ജെയിംസ് അഗസ്റ്റിൻ
റെക്കോര്‍ഡ് ചെയ്യാനാഗ്രഹിച്ച പാട്ടുകള്‍ ബാക്കിയാക്കി പോള്‍ ചിറ്റൂര്‍ യാത്രയായി. ഗാനരചയിതാവും സംഗീതസംവിധായകനുമായിരുന്ന പോള്‍ ചിറ്റൂര്‍ ഡിസംബര്‍ 14നു ലോകത്തോട് വിട പറഞ്ഞു. പലചരക്കു കടയില്‍ ജോലി ചെയ്യുമ്പോഴും പോള്‍ ചിറ്റൂരിന്റെ ഉള്ളു നിറയെ സംഗീതമായിരുന്നു. ആരെങ്കിലും സൃഷ്ടിച്ച പാട്ടുകളായിരുന്നില്ല പോള്‍ ചിറ്റൂര്‍ മൂളി നടന്നിരുന്നത്. സ്വന്തം വരികളും താന്‍ സൃഷ്ടിച്ച സംഗീതവുമായിരുന്നു.
ജീവിതത്തിന്റെ കഷ്ടപ്പാടുകള്‍ക്കിടയിലും അഞ്ചു ക്രിസ്ത്യന്‍ ഭക്തിഗാനസമാഹാരങ്ങള് നിര്‍മ്മിക്കാന്‍ പോള്‍ ചിറ്റൂരിനു കഴിഞ്ഞു. അതിനു അദ്ദേഹത്തിനു സഹായമേകിയത് സിഎസിയുടെ ഡയറക്ടറായിരുന്ന റവ. ഡോ. അല്‍ഫോന്‍സ് പനക്കലായിരുന്നു. താന്‍ എഴുതി സംഗീതം നല്കിയ പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്തു കസ്സറ്റിലാക്കണമെന്ന ആഗ്രഹത്തോടെ പോള്‍ ചിറ്റൂര്‍ പലരെയും സമീപിച്ചിട്ടുണ്ട്. ആരും അദ്ദേഹത്തിന്റെ സ്വപ്നത്തിനു സ്വരമേകാന്‍ കൂടെ നിന്നില്ല. മിതഭാഷിയും തന്നിലേക്കു തന്നെ ഒതുങ്ങുന്ന സ്വഭാവക്കാരനുമായിരുന്നു പോള്‍ ചിറ്റൂര്‍. അല്‍ഫോന്‍സച്ചന്റെ മുറിയിലേക്ക് ക്ഷണിച്ചിരുത്തിയപ്പോള് തന്റെ പാട്ടുകള്‍ ഓഫീസ് മേശയില്‍ താളമിട്ടു അദ്ദേഹം പാടിക്കേള്‍പ്പിച്ചു. പോള്‍ ചിറ്റൂര്‍ പാട്ടുകള്‍ എഴുതിയിരുന്നത് കടലാസിലായിരുന്നില്ല- ഹൃദയത്തിലായിരുന്നു. അദ്ദേഹം പാടിത്തുടങ്ങി.
‘മനസ്സേ അറിയൂ
നിന്റെ ദൈവത്തെ
നിന്നെ സൃഷ്ടിച്ചവനല്ലേ
നീ അറിയൂ നീ അറിയൂ
നിന്റെ സൃഷ്ടാവിനെ
നൊന്തു വിളിക്കൂ
നീ വിളിക്കൂ
അവന്റെ സ്വരം കേള്‍ക്കൂ
തൊട്ടടുത്ത ദിവസം തന്നെ ഈ വരികള്‍ കെസ്റ്ററിന്റെ മധുര ശബ്ദത്തില്‍ സ്റ്റുഡിയോയില്‍ റെക്കോര്‍ഡ് ചെയ്യുന്നതിനുള്ള ക്രമീകരണങ്ങള്‍ ഫാ. അല്‍ഫോന്‍സ് ചെയ്തുകൊടുത്തു. ‘ജീവനാകും യേശു’ എന്ന കസ്സെറ്റിലേക്കുള്ള ബാക്കി ഗാനങ്ങളും അടുത്തദിവസങ്ങളില്‍ തന്നെ റെക്കോര്‍ഡ് ചെയ്തു. കെസ്റ്റര്‍ പാടിയ മറ്റൊരു ഗാനവും കസ്സെറ്റിലുണ്ടായിരുന്നു.
“ശക്തനായവന് സൃഷ്ടി ചെയ്തവന്
എനിക്കേറ്റം നന്മകള് ചെയ്തവന്
അവന്റെ നാമം ഭൂമിയിലെങ്ങും
എന്നും പരിശുദ്ധം.”
