ഡോ. ഗാസ്പര്‍ സന്യാസി
ഈ ക്രിസ്തുമസ്സില്‍ എന്താണ് നമ്മുടെ ഹൃദയപക്ഷം? മുനമ്പത്ത് സമരം അടങ്ങിയിട്ടില്ലല്ലോ? മണിപ്പൂരില്‍ മുറിവുകള്‍ ഉണങ്ങുന്നതേയില്ല! ഛത്തീസ്ഗഢിലെ ബസ്താര്മേഖലയില് നാല്പതോളം വരുന്ന ക്രിസ്തീയ കുടുംബങ്ങള്‍ കണ്ണീരോടെ പറയുന്നു: ഇല്ല, ഈ വര്‍ഷം ക്രിസ്തുമസ്സ് ആഘോഷിക്കാന്‍ അവര്‍ ഞങ്ങളെ അനുവദിക്കുമെന്നു തോന്നുന്നില്ല. പഴയ വിശ്വാസങ്ങളിലേക്കും ആചാരങ്ങളിലേക്കും തിരിച്ചുചെല്ലാതെ ഈ ഗ്രാമത്തില്‍ നിങ്ങള്‍ക്ക് സ്വന്തമെന്ന നിലയില്‍ ഇനിയും കഴിയാന്‍ സാധിക്കില്ല. ഇന്ത്യയിലെ പൗരജീവിതത്തിന്റെ അടിസ്ഥാന അവകാശങ്ങളില്‍ നിന്ന് ഒരാളെങ്കിലും പുറത്താക്കപ്പെടുന്നതിന്റെ ജനാധിപത്യവിരുദ്ധതയെപ്പറ്റി പാര്‍ലമെന്റില്‍ ഈ ദിവസങ്ങളില്‍ ചര്‍ച്ച നടക്കുകയാണ്.
നമ്മള് നമുക്കു നല്കിയ നമ്മുടെ ഭരണഘടനയുടെ നിര്‍മാണത്തിന്റെ തിളങ്ങുന്ന എഴുപത്തഞ്ചാണ്ടുകള്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍, ചെറിയൊരു സമൂഹം അവരുടെ വിശ്വാസം ജീവിക്കാനാകാതെ സമ്മര്ദ്ദത്തിലാകുന്നുവെന്ന യാഥാര്‍ത്ഥ്യം ഗ്രൗണ്ട് റിപ്പോര്‍ട്ടിംഗ് സത്യസന്ധമായി ചെയ്യുന്ന സമാന്തര മാധ്യമങ്ങള്‍ വാര്‍ത്തയാക്കുന്നുണ്ട്.
ഛത്തീസ്ഗഢ്-ബസ്താര്‍ ജില്ലയിലെ ലോന്തിഗുഡ പൊലീസ് സ്റ്റേഷന് ഹെഡ് ഓഫീസര്‍ ഗണേഷ് യാദവ് പറയുന്നു: ഞങ്ങള്‍ പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. ക്രിസ്തീയ വിഭാഗത്തില്‍പ്പെട്ട ഏഴ് ഗ്രാമീണര്‍, ഗ്രൗണ്ട് റിപ്പോര്‍ട്ടിംഗിനെത്തിയ മാധ്യമ സുഹൃത്തുക്കളോട് പറയുന്നതിപ്രകാരമാണ്: ഞങ്ങള്‍ നല്കിയ പരാതിയിലെ വാക്കുകള്‍ പോലും ഉദ്യോഗസ്ഥര്‍ തിരുത്തിയെഴുതി.
” മതപരമായ വിരോധം”, തീര്‍ക്കുന്നുവെന്ന പരാതിയിലെ വാക്കുകള്‍, ” പറമ്പ് തര്‍ക്കം” എന്ന് പോലീസ് മേധാവികള്‍ തിരുത്തിയെഴുതി. ക്രിസ്തീയ വിഭാഗത്തില്‍പ്പെട്ട ഇരുപത്തിമൂന്ന് കുടുംബങ്ങള്‍ക്ക് പറമ്പ് തര്‍ക്കവുമായി ബന്ധപ്പെട്ട് നോട്ടീസും നല്‍കിക്കഴിഞ്ഞു. കൈലാഷ് പോയെം എന്ന തഹസീല്‍ദാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത് ഭൂമി കയ്യേറിയ 150 കുടുംബങ്ങളെക്കുറിച്ചാണ്. പിന്നെ എന്തുകൊണ്ടാണ് 23 ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്ക് മാത്രമായി നിങ്ങള്‍ നോട്ടീസ് നല്‍കിയിരിക്കുന്നത് എന്ന മാധ്യമ ചോദ്യത്തോട് അയാള്‍ പ്രതികരിക്കാന്‍പോലും തയ്യാറാകുന്നില്ല. ട്രൈബല്‍ പാട്ടഭൂമിയില്‍ വീടുകള്‍ നിര്‍മിക്കാന്‍ സര്‍ക്കാരിന്റെ അനുമതി കിട്ടിയ ഞങ്ങളോട് പറമ്പ് തര്‍ക്കത്തിന്റെ കാര്യം പറയാനാണ് അവര്ക്കിഷ്ടമെന്ന് ക്രിസ്തീയ വിശ്വാസത്തിന്റെ പേരില്‍ ഞെരുക്കപ്പെടുന്ന ഈ സഹോദരങ്ങള്‍ പറയുന്നു.
