കോഴിക്കോട്∙ സമാധാനത്തിന്റെയും ശാന്തിയുടെയും സന്ദേശവുമായി നഗരത്തിന് പുതുമയുള്ള കാഴ്ചകൾ സമ്മാനിച്ച് കോഴിക്കോട് രൂപത സംഘടിപ്പിച്ച പ്രഥമ ‘ഫെലിക്സ് നതാലിസ്’ മഹാക്രിസ്തുമസ് ഘോഷയാത്ര. കോഴിക്കോട് സിറ്റി സെന്റ് ജോസഫ് ദേവാലയത്തിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര, ബീച്ച് ഫ്രീഡം സ്ക്വയറിൽ സമാപിച്ചു. ആയിരത്തിലധികം ക്രിസ്മസ് പാപ്പമാരാണ് കോഴിക്കോടിനെ ഇളക്കിമറിച്ച മഹാക്രിസ്തുമസ് ഘോഷയാത്രയിൽ പങ്കെടുത്തത്.
സെന്റ് ജോസഫ് ദേവാലയ അങ്കണത്തിൽ, കോഴിക്കോട് രൂപതാ ബിഷപ് ഡോ: വർഗീസ് ചക്കാലയ്ക്കൽ സമാധാനത്തിന്റെ സന്ദേശമായ പ്രാവുകളെ പറപ്പിച്ചാണ് ഘോഷയാത്രയ്ക്കു തുടക്കം കുറിച്ചത്. കോഴിക്കോട് രൂപതയുടെ മീഡിയ സെന്ററായ പാക്സ് കമ്മ്യൂണിക്കേഷൻസ് സംഘടിപ്പിച്ച ഫ്ലാഷ്മോബും ഉദ്ഘാടനച്ചടങ്ങിന് പകിട്ടേകി.
സെന്റ് ജോസഫ് ദേവാലയത്തിൽനിന്നും വയനാട് റോഡ് വഴി സിഎച്ച് ഓവർബ്രിഡ്ജിലൂടെയാണ് ക്രിസ്തുമസ് ഘോഷയാത്ര സമാപന വേദിയായ ബീച്ച് ഫ്രീഡം സ്ക്വയറിൽ എത്തിയത്. സമാപന സമ്മേളനം കോഴിക്കോട് നഗരസഭാ മേയർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം വർണശബളമാക്കി പാക്സ് കമ്മ്യൂണിക്കേഷൻസിന്റെ നേതൃത്വത്തിൽ തീം സോങ് പ്രസന്റേഷനും മേരിക്കുന്ന നിർമല നഴ്സിങ് സ്കൂളും പ്രോവിഡൻസ് കോളജും സംയ്കുതമായി അവതരിപ്പിച്ച ഫ്യൂഷൻ ഡാൻസും നാടകവും അരങ്ങേറി.
സമാധാനത്തിന്റെയും ശാന്തിയുടെയും സന്ദേശം പേറുന്ന ക്രിസ്തുമസ് ഘോഷയാത്ര വൻ വിജയമായ സാഹചര്യത്തിൽ, കൂടുതൽ ആഘോഷപരിപാടികളുമായി വരും വർഷങ്ങളിലും തുടരുമെന്ന് ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ അറിയിച്ചു.