അഭിമുഖം
ജോണി മിറാന്‍ഡ/ ബിജോ സില്‍വേരി
തീരദേശജനതയുടെയും ആംഗ്ലോ ഇന്ത്യരുടെയും ആത്മസത്തയെ സവിശേഷമായ ആഖ്യാനസൗന്ദര്യത്താല്‍ വായനക്കാരന്റെ ഹൃദയത്തോടു ചേര്‍ത്തുവച്ച കഥാകാരനാണ് ഇത്തവണത്തെ കെസിബിസിയുടെ സാഹിത്യ പുരസ്കാരം നേടിയ ജോണി മിറാന്‍ഡ. എപ്പൊഴോ കടന്നുപോയ ഒരു കാലഘട്ടത്തില്‍ എറണാകുളം നഗരത്തിന്റെ സമീപപ്രദേശങ്ങളിലെ ഗ്രാമദ്വീപുകളില്‍ കരഞ്ഞും കരയിച്ചും പ്രണയിച്ചും പ്രാര്‍ഥിച്ചും ജീവിതം കഴിച്ചുകൂട്ടിയ ഒരുപറ്റം ആത്മാക്കളാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍. ചരിത്രം, കെട്ടുകഥകള്‍, പാരമ്പര്യവാമൊഴിക്കഥകള് തുടങ്ങിയവ ഒരു ആര്‍ക്കിയോളജിസ്റ്റിന്റെ പാടവത്തോടെ കൊച്ചിയുടെ മണ്ണില്‍ നിന്നദ്ദേഹം കുഴിച്ചെടുത്ത് സാഹിത്യലോകത്ത് പ്രദര്‍ശിപ്പിക്കുന്നു. അതൃപ്തരായ ആത്മാക്കള്‍, നനഞ്ഞ മണ്ണടരുകള്‍, വിശുദ്ധ ലിഖിതങ്ങള്‍, പുഴയുടെ പര്യായം, ജീവിച്ചിരിക്കുന്നവര്‍ക്കു വേണ്ടിയുള്ള ഒപ്പീസ്, പുഷ്പ എന്നിവയാണ് കൃതികള്‍.
* ബാല്യകാലവും കുടുംബപശ്ചാത്തലവും താങ്കളുടെ ജീവിതത്തെയും എഴുത്തിനെയും സ്വാധീനിച്ചിട്ടുണ്ടാകുമല്ലോ. ആ ഓര്‍മ്മകള്‍ പങ്കുവെക്കാമോ?
ബാല്യകാലവും കുടുംബപശ്ചാത്തലവുമൊക്കെ എല്ലാ എഴുത്തുകാരെയും സ്വാധീനിക്കുന്നതുപോലെ എന്നെയും സ്വാധീനിച്ചിട്ടുണ്ട്. പിന്നെ, എന്റെ കുട്ടിക്കാലവും ഓര്‍മകളും അത്ര സുഖകരമല്ല. പക്ഷെ അത് എന്റെ എഴുത്തിനെ സഹായിച്ചിട്ടുണ്ട്. നെഗറ്റീവായിട്ടുള്ള ജീവിതാനുഭവങ്ങളും മറ്റും തീര്‍ച്ചയായും എന്റെ എഴുത്തിനെ സ്വാധീനിച്ചിട്ടുണ്ട്.
* കുടുംബത്തില്‍ സാഹിത്യവും പൊതുപ്രവര്‍ത്തനവുമായി ബന്ധമുള്ളവരുണ്ടായിരുന്നോ?
സാഹിത്യവും പൊതുപ്രവര്‍ത്തനവുമായി നേരിട്ട് ബന്ധമുള്ളവര്‍ കുടുംബത്തിലുണ്ടായിരുന്നുവെന്ന് പറയാനാവില്ല. എന്റെ അപ്പന് ചായക്കച്ചവടക്കാരനായിരുന്നു; അദ്ദേഹത്തിന് ഒരു പൊതുപ്രവര്‍ത്തകന്റെ സ്വഭാവമുണ്ടായിരുന്നു. ജനങ്ങളുമായി ഇടപഴകാനും സംവദിക്കാനും അദ്ദേഹം എളിയ രീതിയില്‍ ശ്രമിച്ചിരുന്നു. ആ ചായക്കടയില്‍ ആളുകളുമായി ഇടപഴകാനും ആശയവിനിമയം നടത്താനും കഴിഞ്ഞത് എന്റെ എഴുത്തിനെ സഹായിക്കുകയും സ്വാധീനിക്കുകയും ചെയ്തിട്ടുണ്ട്.