മനന്‍ കശ്യപ് എന്ന ക്രിസ്തീയ വിശ്വാസിയായ ഇന്ത്യന്‍ പൗരന് പറയുന്നു: എല്ലാ വര്‍ഷവും ക്രിസ്തുമസ്സ് രാത്രിയില്‍ ഞങ്ങള്‍ ഞങ്ങളുടെ ചെറിയ പള്ളിയില്‍ പോവുകയും നൃത്തവും സംഗീതവും വിരുന്നുമായി ക്രിസ്തുവിന്റെ ജനനം ആഘോഷിക്കാറുമുണ്ട്. ഇത്തവണ അവര്‍ സംഘടിച്ച് ഒരുങ്ങിയിരിക്കുകയാണ്. ഞങ്ങളുടെ ആഘോഷങ്ങള്‍ അവര്‍ അലങ്കോലപ്പെടുത്തും. ഞങ്ങളെ അവര്‍ ആക്രമിക്കും. ആരാണ് ഈ ചെറിയ സമൂഹം ഭയക്കുന്ന അവര്‍? ഗ്രാമത്തിന്റെ സര്‍പഞ്ചായ ബീരുറാം ബഗേല്‍ മാധ്യമപ്രവര്‍ത്തകരോട് തുറന്നടിച്ച കാര്യങ്ങളില്‍ ഈ ഭയമുണ്ടാക്കുന്ന ‘അവര്‍’ ഉണ്ട്. ക്രിസ്തീയ വിശ്വാസം സ്വീകരിച്ച ഈ കുടുംബങ്ങളെല്ലാം ഘര്വാപ്സി നടത്തി ഹിന്ദു-ഗോത്ര സമുദായങ്ങളിലേക്ക് തിരികെ വരണം. അല്ലെങ്കില്‍ അവര്‍ ഈ ഗ്രാമം വിട്ട് പോകേണ്ടിവരും. അവരുടെ ക്രിസ്തുമസ്സ് ആഘോഷം ഞങ്ങള്‍ അനുവദിക്കില്ല. ഹിന്ദുത്വ തീവ്രനിലപാടുകള്‍ സ്വീകരിക്കുന്നവരുടെ സ്വരമാണ് ഗ്രാമപ്രമുഖിന്റേത്. അതാണ് ‘അവരുടെ’ സ്വരം. പറമ്പുതര്ക്കത്തിന്റെ പേരില്‍ ജഗദല്‍പൂര്‍ ഹൈക്കോടതിയില്‍ ഹാജരാകേണ്ടിവന്ന ഈ ക്രിസ്തീയ വിശ്വാസികള്‍ക്ക് വേണ്ടി വക്കാലത്തെടുത്ത സോണ്സിങ്ജലി എന്ന അഭിഭാഷകന് കോടതിയില്‍ പറഞ്ഞത് ഭരണഘടനാവിരുദ്ധമായ ഈ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നാണ്. ഇത്തരത്തിലുള്ള മുഴുവന്‍ വിശദാംശങ്ങളോടെയും ഗ്രൗണ്ട് റിപ്പോര്‍ട്ടിംഗ് ടീം ഛത്തീസ്ഗഡ് സംസ്ഥാനത്തിന്റെ ആഭ്യന്തരവകുപ്പ് കൈയാളുന്ന ഡെപ്യൂട്ടി ചീഫ് മിനിസ്റ്റര്‍ വിജയ്ശര്മ്മയോട് ഇവയെപ്പറ്റിയെല്ലാം അന്വേഷിച്ചു. മറുപടി കിട്ടിയില്ല.
