തിരുവനന്തപുരം: അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവം മൂന്നാം ദിവസം പിന്നിടവേ കലാകിരീടത്തിനായുള്ള പേരാട്ടത്തിൽ കണ്ണൂർ മുന്നിൽ. 713 പോയിൻ്റോടെയാണ് കണ്ണൂർ കുതിപ്പ് തുടരുന്നത്. 708 പോയിൻ്റുമായി കോഴിക്കോടും തൃശ്ശൂരും രണ്ടാം സ്ഥാനത്ത് ഒപ്പത്തിനൊപ്പമുണ്ട്. 702 പോയിൻ്റുമായി പാലക്കാട് നാലാമതാണ്.
പാലക്കാട് ഗുരുകുലം എച്ച്എസ്എ്സ, വഴുതക്കാട് കാർമൽ എച്ച്എസ്എസുമാണ് സ്കൂൾ വിഭാഗത്തിൽ മുന്നിൽ. ഇതിനിടെ മൂന്നാം ദിനം അവസാനിക്കുമ്പോൾ ആകെയുള്ള 249 ഇനങ്ങളിൽ 179 എണ്ണം പൂർത്തിയായി. ഹൈസ്കൂൾ പൊതുവിഭാഗത്തിൽ 69, ഹയർ സെക്കൻഡറി പൊതുവിഭാഗത്തിൽ 79, ഹൈസ്കൂൾ അറബിക് വിഭാഗത്തിൽ 16, ഹൈസ്കൂൾ സംസ്കൃത വിഭാഗത്തിൽ 15 ഇനങ്ങൾ വീതമാണ് പൂർത്തിയായിരിക്കുന്നത്. ഇനി ബാക്കിയുള്ളത് 70 മത്സരങ്ങൾ മാത്രമാണ്.
കുച്ചിപ്പുടി, തിരുവാതിര കളി, നാടോടി നൃത്തം, ദഫ് മുട്ട്, ചവിട്ടുനാടകം, കേരളനടനം, കോൽക്കളി, ആൺകുട്ടികളുടെ ഭരതനാട്യം, പരിചമുട്ട്, ഓട്ടൻ തുള്ളൽ, കഥകളി, ദേശഭക്തിഗാനം, മൂകാഭിനയം, മലപ്പുലയ ആട്ടം, സംഘഗാനം, കഥാപ്രസംഗം, ബാൻഡ് മേളം തുടങ്ങിയ ഇനങ്ങളിൽ മത്സരം നടന്നു.