* വായനയുടെ ലോകത്തേക്കും എഴുത്തിലേക്കും കടന്നത് എങ്ങനെയാണ്?
വീട്ടില്‍ ചായക്കടയായിരുന്നതിനാല് ധാരാളം പത്രമാസികകള്‍ വരുത്തിയിരുന്നു. നാട്ടിന്‍പുറത്തെ ചായക്കടകളില്‍ ആളുകള്‍ ചായ കുടിക്കാന്‍ മാത്രമല്ല, പത്രമാസികകള്‍ വായിക്കാനും രാഷ്ട്രീയ ചര്ച്ചകള്ക്കൊക്കെയും വരുമായിരുന്നു. അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞിട്ടുണ്ട്. പിന്നെ, പ്രശസ്ത സാഹിത്യകാരന് പോഞ്ഞിക്കര റാഫി എന്റെ അയല്‍വാസിയായിരുന്നു. അപ്പോള്‍ ആ ഒരു സ്വാധീനമുണ്ട്. പോഞ്ഞിക്കര എന്നു പറയുന്ന ഗ്രാമത്തില്‍ത്തന്നെ ഒരു സാംസ്കാരിക അന്തരീക്ഷമുണ്ട്.
വായനശാലകളുടെയും നാടകപ്രവര്‍ത്തകരുടെയും ഒക്കെ ഒരു സംസ്കാരമുണ്ട്. പോഞ്ഞിക്കരയുടെ സാംസ്കാരികമായ ഒരു സവിശേഷത സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഞങ്ങളുടെ വീടിനടുത്തൊരു ഗ്രന്ഥാലയം ഉണ്ട്. എവൈഎസ്എസ് എന്ന ഒരു വായനശാല. മുതിര്‍ന്നതിനുശേഷം മാസികകളും പുസ്തകങ്ങളും ധാരാളം അവിടന്ന് വായിക്കാന്‍ കിട്ടിയിട്ടുണ്ട്. അങ്ങനെ പോഞ്ഞിക്കര എന്ന ഗ്രാമത്തിന്റെ സാംസ്കാരിക അന്തരീക്ഷം, പോഞ്ഞിക്കര റാഫി, ചായക്കട അതൊക്കെ എന്നെ സ്വാധീനിക്കുകയും എനിക്ക് വായനയിലേക്ക് തുടക്കം കിട്ടാന്‍ സഹായിക്കുകയും ചെയ്തിട്ടുണ്ട്.
*ബാല്യ, യൗവ്വനകാലങ്ങള്‍ സാഹിത്യ-സാംസ്കാരികപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നോ?
ബാല്യ-യൗവ്വനകാലങ്ങള്‍ സജീവമായിരുന്നോ എന്നു ചോദിച്ചാല്‍ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിരുന്നു. അപ്പോള്‍ കേരള ടൈംസ് പത്രവുമായി ബന്ധപ്പെട്ട് പ്രതിഭാവേദി എന്നൊരു സംഘടനയുണ്ടായിരുന്നു. പ്രതിഭാവേദിയുടെ പോഞ്ഞിക്കര യൂണിറ്റിന്റെ സെക്രട്ടറിയായിരുന്നു ഞാന്‍. ഞങ്ങള്‍ അവിടെ ഒരുപാടു പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. സിപ്പി പള്ളിപ്പുറം, ജോഷി ജോര്‍ജ് അങ്ങനെയുള്ള പ്രഗത്ഭരെ കേരള ടൈംസില്‍ നിന്നു ഞങ്ങള്‍ക്ക് വിട്ടുതരികയും ഒരുപാട് പ്രവര്‍ത്തനങ്ങള്‍ പ്രതിഭാവേദിയുമായി ബന്ധപ്പെട്ട് നടത്തുകയും ചെയ്തിട്ടുണ്ട്. പള്ളിയിലൊക്കെ കലാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. കെസിവൈഎമ്മിന്റെയും കലാമത്സരങ്ങളില്‍ പങ്കെടുക്കാന്‍ സാധിച്ചിട്ടുണ്ട്. ഇതെല്ലാം എന്നെ രൂപപ്പെടുത്താന്‍ സഹായിച്ച ഘടകങ്ങളാണ്.
