തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (ഡിസംബര്‍ 19) മുതല്‍ അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ മുകളിലായി സ്ഥിതി ചെയ്തിരുന്ന ന്യൂനമർദം കൂടുതൽ ശക്തിയാര്‍ജിച്ചു. വടക്കൻ തമിഴ്നാട് തെക്കൻ ആന്ധ്രാപ്രദേശ് തീരത്തിന് സമീപത്തേക്കാണ് ന്യൂനമര്‍ദം നിലവില്‍ നീങ്ങുന്നത്.
തുടർന്ന് വടക്കു ദിശയിൽ ആന്ധ്രാ തീരത്തിന് സമാന്തരമായി സഞ്ചരിക്കാൻ സാധ്യതയുണ്ട്. ഇതിനെ തുടര്‍ന്നാണ് കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്. അതേസമയം ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.
കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തമിഴ്നാട് തീരം, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, ഗൾഫ് ഓഫ് മന്നാർ, തെക്കൻ ആന്ധ്രാപ്രദേശ് തീരം, തെക്കൻ അറബിക്കടലിന്റെ മധ്യ ഭാഗങ്ങൾ, അതിനോട് ചേർന്ന മധ്യരേഖാ ഇന്ത്യൻ മഹാസമുദ്രം,
തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ വടക്കൻ ഭാഗങ്ങൾ, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ തെക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.