ഡല്‍ഹി: പാര്‍ലമെന്റ് വളപ്പില്‍ സംഘര്‍ഷമുണ്ടായ പശ്ചാത്തലത്തില്‍ പാര്‍ലമെന്റ് കവാടങ്ങളില്‍ ധര്‍ണകള്‍ക്കും പ്രകടനങ്ങള്‍ക്കും വിലക്ക്. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടേതാണ് നിര്‍ദേശം. കേന്ദ്രമന്ത്രി അമിത് ഷായുടെ അംബേദ്കര്‍ വിരുദ്ധ പരാമര്‍ശത്തെ ചൊല്ലി പാര്‍ലമെന്റില്‍ ഭരണ പ്രതിപക്ഷ എംപിമാര്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കാളിയുമുണ്ടായിരുന്നു. പ്രവേശന കവാടമായ മകര കവാടത്തിലുണ്ടായ ഉന്തിലും തള്ളിലും മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കും മൂന്ന് ബിജെപി എംപിമാര്‍ക്കും പരിക്കേറ്റിരുന്നു.
ഭരണപക്ഷമാണ് മകരകവാടത്തില്‍ പ്രതിഷേധം തുടങ്ങിയത്. അംബേദ്കര്‍ പ്രതിമയ്ക്ക് മുന്നില്‍ ഒന്നിച്ച പ്രതിപക്ഷം ആഭ്യന്ത്രമന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു. അംബേദ്കര്‍ പ്രതിമയില്‍ നിന്ന് പ്രകടനമായി പ്രതിപക്ഷം മകരകവാടത്തിലെത്തുമ്പോള്‍ വഴിയടച്ച് ഭരണപക്ഷസമരം തുടരുകയായിരുന്നു. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ അകത്തേയ്ക്ക് പോകാന്‍ ശ്രമിച്ചതോടെ ഉന്തും തള്ളുമായി. ഇരുകൂട്ടരും നിലത്തിരുന്ന് മുദ്രാവാക്യം വിളിച്ചു.