*രചനയ്ക്കുള്ള വിഷയം എങ്ങനെ കണ്ടെത്തുന്നു? തുടര്‍ന്നുള്ള എഴുത്തിന്റെ രീതി എങ്ങനെയാണ്? എന്തെല്ലാം തയ്യാറെടുപ്പുകള്‍ അതിനുവേണ്ടി നടത്തുന്നു?
എഴുത്തുകാരെ സംബന്ധിച്ച് വിഷയങ്ങള്‍ വന്നുചേരുകയാണ്, ബോധപൂര്‍വം വിഷയമുണ്ടാക്കുകയല്ല. നമ്മുടെ നിത്യജീവിത പ്രവര്‍ത്തനങ്ങളുടെ ഇടയില്‍ മനസ്സ്് വിഷയങ്ങളെ കണ്ടെത്താന്‍ പാകപ്പെട്ടിരിക്കും. നിരന്തരമായ വായനയും നിരീക്ഷണവുമാണ് ഈ പാകപ്പെടലിനു സഹായകമാകുന്നത്. അങ്ങനെയുള്ള ഒരു മനസ്സുമായി നടക്കുമ്പോള്‍ നമുക്ക് എഴുത്തിനുള്ള വിഷയങ്ങള്‍ സ്വയം വീണുകിട്ടുകയാണ്. പിന്നെ മനസ്സിലൊരു എഴുത്തിന്റെ, ആശയത്തിന്റെ വിത്ത് വീണാല്‍ അത് മനസ്സില്‍ കിടന്ന് താനെ വളരും. നമ്മള് ഒരുപാട് കുറിപ്പുകളെടുക്കും. ഈ കുറിപ്പുകള്‍ ചേര്‍ത്തുവച്ചിട്ട് നമ്മള് ഒരു കൃതിയുണ്ടാക്കും. കുറിപ്പുകള്‍ നമുക്ക് ഒരുപാട് സഹായം ചെയ്യാറുണ്ട്. കാരണം പല ആശയങ്ങളും നമുക്ക് വീണുകിട്ടുമ്പോള്‍ നമ്മള് അത് മറന്നുപോകും. മുന്‍കാലങ്ങളില്‍ അത് എഴുതിവയ്ക്കുമായിരുന്നു. ഇപ്പോള്‍ മൊബൈലൊക്കെ വന്നപ്പോള്‍ അത് റെക്കോര്‍ഡ് ചെയ്തു വോയ്സ് ആയിട്ടുവയ്ക്കാനുള്ള സൗകര്യമുണ്ട്. എന്നിട്ട് സൗകര്യം പോലെ എഴുതി സൂക്ഷിക്കും. അങ്ങനെയാണ് എഴുത്തിന്റെ രീതി. പ്രായമായ അനുഭവസമ്പത്തുള്ള ആളുകളുമായി ബോധപൂര്‍വമല്ലാതെയും സംഭാഷണങ്ങളില്‍ ഏര്‍പ്പെടും. അപ്പോള്‍ അവരുടെ സംസാരങ്ങളില്‍ കുറെ അറിവുകളും സാഹിത്യത്തിനുവേണ്ടിയുള്ള മെറ്റീരിയലും കിട്ടും. അതൊക്കെ കുറിച്ചുവയ്ക്കുകയും നോവലിന് ഉചിതമായ രീതിയില്‍ എഴുത്തില്‍ ഉപയോഗിക്കുകയും ചെയ്യാറുണ്ട്.
*സ്വന്തമായ ഒരു ആഖ്യാനരീതി താങ്കളുടെ കൃതികളുടെ പ്രത്യേകതയാണ്. ബോധധാരാ സമ്പ്രദായത്തിന്റെ മറ്റൊരു രൂപമെന്ന് അതിനെ പറയാം. എങ്ങനെ ഈ ശൈലി സ്വരൂപിച്ചെടുത്തു?
