പള്ളിപ്പുറം : മനുഷ്യർ സങ്കുചിതത്വത്തിൽ നിന്ന് വിശാലതയിലേക്ക് വളരണമെന്ന് മന്ത്രി പി.രാജീവ്. കണ്ണൂർ രൂപത സഹായ മെത്രാനായി അഭിഷിക്തനായ ഡോ. ഡെന്നീസ് കുറുപ്പശ്ശേരിക്ക് കോട്ടപ്പുറം രൂപതയും മാതൃ ഇടവക പള്ളിപ്പുറം മഞ്ഞുമാത ബസിലിക്കയും ചേർന്ന് നല്കിയ സ്വീകരണത്തിൻ്റെ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
മറ്റുള്ളവരിൽ തന്നെ തന്നെ കാണാൻ കഴിയുന്ന വിശാലത യുണ്ടാവണം. പല കാരണങ്ങളാൽ മനുഷ്യർ തന്നിലേക്ക് തന്നെ ചുരുങ്ങുന്നത് പുരോഗതിക്ക് ഗുണപ്രദമല്ല. ലോകത്തിൻ്റെ വിവിധ രാജ്യങ്ങളിൽ സേവനം ചെയ്ത അനുഭവ സമ്പത്താണ് ഡെന്നിസ് പിതാവിൻ്റേത്. അത് നാടിൻ്റെ പുരോഗതിക്കും മനുഷ്യസ്നേഹത്തിൻ്റെ പുതിയ കടമകൾ നിർവ്വഹിക്കാനും സഹായിക്കട്ടെ എന്നും മന്ത്രി ആശംസിച്ചു.
നാല് ബിഷപ്പുമാരെ സംഭാവന ചെയ്യാൻ കഴിഞ്ഞ പള്ളിപ്പുറം മഞ്ഞു മാത ഇടവക മഹത്ത്വമുള്ളതാണെന്നും മന്ത്രി പറഞ്ഞു. കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ അധ്യക്ഷത വഹിച്ചു.. ഹൈബി ഈഡൻ എംപി മുഖ്യപ്രഭാഷണം നടത്തി. ടി.ജെ വിനോദ് എംഎൽഎ മുഖ്യാതിഥി ആയിരുന്നു.
കോട്ടപ്പുറം രൂപത ചാൻസലർ ഫാ.ഷാബു കുന്നത്തൂർ, പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്ക റെക്ടർ റവ.ഡോ. ആന്റണി കുരിശിങ്കൽ , പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രമണി അജയൻ, കോട്ടപ്പുറം രൂപത പ്ലീസ്റ്റ് സെനറ്റ് സെക്രട്ടറി ഫാ. ജോഷി കല്ലറക്കൽ,ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം , കോട്ടപ്പുറം രൂപത പാസ്റ്ററൽ കൗൺസിൽ ജോയിൻ്റ് സെക്രട്ടറി ജെസി ജെയിംസ് , വാർഡ് മെമ്പർ അലക്സാണ്ടർ റാൽസൻ, പള്ളിപ്പുറം ഇടവക കേന്ദ്ര സമിതി പ്രസിഡൻറ് വി.എക്സ് റോയ് വലിയവീട്ടിൽ എന്നിവർ പ്രസംഗിച്ചു.കണ്ണൂർ രൂപത സഹായമെത്രാൻ ബിഷപ്പ് ഡോ. ഡെന്നിസ് കുറുപ്പശ്ശേരി മറുപടി പ്രസംഗം നടത്തി. കലാപരിപാടികളും നടന്നു.
ബസിലിക്ക കവാടത്തിലെത്തിയ കണ്ണൂർ രൂപത സഹായ മെത്രാൻ ബിഷപ്പ് ഡോ. ഡെന്നീസ് കുറുപ്പശ്ശേരിക്ക് ബിഷപ്പ്. ഡോ. അംബ്രോസ് പുത്തൻവീട്ടിലും പള്ളിപ്പുറം ബസിലിക്ക വികാരി റവ.ഡോ. ആന്റണി കുരിശിങ്കലും ഇടവകാംഗങ്ങളും ചേർന്ന് ഊഷ്മളമായ വരവേൽപ്പ് നല്കി. തുടർന്ന് ബിഷപ്പ് ഡോ. ഡെന്നീസിൻ്റെ മുഖ്യകാർമ്മികത്വത്തിൽ കൃതജ്ഞതാബലി നടന്നു. വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ബിഷപ്പ് ഡോ.ആന്റണി വാലുങ്കൽ വചനപ്രഘോഷണം നടത്തി . കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിലും കോട്ടപ്പുറം ബിഷപ്പ് എമിരിറ്റസ് ഡോ. ജോസഫ് കാരിക്കശ്ശേരിയും മുഖ്യസഹകാർമ്മികരായി. കോട്ടപ്പുറം രൂപതയിലെ വൈദീകർ സഹകാർമ്മികരായിരുന്നു.