ഭരണഘടനാ വാര്‍ഷിക ചര്‍ച്ചകള്‍ പൊടിപൊടിക്കുമ്പോള്‍ മനുഷ്യാവകാശങ്ങളും ഭരണഘടനാവകാശങ്ങളും ലംഘിക്കപ്പെടുന്നവര്‍ ഈ നാട്ടിലുണ്ട് എന്നത് ഖേദകരമാണ്.
മണിപ്പൂരില്‍ കത്തിയമര്‍ന്ന് ചാരമായ ദൈവാലയങ്ങള്ക്കിടയില് ദൈവപുത്രന് പിറക്കുമെന്ന പ്രതീക്ഷയുണ്ട്. പാതിരാമണികളുടെ മുഴക്കം എന്തു സദ്വാര്ത്തയായിരിക്കും മണിപ്പൂരിനായി നല്‍കുക എന്നത് ആത്മീയ ചോദ്യമല്ല – രാഷ്ട്രീയ ചോദ്യമാണ്. മൊരിഞ്ഞ റൊട്ടിയുടെയും രുചിയൂറുന്ന വിഭവങ്ങളുടെയും ക്രിസ്തുമസ്സ് ആഘോഷത്തിന്റെ ഉച്ചനേരത്തെ, ആഘോഷരാവിനെ, ഉപവാസംകൊണ്ട് അടയാളപ്പെടുത്തുകയാണ് മുനമ്പം നിവാസികള്‍. ക്രിസ്തുമസ്സ് നാളില്‍ വിശപ്പിന്റെ കത്തുന്ന അക്ഷരങ്ങള്‍കൊണ്ട് അവര്‍ ഇന്ത്യയുടെ ഭരണഘടനയെ പകര്ത്തിയെഴുതുകയായിരിക്കും. അത് പോരാട്ടവും വചനം മാസമാകുന്ന സദ്വാര്ത്തയുമായിരിക്കും.
പിന്കുറിപ്പ്:
പാര്‍ലമെന്റില്‍ പാലസ്തീന് ബാഗ് എന്ന രാഷ്ട്രീയ ബാഗുമായി വയനാട് എം.പി. എത്തിയപ്പോള്‍, ഇസ്രയേലി കവിയും പോരാളിയുമായിരുന്ന യഹുദ അമിഖായ്യുടെ കവിതകള്‍ വീണ്ടും വായിക്കണമെന്നു തോന്നി. (രണ്ട് യുദ്ധകവിതകള്‍ എന്ന പേരില്‍ വീരാന്‍കുട്ടി മാഷ് അത് വിവര്‍ത്തനം ചെയ്തിരിക്കുന്നു). ‘അവരുടെ കരച്ചിലുകള്ക്കിടയിലെ ആഴമേറിയ മലയിടുക്കിലൂടെ നടക്കാന്‍ ഞാനാഗ്രഹിക്കുന്നു. അവരിലുള്ള നിശ്ശബ്ദതയുടെ ഉഷ്ണതരംഗത്തില്പെടാന് ഞാനിഷ്ടപ്പെടുന്നു. ആ വേദനയുടെ പരുക്കന്‍ മരക്കാതലില് ചാരിനില്ക്കാന് ഞാന്‍ കൊതിക്കുന്നു…ഹാജറ, ഇസ്മായേലിനെ എന്നപോലെ അമ്മയെന്നെ കുറ്റിപ്പുല്ലിനടിയില് ഒളിപ്പിക്കുന്നു. അതിനാല്‍ ഞാന്‍ പോരില്‍ കൊല്ലപ്പെടുന്നത്. അവരറിയില്ല. കുറ്റിപ്പുല്ലിനടിയില്, ഏതോ ഒരു യുദ്ധത്തില്‍.’ എല്ലാ ദേശാതിര്‍ത്തികളെയും നമ്മള് വരഞ്ഞ വിഭജനങ്ങളെയും ഭേദിച്ചും അതിലംഘിച്ചും കടന്നെത്തുന്ന യുദ്ധക്കെടുതികളെയും മനുഷ്യവേദനയെയും മരണത്തെയും അഭിസംബോധന ചെയ്യുന്ന ഈ കവിത, മലയാളിയുടെ ഹുങ്ക് റോഡിലൂടെ വലിച്ചിഴച്ച മാതന് എന്ന പാവപ്പെട്ട ആദിവാസി യുവാവിന് സമര്‍പ്പിക്കുന്നു. സിറിയയിലെയും യുക്രെയ്നിലെയും ലെബനനിലെയും ക്രിസ്തുമസ്സ് രാവുകളുടെ കണ്ണീരിനും വേദനയ്ക്കും നല്കുന്നു.