എഴുത്തുകാരന്റെ ഭാഷ എന്നുപറഞ്ഞാല്‍ ഒരോ കൃതിക്കും ആവശ്യമായ രൂപവും ഭാഷവും സങ്കേതവും ആ കൃതി ആവശ്യപ്പെടുന്ന രീതിയില്‍ സ്വയമേവ ഉണ്ടായിവരുന്നതാണ്. പോഞ്ഞിക്കര റാഫിയുടെ ‘സ്വര്‍ഗ്ഗദൂതന്‍’ എന്ന നോവല്‍ ബോധധാരാ സങ്കേതത്തില്‍ എഴുതപ്പെട്ടതാണെന്നുള്ളത് വളരെ പ്രശസ്തമാണല്ലോ. ബോധധാരാ സങ്കേതം എന്നുപറയുന്നത് ഒരുപാട് സാധ്യതകളുള്ള ആഖ്യാനരീതിയാണ്. അതുകൊണ്ട് ചിലപ്പോള്‍ അതിന്റെയൊരു സ്വാധീനം എന്നിലുണ്ടായിട്ടുണ്ടാകും. എന്റെ ‘മണല്‍ത്തട്ടിലെ കടല്‍ക്കാക്കകള്‍’ എന്ന നോവലെറ്റ് ഭാഷാപോഷിണിയില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ അതിന്റെ പത്രാധിപരായിരുന്ന സി. രാധാകൃഷ്ണന്, പ്രസിദ്ധീകരിച്ചതിന്റെയൊപ്പം ഒരു കുറിപ്പെഴുതിയിട്ടുണ്ടായിരുന്നു. ”സ്വര്ഗ്ഗദൂതനുമായി വന്ന റാഫിയുടെ, പോഞ്ഞിക്കരയില്നിന്നു ലഭിച്ച ഈ ബോധധാരയില്‍ വാമൊഴിതന്നെ മാധ്യമവും ആ മാധ്യമം തന്നെ സൃഷ്ടിയുമായി പരിണമിക്കുന്ന അപൂര്‍വ്വ സുകൃതം കാണുന്നു. മലയാള കഥാകഥനപാരമ്പര്യത്തില് നിറത്തനിമയാര്ന്നതാണീ വാഗ്മയം” എന്ന് അദ്ദേഹം എഴുതി. ‘മണല്‍ത്തട്ടിലെ കടല്‍കാക്കള്‍’ ശ്രദ്ധിക്കപ്പെട്ടതിന്റെ ഒരു കാരണം അതിന്റെ കണ്ടന്റിനൊപ്പം എഴുത്തിന്റെ രീതിയും ഭാഷയുടെ പ്രത്യേകമായ ഉപയോഗവും തിരഞ്ഞെടുപ്പുമാണെന്ന് എനിക്ക് തോന്നുന്നു. പക്ഷേ, അത് വായിക്കാന്‍ വളരെ ബുദ്ധിമുട്ടുള്ള ഒന്നാണ്. മധ്യകേരളത്തിന്റെ തീരപ്രദേശങ്ങളിലല്ലാതെ, കേരളത്തിലെ മറ്റു ഭാഗങ്ങളില്‍ മലയാളം ഉപയോഗിക്കുന്നവരുടെ ഇടയില്‍ കമ്യൂണിക്കേറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടാണ് ആ ഭാഷയെന്നു തോന്നുന്നു. കൊച്ചിയിലെ തനിഭാഷ അതേപടി എഴുതിയത് വായിച്ചു മനസ്സിലാക്കാനായിട്ട് അല്പം ബുദ്ധിമുട്ടുണ്ട്. ഓരോ പ്രദേശത്തിനും അങ്ങനെത്തന്നെയാണ്. ഞാന്‍ എപ്പോഴും എഴുത്തിന്റെ അകത്തെ കണ്ടന്റിനെപോലെത്തന്നെ വളരെ ബോധപൂര്‍വം അതിന്റെ രൂപത്തെക്കുറിച്ചും ഭാഷയെക്കുറിച്ചും ചിന്തിക്കുകയും അത് നന്നാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരു എഴുത്തുകാരനാണെന്നാണ് എന്റെ വിശ്വാസം. അത് എന്റെ എഴുത്ത് ശ്രദ്ധിക്കപ്പെടാന്‍ കാരണവുമായിട്ടുണ്ടെന്നു തോന്നുന്നു.
