ഗാസ: നവവത്സരത്തിലും പലസ്തീനിൽ സമാധാനമില്ല. ഗാസയിൽ ഇസ്രയേൽ ക്രൂരത തുടരുന്നു. ഇസ്രയേൽ നടത്തിയ വ്യാപക ആക്രമണങ്ങളിൽ ഗാസ പൊലീസ് മേധാവിയടക്കം 63 പേർ കൊല്ലപ്പെട്ടു. അഭയാർഥി കേന്ദ്രങ്ങളിലുൾപ്പടെയാണ് ഇസ്രയേൽ ആക്രമണം നടത്തിയത്.
ഗാസ സിറ്റിയിലെ ലബാബിദി ജങ്ഷൻ, ഒയൂൺ ജങ്ഷൻ, തെക്കൻ നഗരം ഖാൻ യൂനിസ്, മധ്യഭാഗത്തെ നുസെയ്റത്തിൽ അഭയാർഥികൾ താമസിക്കുന്ന സ്കൂൾ എന്നിവടങ്ങളിലാണ് റോക്കറ്റ്, ബോംബ് ആക്രമണങ്ങൾ നടത്തിയത്.ഇസ്രയേൽ സൈന്യം തന്നെ സുരക്ഷിത മേഖലയായി പ്രഖ്യാപിച്ചിരുന്ന തെക്കൻ ഗാസയിലെ അൽ മവാസി ടെന്റ് ക്യാമ്പുകളിലേക്കും ആക്രമണം ഉണ്ടായി. വ്യാഴാഴ്ച്ച പുലർച്ചെയാണ് ഇവിടെ ഇസ്രയേൽ സൈന്യം ആക്രമണം നടത്തിയത്. ഗാസ പൊലീസ് ഡയറക്ടർ ജനറൽ മഹ്മൂദ് സലായടക്കം 11 പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
അതിശൈത്യം തുടരുന്ന ഗാസയിൽ തണുപ്പ് കാരണം ശിശുക്കൾ മരണപ്പെടുകയാണ്. ഇവിടേക്ക് ഉടൻ സഹായമെത്തിക്കാൻ അനുവദിക്കണമെന്ന് ഇന്റർനാഷണൽ റെഡ് ക്രോസ് ആവശ്യപ്പെട്ടു.
ഇതിനിടെ, ഇസ്രയേൽ ഗാസയിൽ നടത്തുന്ന വംശഹത്യക്കിടയിൽ 736 സന്നദ്ധപ്രവർത്തകർ ഇതുവരെ കൊല്ലപ്പെട്ടു എന്ന കണക്കുകൾ പുറത്തുവന്നു. കൂടാതെ ഇസ്രയേൽ കൂട്ടക്കൊല ആരംഭിച്ചതുമുതൽ 28 ഇസ്രയേൽ സൈനികർ ആത്മഹത്യ ചെയ്തതായും റിപ്പോർട്ടുണ്ട്.