തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തിരി തെളിയും .അറുപത്തി മൂന്നാമത് കേരള സ്കൂള്‍ കലോത്സവം ജനുവരി നാല് മുതല്‍ എട്ട് വരെയാണ്. വിജയികൾക്കുള്ള സ്വർണകപ്പ് ഇന്ന് തിരുവനന്തപുരത്തെ പ്രധാനവേദിയിൽ എത്തും.
മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണിയിൽ നിന്ന് സ്വർണകപ്പ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഏറ്റുവാങ്ങും. തുടർന്ന് തട്ടത്തുമല സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ സ്വീകരണം നൽകും. പിന്നാലെ ജില്ലയിലെ വിവിധ സ്കൂളുകളിൽ സ്വീകരണം നൽകും. തുടർന്ന് ട്രോഫിയുമായുള്ള ഘോഷയാത്ര തലസ്ഥാന നഗരിയിലെ വേദിയിലെത്തിച്ചേരും.
മത്സരാർത്ഥികളുടെ രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും. അതേ സമയം പുത്തരകണ്ടം മൈതാനിയിൽ സജ്ജീകരിച്ചിക്കുന്ന കലോത്സവ കലവറയുടെ പാലുകാച്ചൽ ചടങ്ങും ഇന്ന് നടക്കും. പഴയിടം മോഹനൻ നമ്പൂതിരി തന്നെയാണ് ഇക്കുറിയും ഭക്ഷണം ഒരുക്കുന്നത്.ഹൈസ്കൂള്‍ വിഭാഗത്തില്‍ നിന്ന് നൂറ്റിയൊന്നും, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ നിന്ന് നൂറ്റിപ്പത്തും, സംസ്കൃതോത്സവത്തില്‍ പത്തൊന്‍പതും, അറബിക് കലോത്സവത്തില്‍ പത്തൊന്‍തും ഇനങ്ങളിലായി ആകെ ഇരുന്നൂറ്റി നാല്പത്തിയൊമ്പത് ഇനങ്ങളിലാണ് മത്സരം നടക്കുക.
കലോത്സവ ചരിത്രത്തില്‍ ആദ്യമായി അഞ്ച് ഗോത്ര നൃത്തരൂപങ്ങള്‍കൂടി ഈ വര്‍ഷത്തെ കലോത്സവത്തിൻ്റെ മത്സര ഇനങ്ങളാവും. മംഗലംകളി, പണിയ നൃത്തം, പളിയ നൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം എന്നിവയാണ് പുതുതായി ഉള്‍പ്പെടുത്തിയ തദ്ദേശീയ നൃത്തരൂപങ്ങള്‍.