*ബന്ധങ്ങള്‍ക്കിടയിലുള്ള അസ്വാരസ്യങ്ങള്‍, ചില കൂട്ടുചേരലുകള്‍ എന്നിവ താങ്കളുടെ കഥകളില്‍ അന്തര്‍ലീനമാണ്. തലമുറകളുടെ വികാസപരിണാമങ്ങള്‍ കഥകളിലുണ്ട്. ജീവിതസാഹചര്യങ്ങളില്‍ നിന്നാണോ കഥകളുടെ വിത്തുകള്‍ കണ്ടെടുക്കുന്നത്?
തീര്‍ച്ചയായിട്ടും എല്ലാ എഴുത്തുകാരെയും പോലെ ജീവിതസാഹചര്യങ്ങളില്നിന്നുതന്നെയാണ് നമ്മുടെ എഴുത്തിന്റെ റോമെറ്റീരിയല്‍ കണ്ടെത്തുന്നത്. ഇത് തലമുറകളുടെ വികാസപരിണാമങ്ങളുമാണ്. അതുകൊണ്ടുതന്നെയാണ് നമ്മുടെ കാഴ്ചയില്‍പ്പെട്ട ആ വ്യത്യാസം രേഖപ്പെടുത്താന്‍ അങ്ങനെയൊരു രീതി ഉപയോഗിക്കുന്നത്. ഒരു ജീവിതം നമ്മള് നിരീക്ഷിച്ച് അത് അതേപടിതന്നെ ആവിഷ്കരിക്കുകയല്ല ചെയ്യുന്നത്. എഴുത്തുകാരന്റെ ഭാവനയും കാഴ്ചപ്പാടുകളും കൂട്ടിക്കലര്ത്തിയിട്ടാണ് ആ ജീവിതങ്ങളെ ആവിഷ്കരിക്കുന്നത്. പല ജീവിതങ്ങളെ നമ്മള് കഥാപാത്ര സൃഷ്ടിക്കുവേണ്ടി കൂട്ടിക്കലര്‍ത്തി ഉപയോഗിക്കും. ഒരു കഥാപാത്രവും അതായിട്ടുതന്നെ ജീവിക്കുകയോ വളരുകയോ ചെയ്യുന്ന ഒന്നല്ല. അതേപടിയല്ല, പല വ്യക്തികളില്‍നിന്നുള്ള സവിശേഷമായ പ്രത്യേകതകള്‍ വായിച്ചിട്ട് അത് കൂട്ടിക്കലര്‍ത്തി നമ്മുടേതായ ഭാവനയും കലര്‍ത്തി വായനക്കാര്‍ക്ക് പ്രത്യേകത തോന്നുന്ന ഒരു പുതിയ കഥാപാത്രത്തെ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.
*പോഞ്ഞിക്കാര റാഫിയും സബീന റാഫിയും പോലുള്ള എഴുത്തുകാരും നാടകക്കാരും സജീവമാക്കിയ ഇടമാണ് താങ്കളുടെ ഭൂമിക. ഏതെല്ലാം വിധത്തില്‍ ഇതെല്ലാം സ്വാധീനിച്ചിട്ടുണ്ട്?
