വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ പ്രദേശത്തെ ജനങ്ങളുടെ പുനരധിവാസത്തിനായി നിർണായക തീരുമാനങ്ങൾ മന്ത്രിസഭാ യോഗത്തിൽ ഉണ്ടായതായിമുഖ്യമന്ത്രി പിണറായി വിജയൻ. സഹായങ്ങൾ ഏകോപിപ്പിച്ച് സമഗ്രമായ സംവിധാനം രൂപികരിക്കും.
പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ പറഞ്ഞു . മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വീട് വെച്ച് നൽകുക എന്നത് മാത്രം അല്ല പുനരധിവാസമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡ്രോൺ സർവേ വഴിയാണ് ഭൂമി കണ്ടെത്തിയത്. ഫീൽഡ് സർവേ തുടങ്ങി കഴിഞ്ഞു.
നെടുമ്പാല ടൗൺഷിപ്പിൽ 10 സെൻ്റ് സ്ഥലമാണ് നിലവിൽ തീരുമാനിച്ചിട്ടുള്ളത്. എൽസ്റ്റോൺ എസ്റ്റേറ്റിൽ ഒരു കുടുംബത്തിന് 5 സെൻ്റ് വീതം ഭൂമി കണക്കാക്കിയിട്ടുണ്ട്. നെടുമ്പാല എസ്റ്റേറ്റിൽ10 സെൻ്റ് ഭൂമിയുണ്ടാകും. 1084 കുടുംബങ്ങളെ ഉൾപ്പെടുത്തി സർവേ നടത്തിയിട്ടുണ്ട്. കുടുബശ്രീയുടെ സഹായത്തോടെയാണ് സർവേ നടത്തിയത്. ഭൂമിയിൽ പൂർണ അവകാശം അതാത് കുടുംബങ്ങൾക്കായിരിക്കും. കിഫ്ബി വിശദമായ പ്രോജക്ട് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഊരാളുങ്കൽ ആയിരിക്കും നിർമാണം നടത്തുക. കിഫ് കോണിനാണ് നിരീക്ഷണ ചുമതലയെന്നും മുഖ്യമന്ത്രി പറഞ്ഞു.
പദ്ധതിക്കായി ഉപദേശക സമിതി രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എസ്റ്റിമേറ്റ് ഉൾപ്പടെ വിശദമായി പരിശോധിക്കും. ഗുണനിലവാരം ഉറപ്പാക്കാൻ പ്രത്യേക സമിതിയെയും രൂപീകരിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കാവുന്നതുമാണ്. ടൗൺഷിപ്പിന് പുറത്ത് താമസിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് 15 ലക്ഷം രൂപ വീതം നൽകും.
വിലങ്ങാട്ടും ഇതേ മാതൃക ആണ് തീരുമാനിച്ചിരിക്കുന്നത്. അഞ്ച് ആദിവാസി കുടുംബങ്ങളുടെ അഭിപ്രായം ആരായും. പുനരധിവാസം ഒരുമിച്ച് നടപ്പാക്കും. രണ്ട് ഘട്ടമായായിരിക്കും കണക്കെടുപ്പ്. 38 സ്പോൺസർമാരുമായും യോഗം ചേർന്നു. പുനരധിവാസത്തിന് ഒരു സ്പെഷ്യൽ ഓഫീസർ ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.