തിരുവനന്തപുരം: ഡോ. ജിജു ജോര്‍ജ് അറക്കത്തറയെ കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന് സമിതിയുടെ (കെആര്‍എല്‍സിബിസി) ഡെപ്യൂട്ടി സെക്രട്ടറിയും കേരള ലത്തീന്‍ സഭയുടെ ഉന്നതാധികാര സമിതിയായ കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) ജനറല്‍ സെക്രട്ടറിയുമായി കെആര്‍എല്‍സിബിസി പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ നിയമിച്ചു.
കോട്ടപ്പുറം രൂപതാ അംഗമാണ് റവ. ഡോ. ജിജു ജോര്‍ജ് അറക്കത്തറ. അധ്യാപകന്, പരിശീലകന്, പ്രഭാഷകന്‍, സൈക്കോളജിസ്റ്റ് എന്നീ മേഖലകളില്‍ മികവ് തെളിയിച്ച ജിജു ജോര്‍ജ് കോട്ടുവള്ളി സെന്റ് സെബാസ്റ്റ്യന്‍ ഇടവക അംഗമാണ്.
കെആര്‍എല്‍സിബിസി അസോസിയേറ്റ് ഡെപ്യൂട്ടി സെക്രട്ടറിയായും കെആര്‍എല്‍സിസി അസോസിയേറ്റ് ജനറല്‍ സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. കെആര്‍എല്‍സിബിസി യൂത്ത് കമ്മീഷന് സെക്രട്ടറി, വടക്കന്‍ പറവൂര്‍ കൂട്ടുകാട് ലിറ്റില്‍ ഫ്ളവര്‍ ഇടവക വികാരി, പറവൂര്‍ ഡോണ്‍ ബോസ്കോ ഹോസ്പിറ്റലിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്നീ നിലകളില്‍ സേവമനുഷ്ഠിച്ചിട്ടുണ്ട്.
2008 ഏപ്രില്‍ അഞ്ചിന് പൗരോഹിത്യം സ്വീകരിച്ചതിനു ശേഷം ആറ് ഇടവകകളില്‍ സഹവികാരിയായും രണ്ട് ഇടവകകളില്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ആയും സേവനം ചെയ്തിട്ടുണ്ട്. കോട്ടപ്പുറം രൂപതയിലെ കെസിഎസ്എല്‍ ഡയറക്ടര്‍, കെസിവൈഎം ഡയറക്ടര്‍, ജിസസ് യൂത്ത് പ്രഫഷണല്‍ മിനിസ്ട്രി സ്റ്റേറ്റ് ആനിമേറ്റര്‍ എന്നീ നിലകളില്‍ സേവമനുഷ്ഠിച്ചതിനുശേഷം ഫിലിപ്പീന്‍സിലെ സാന്തോ തോമസ് പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ക്ലിനിക്കല്‍ സൈക്കോളജിയില്‍ ഡോക്ടറേറ്റ് നേടി. Stress Management, Resilience Enhancement, Promotion of Wellbeing എന്നീ മേഖലകളിലാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്.
കെആര്‍എല്‍സിബിസി ഡെപ്യൂട്ടി സെക്രട്ടറിയും കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറിയുമായിരുന്ന ഫാ. തോമസ് തറയില്‍ കെസിബിസി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി നിയമിതനായ ഒഴിവിലാണ് റവ. ഡോ. ജിജു അറക്കത്തറയുടെ നിയമനം.