പോഞ്ഞിക്കര റാഫിയും സബീന ടീച്ചറും തീര്‍ച്ചയായിട്ടും എഴുത്തിനെ സ്വാധീനിച്ചിട്ടുണ്ട്. ടൈറ്റസ് ഗോതുരുത്ത് എഡിറ്റ് ചെയ്ത പ്രണത ബുക്സ് പ്രസിദ്ധീകരിച്ച ‘സബീന റാഫി 101 വര്‍ഷങ്ങള്‍’ എന്ന പുസ്തകത്തില്‍ ഒരു അനുസ്മരണ കുറിപ്പ് ഞാനെഴുതിയിരുന്നു. അതില്‍ ഞാന്‍ സബിനാ റാഫിയുടെയും പോഞ്ഞിക്കര റാഫിയുടെയും സ്വാധീനത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. ഒരുപാട് എഴുത്തുകാര്‍ നമ്മുടെ വീടിന്റെ മുമ്പിലൂടെ നടന്നുപോകുന്നതും കണ്ടിട്ടുണ്ട്. അവരോടൊക്കെ സംസാരിക്കുവാനും കഴിഞ്ഞിട്ടുണ്ട്. പോഞ്ഞിക്കര റാഫിയും സബീന ടീച്ചറുമായും ഒരുപാട് തവണ സംസാരിക്കാനും നമ്മുടേതായ രീതിയില്‍ ആശയവിനിമയം നടത്താനും കഴിഞ്ഞിട്ടുണ്ട്. ആദ്യമൊക്കെ എഴുതിയ ചെറുകഥകള്‍ പോഞ്ഞിക്കര റാഫിയുടെ കൈയില്‍ കൊടുത്തിട്ട് വായിച്ച്, അതിന്റെ തിരുത്തലുകളും നിര്‍ദ്ദേശങ്ങളും എഴുത്തിന്റേതായ ഉപദേശങ്ങളും എനിക്ക് ധാരാളം കിട്ടിയിട്ടുണ്ട്. അതൊക്കെ നന്ദിയോടെ ഓര്‍ക്കാന്‍ പറ്റുന്നുണ്ട്. പോഞ്ഞിക്കര എന്ന ഗ്രാമത്തിന്റെ സാംസ്കാരിക അന്തരീക്ഷത്തെകുറിച്ച് നേരത്തെ പറഞ്ഞിട്ടുണ്ട്. അവിടെ എപ്പോഴും ഉത്സവങ്ങളും പള്ളിപ്പെരുന്നാളുകളുമായി ബന്ധപ്പെട്ട് ഒരുപാട് കലാപരിപാടികളും നാടകങ്ങളും കഥാപ്രസംഗങ്ങളും ഒക്കെ കുട്ടിക്കാലം മുതല്‍ക്ക് കാണാന്‍ കഴിഞ്ഞിട്ടുണ്ട്. അതുപോലെ പള്ളിയിലെ ഫാമിലി യൂണിറ്റുകളുമായി ബന്ധപ്പെട്ട് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പോഞ്ഞിക്കര എന്ന ഗ്രാമത്തില്‍ ജനിച്ചു ജീവിച്ചില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ ഞാന്‍ ഒരു എഴുത്തുകാരനാവില്ല. കളമശേരിയില്‍ ആറു വര്‍ഷം ഞാന്‍ ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിട്ടുണ്ട്. അപ്പോള്‍ അവിടെയൊന്നും ഇത്തരമൊരു അന്തരീക്ഷം ഉണ്ടായില്ല. നമ്മള് ജനിച്ചസ്ഥലത്ത് ജീവിക്കുമ്പോഴാണ് അത് മനസ്സിലാക്കാന്‍ പറ്റുകയുള്ളൂ.
