തിരുവനന്തപുരം: ഗതാഗത നിയമങ്ങള്‍ ലംഘിച്ച് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി മനുഷ്യാവകാശ കമ്മീഷന്. ഇത്തരക്കാർക്കെതിരെ നിയമനടപടി സ്വീകടിക്കണമെന്ന് ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ് സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദേശം നല്കി.
ബീച്ച് റോഡില്‍ റീല്‍സ് ചിത്രീകരിക്കുന്നതിനിടയില്‍ വീഡിയോഗ്രാഫര്‍ കാറിടിച്ച് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മനുഷ്യാവകാശ കമ്മീഷന് നിര്‍ദേശം നല്‍കിയത്. സംഭവത്തിൽ സംസ്ഥാന പോലീസ് മേധാവി സ്വീകരിച്ച നടപടികളെക്കുറിച്ച് നാല് ആഴ്ച്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന് നിര്‍ദ്ദേശം നല്കി.
ഇത്തരം സംഭവങ്ങള്‍ മത്സരഓട്ടത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പുറമേ മറ്റ് വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഭീഷണിയാണെന്ന് ഉത്തരവില്‍ പറഞ്ഞു. ജനുവരി 30ന് രാവിലെ 10.30ന് കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.