ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഡൽഹിക്കെതിരെ കേരളത്തിന് മൂന്ന് ഗോളിന്റെ തകർപ്പൻ ജയം. ഡൽഹിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് കേരളം തോൽപ്പിച്ചത്. ആദ്യ പകുതിയിലായിരുന്നു മുഴുവൻ ഗോളുകൾ നേടിയത്. 16-ാം മിനിറ്റിൽ നസീബ് റഹ്മാൻ ആദ്യ ഗോൾ നേടി. ശേഷം ജോസഫ് ജസ്റ്റിൻ 31-ാം മിനിറ്റിലും ടി ഷിജിൻ 40-ാം മിനിറ്റിലും ഗോൾ നേടി.
നേരത്തെ മൂന്ന് മത്സരങ്ങളും ജയിച്ച് ക്വാർട്ടർ ഫൈനൽ ഉറപ്പിച്ച കേരളത്തെ സംബന്ധിച്ച് സമ്മർദമില്ലാത്ത പോരാട്ടമായിരുന്നു. ജയത്തോടെ ഗ്രൂപ്പ് ജേതാക്കളായി തന്നെ ക്വാർട്ടർ ഫൈനലിലേക്ക് കേരളം മാർച്ച് ചെയ്തു. കേരളത്തിനോട് പരാജയപ്പെട്ടതോടെ ക്വാർട്ടർ പ്രവേശനത്തിന് ഡൽഹിക്ക് ഇനിയും കാത്തിരിക്കേണ്ടി വരും.