ലോകത്തെല്ലായിടത്തും ഒരുപക്ഷേ ഓരോരുത്തുരെയും സംബന്ധിച്ച് അങ്ങനെയുണ്ടായിരിക്കാം. പക്ഷേ പോഞ്ഞിക്കരക്ക് തീര്‍ച്ചയായുമുണ്ട്. ഇവിടെനിന്ന് പലരും അങ്ങനെ ഉയര്‍ന്നുവന്നിട്ടുണ്ട്. ഈ ഗ്രാമത്തില്‍ നിന്ന് എത്രയോ പ്രതിഭകളാണ് വിവിധ മേഖലകളിലേക്ക് ഉയര്‍ന്നുവന്നിരിക്കുന്നത്. ഇത് അപൂര്‍വ നേട്ടമാണ് പോഞ്ഞിക്കരയ്ക്ക്. പോഞ്ഞിക്കര റാഫി പറയുമായിരുന്നു, പണ്ട് ഇവിടെ നിധി കുഴിച്ചിട്ടിട്ടുണ്ട് എന്ന്്. അപ്പോള്‍ ഇങ്ങനെയുള്ള കാര്യങ്ങളായിരിക്കും നിധി എന്നുദ്ദേശിച്ചത്. പിന്നെ പോര്‍ച്ചുഗീസുകാരുടെയും ഡച്ചുകാരുടെയുമൊക്കെ അധിനിവേശമായിട്ട് ബന്ധപ്പെട്ടത് കൊച്ചിയാണല്ലോ. ഒരുപാട് അധിനിവേശങ്ങളുടെയും ചരിത്രത്തിന്റെയുമൊക്കെ ഈറ്റില്ലമാണല്ലോ ഈനാട്. ബോള്‍ഗാട്ടിയിലെ ഡച്ച് കൊട്ടാരം തുടങ്ങിയവ. അപ്പോള്‍ ഇതിന്റെയൊക്കെ സ്വാധീനം എഴുത്തില്‍ തീര്‍ച്ചയായിട്ടും വന്നിട്ടുണ്ടാകും. വലിയ ക്യാന്‍വാസിലുള്ള നോവലുകള്‍ക്ക് സാധ്യതകളുണ്ട്. അതൊന്നും പ്രയോജനപ്പെടുത്താന്‍ നമുക്ക് കഴിഞ്ഞിട്ടില്ലെന്നു മാത്രം.
*ആംഗ്ലോ ഇന്ത്യന്‍ പശ്ചാത്തലമാണ് മിക്കവാറും കഥകള്‍ക്കും അടിസ്ഥാനം. തീരദേശജീവിതങ്ങളും പരാമര്‍ശിക്കപ്പെടുന്നു. മതം, എറണാകുളത്തെ തുരുത്തുകളിലെ ജീവിതം ഇതെല്ലാം കേട്ടുകേള്‍വികളും നേരിട്ടറിഞ്ഞ കാഴ്ചകളുമാണോ?
ഞാന്‍ ആംഗ്ലോ ഇന്ത്യന്‍ സമുദായത്തില്‍ ജനിച്ചുവളര്‍ന്ന ഒരാളാണ്. അപ്പോള്‍ ആംഗ്ലോ ഇന്ത്യന്‍ ജീവിതത്തെക്കുറിച്ച് എഴുതാന്‍ എനിക്ക് എളുപ്പമാണ്. അതുമാത്രമല്ല ചൂച്ചിമാരെന്നും അച്ചമാരെന്നുമൊക്കെ വിളിക്കുന്ന പറങ്കികളുടെ യഥാര്‍ത്ഥ ജീവിതം മലയാള സാഹിത്യത്തില്‍ ആരും ഇതുവരെ എഴുതിയിട്ടില്ല. സിനിമകളിലൊന്നിലും വന്നിട്ടില്ല. അപ്പോള്‍ എഴുത്തിനൊരു പ്രത്യേകത കിട്ടാന്‍ അല്ലെങ്കില്‍ എന്റെ എഴുത്ത് ഒന്നുവേറിട്ടു നില്ക്കാന് ആംഗ്ലോ ഇന്ത്യന്‍സിന്റെ ജീവിതം എഴുതണമെന്ന് എനിക്കു തോന്നി. അതുപോലെ മറ്റാരും എഴുതാത്തത് എഴുതുമ്പോള്‍ അതുമൊരു പ്രത്യേകതയാണല്ലോ. എന്നെ സംബന്ധിച്ച് അത് എളുപ്പവുമാണ്. അതൊരു പ്രധാനപ്പെട്ട കാര്യമാണ്.