“അകറ്റീടുമോ നാഥാ അകറ്റീടുമോ നാഥാ
എന്‍ പാപഭാരങ്ങളെ
നയിച്ചീടുമോ നയിച്ചീടുമോ എന്നെ
സ്നേഹമാര്ഗ്ഗത്തില്
എന്ന് തുടങ്ങുന്ന ഗാനവും ഇതേ കസ്സെറ്റില്‍ കേള്‍ക്കാം.
കെ.ജി. മാര്‍ക്കോസ് പാടിയൊരു ഗാനവും ഇതേ കസ്സെറ്റിലുണ്ട്.”
“അറിയുന്ന പാപഭാരത്താല്‍
തളരും അടിയന്റെ ഹൃദയത്തില്‍
ഒരിറ്റു ആശ്വാസം പകരാനായി
വരുമോ യേശുനാഥാ
അലിവേറും സ്നേഹനാഥാ”
‘സ്വന്തവും ബന്ധവും
വെറുത്തകറ്റീടുമ്പോള്
അടിയനൊരഭയം അങ്ങൊന്നേ മാത്രം
കൈവെടിയരുതേ മിശിഹായെ
എന്നെ തള്ളിക്കളയരുതേ
അനുതപിക്കും ഈ ഹൃദയമൊന്നറിയണെ
അപരാധം ക്ഷമിക്കേണമേ.”
ദലീമ പാടിയ ഒരു ഗാനം യേശുവിന്റെ സ്നേഹത്തെ വര്‍ണ്ണിക്കുന്നതാണ്.
‘ജീവനാകും യേശുവേ നീ എത്ര നല്ലവന്‍
നിന്സ്നേഹമോര്ക്കുകില് എനിക്കെന്തൊരാനന്ദം.”
ഗാഗുല്‍ ജോസഫ് പാടിയ ഈ ഗാനത്തിന്റെ വരികള്‍ പോള്‍ ചിറ്റൂരിന്റെ ജീവിതം വരച്ചുകാട്ടുന്നു.
“നീ എന്‍ സ്വരം നീ എന്‍ ശ്രുതി
നീയെന്നെ സൃഷ്ടിച്ച ദൈവം
ഓ നാഥാ ഞാന്‍ പാടും ഈ ഗാനം
നീയാം സ്വര്‍ഗ്ഗം തേടുമെന്‍ ജീവാഗ്രഹം”.
ജീവനാകും യേശു എന്ന ആല്‍ബത്തിനു ശേഷം പോള്‍ ചിറ്റൂരിന്റെ നാലു കസ്സറ്റുകള് കൂടി പ്രകാശനം ചെയ്യപ്പെട്ടു. എല്ലാ ഗായകരും സംഗീതോപകരണ വിദഗ്ധരും പ്രതിഫലം വാങ്ങാതെ പോള്‍ ചിറ്റൂരിനൊപ്പം നിന്നു.
പുത്തന്‍പാന, ദേവാസ്തുവിളി, അമ്മാനപരായണം എന്നിവയെ ക്കുറിച്ചൊക്കെ അദ്ദേഹത്തിന് അവഗാഹമുണ്ടായിരുന്നു. അടുത്ത തലമുറയ്ക്കായി ഇവ യൊക്കെ റെക്കോര്‍ഡ് ചെയ്യണ മെന്ന ആഗ്രഹവും അദ്ദേഹം എല്ലാവരോടും പറയുമായിരുന്നു.
നമ്മുടെ എല്ലാ രൂപതകളിലും സൗകര്യങ്ങളെല്ലാം ഉണ്ടായിട്ടും ദേവാസ്തുവിളി റെക്കോര്‍ഡ് ചെയ്തതായി അറിവില്ല. എന്നാല്‍ പോള്‍ ചിറ്റൂര്‍ കെസ്റ്ററിനെയും ദലീമയെയും ദേവാസ്തുവിളി പഠിപ്പിച്ചു. റെക്കോര്‍ഡ് ചെയ്തു കസ്സെറ്റിലാക്കി സ്വയം വിതരണം ചെയ്തുകൊണ്ട് നമ്മുടെ മാധ്യമക്കമ്മീഷനുകള്ക്കു മാതൃകയായി.
ഇല്ലായ്മകളുടെ നടുവില്‍ നിന്നിട്ടും സംഗീതത്തെ മുറുകെപ്പിടിച്ചു കടന്നുപോയ നിസ്വനായ പാട്ടുകാരന് പ്രണാമം.