ന്യൂഡല്‍ഹി : രാജ്യത്ത് ഇതുവരെ ആറ് എച്ച്എംപിവി കേസുകള്‍ റിപോര്‍ട്ട് ചെയ്തു.രോഗ വ്യാപനത്തില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. എച്ച്എംപിവി റിപോര്‍ട്ട് ചെയ്ത ആളുകളില്‍ ആരോഗ്യനിലയില്‍ പ്രശ്നങ്ങളില്ല.
ഇന്ത്യയിലെ സാഹചര്യം ലോകാരോഗ്യ സംഘടന നിരീക്ഷിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ ബെംഗളൂരുവില്‍ രണ്ടും ചെന്നൈയില്‍ രണ്ടും അഹമ്മദാബാദിലും കൊല്‍ക്കത്തയിലും ഒന്ന് വീതവുമാണ് എച്ച്എംപിവി റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. ബ്രോങ്കോ ന്യുമോണിയ ബാധിച്ച് ചികിത്സ തേടിയ മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന് കഴിഞ്ഞയാഴ്ചയാണ് രോഗബാധ സ്ഥിരീകരിച്ചത്.
കൊവിഡ് 19 പോലെ പുതിയൊരു വൈറസല്ല എച്ച്എംപിവി എന്നതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഐസിഎംആര്‍ അറിയിച്ചു. ശ്വാസകോശസംബന്ധമായ പകര്‍ച്ചവ്യാധികളുള്ളവര്‍ പൊതു നിര്‍ദേശങ്ങള്‍ പാലിക്കുക, ആള്‍ക്കൂട്ടത്തിനിടയില്‍ ഇറങ്ങാതിരിക്കുക, മുഖവും മൂക്കും മൂടുക എന്നിങ്ങനെയാണ് ആരോഗ്യവിദഗ്ധര്‍ നല്കുന്ന നിര്‍ദേശങ്ങള്‍.