററി ഓഫ് സെല്‍ബോണ്‍’ ഹെന്റി ഡേവിഡ് തോറോയുടെ ‘വാള്ഡന്’. ഇരുപുസ്തകങ്ങളിലും നാം കണ്ടെത്തുന്നത് പ്രകൃതിയെയും മനുഷ്യരെയും പറ്റിയുള്ള സൂക്ഷ്മ നിരീക്ഷണങ്ങളും അവര്‍ തമ്മിലുള്ള ഇടപെടലുകളുടെ ഭൂമികയെപ്പറ്റിയുളള മൗലികവിചിന്തനങ്ങളുമാണ്. കുമ്പളങ്ങിക്കഥകളില് നാം കൂട്ടിമുട്ടുന്ന മൃഗ-പക്ഷി-മത്സ്യ-ചെറുജീവി-ജീവജാലങ്ങള്‍ അതിശയിപ്പിക്കുന്നവയാണ്. കാക്കയും കുയിലും കക്കയും മീനും ഞണ്ടും മുതല്‍ ആടും കോഴിയും പശുവും താറാവുമെല്ലാം മാഷിന്റെ ഓര്‍മ്മകളില്‍ തിളങ്ങുന്ന കഥാപാത്രങ്ങളാണ്. അസ്തമിച്ചുപോയ ഒരു ജീവിത ശൈലിയ്ക്ക് മാഷ് തന്റെ പുസ്തകത്തിന്റെ താളുകളില്‍ പുനര്ജന്മം നല്കുന്നു. മറവിയിലേക്ക് മാഞ്ഞുപോയ മധുരക്കിഴങ്ങും ചേമ്പും ചേനയും കാച്ചിലുമെല്ലാം വീണ്ടും നാവില്‍ വെള്ളമൂറ്റിക്കൊണ്ട് പ്രത്യക്ഷപ്പെടുന്നു. ഒളിച്ചുകളിയും കൈകുത്തിക്കളിയും കുഴിപ്പന്തും മടങ്ങിവരുന്നു. നല്ല കള്ളും നല്ല ചാരായവും നല്ലവരായ ഗ്രാമീണരെ ആഹ്ലാദിപ്പിച്ചിരുന്ന കാലത്തിന്റെ ഗൃഹാതുരത്വം നാം തിരിച്ചറിയുന്നു.
കെട്ടുവള്ളവും വഞ്ചിയും തോടുകളും തിരിച്ചെത്തുന്നു. പൂക്കളുടെ ഓര്‍മ്മകള്‍ സുഗന്ധം വീശുന്നു. ആഞ്ഞിലിയും പ്ലാവും കമുകും പുളിയും കടപ്ലാവുമെല്ലാം തണല്‍ വിരിക്കുന്നു. വിശറികള്‍ കാറ്റു വീശുന്നു. മൂക്കില്‍പ്പൊടി മൂക്കുകളെ ഹരം പിടിപ്പിക്കുന്നു. തോമസ് മാഷ് സാഹിത്യകാരനല്ല, രാഷ്ട്രീയനേതാവാണ്. പക്ഷേ, അദ്ദേഹമെഴുതുന്ന ഊര്‍ജ്ജസ്വലവും കാര്യമാത്രപ്രസക്തവുമായ ഗദ്യം അതിന്റെ തെളിമയും ലാളിത്യവുംകൊണ്ട് എഴുത്തുകാരെ വെല്ലുവിളിക്കുന്നു. ഓരോ ചെറുകുറിപ്പും ഒരു കൊച്ചുകഥയായി മാറുന്നു.
തന്റെ പ്രിയങ്കരമായ ഗ്രാമത്തെക്കുറിച്ചുള്ള മാഷിന്റെ സംവേദനം അതിന്റെ നാട്യങ്ങളില്ലാത്ത സത്യസന്ധതകൊണ്ട് പ്രകാശമാനമായിത്തീരുന്നു. മാഷ് കുമ്പളങ്ങിക്കഥകളെഴുതുന്നത് അകലത്തില്‍ നിലകൊള്ളുന്ന ചരിത്രകാരനായല്ല, തന്റെ പ്രിയപ്പെട്ട ഗ്രാമത്തിന്റെ ഉള്ളറകളില്‍ നിലയുറപ്പിച്ചുകൊണ്ടാണ്. കുമ്പളങ്ങിയുടെ രഹസ്യങ്ങളുടെ കാവല്‍ക്കാരനാണ് തോമസ് മാഷ്’ (സക്കറിയ).