തീരജീവിതവും മതവുമൊക്കെ നമ്മളെ വളരെ സ്വാധീനിച്ചതാണ്. നമ്മള് ആ സമുദായത്തില്‍, സമൂഹത്തില്‍ തന്നെയാണ് ജീവിക്കുന്നത്. തീരപ്രദേശത്തെ ആളുകളുടെ ജീവിതം വളരെ വ്യത്യസ്തമാണ്. അത് സൂക്ഷ്മമായിട്ട് എന്റെ കൃതികളില്‍ ഉണ്ടെന്നാണ് എനിക്കു തോന്നുന്നത്. അതുപോലെ മതത്തിന്റെ സ്വാധീനം. വളരെ കുട്ടിക്കാലം മുതല്‍ക്കെ പള്ളിയില്‍ പോകുകയും ആ ആചാരങ്ങളില്‍ വളരെ കൗതുകത്തോടെയും ഭക്തിയോടെയും പങ്കെടുക്കുകയും ചെയ്തിരുന്നു. പള്ളിപ്പെരുന്നാളിന്റെയും ചടങ്ങുകളുടെയും വര്‍ണാഭമായ ഒരു പ്രത്യേകത വളരെ വലുതാണ്. നമ്മുടെ സാമൂഹികജീവിതത്തെ നയിക്കുന്നതില്‍ പള്ളിക്കും മറ്റും വളരെ നിര്‍ണായകമായ പങ്കുണ്ട്. മതങ്ങളും ആചാരങ്ങളും വിട്ടൊരു ജീവിതം നമ്മുടെ നാട്ടിന്‍പുറത്തു് ഒരാള്‍ക്കും ഇല്ല. അത് സ്വാഭാവികമായും നമ്മുടെ എഴുത്തിനെ ബാധിക്കും. മതത്തിന്റെ ആശയങ്ങളും കാഴ്ചപ്പാടുകളുമൊക്കെ സാഹിത്യത്തിന് ഒരു ഭംഗി കൊടുക്കാന്‍ പറ്റിയതാണ്. ബൈബിള്‍ തന്നെ അത്തരമൊരു സൃഷ്ടിയാണല്ലോ. മതങ്ങളുമായി ബന്ധപ്പെട്ട ആചാരങ്ങളും ചിഹ്നങ്ങളും എഴുത്തിന് വേറൊരു തലം കൊടുക്കാനും മഹത്വം കൊടുക്കാനുമൊക്കെ നല്ല കാര്യമാണ്. അല്ലെങ്കില്‍ എഴുത്ത് വളരെ ശൂന്യമായിപ്പോകും. തീര്‍ച്ചയായിട്ടും അതെന്നെ വളരെ സഹായിച്ചിട്ടുണ്ട്. വിദേശസാഹിത്യമൊക്കെ വായിക്കുമ്പോള്‍ ഇത് മനസ്സിലാക്കാന്‍ പറ്റും. ഓരോ ജനവിഭാഗത്തിന്റെയും ഇടയിലെ സാഹിത്യത്തിലും അവര്‍ ജീവിച്ച മതങ്ങളുടെയും സമുദായങ്ങളുടെയും ആചാരങ്ങളുടെയൊക്കെ സൂക്ഷ്മമായ പ്രയോഗതലങ്ങളുണ്ട്. സാഹിത്യത്തിന്റെ ഭാഗമാണത്.
*ആംഗ്ലോ ഇന്ത്യന്‍ സമുദായം നൂറ്റാണ്ടുകളായി കേരളത്തില്‍ ജീവിക്കുന്നുണ്ടെങ്കിലും ഇപ്പോഴും കൂറെപ്പേരെങ്കിലും പൊതുസമൂഹത്തില്‍ നിന്ന് അകന്നുനില്‍ക്കുന്നവരാണെന്ന് തോന്നിയിട്ടുണ്ടോ? ക്രൈസ്തവ-കത്തോലിക്ക വിഭാഗത്തില്‍ തന്നെയാണെങ്കിലും മറ്റു വിഭാഗങ്ങളോട് ഇപ്പോഴും അകല്‍ച്ച പാലിക്കുന്നുണ്ടോ?
ആംഗ്ലോ ഇന്ത്യന്‍ സമുദായം പൊതുപ്രവര്‍ത്തനത്തിന്റെ പാതയിലേക്ക് വരുന്നവരല്ല. അവര്‍ ജീവിതം ആഘോഷപൂര്‍വം ജീവിച്ചുതീര്‍ക്കുന്ന ആളുകളാണ്. അവര്‍ ബോധപൂര്‍വം മാറിനില്‍ക്കുന്നതല്ല. അത് അവരുടെ ഒരു സവിശേഷമായ രീതിയാണ്. സമ്പാദ്യശീലം കുറഞ്ഞവരും ധൂര്ത്തന്മാരുമൊക്കെയാണ് പലരും. അതും ബോധപൂര്‍വമല്ല, അവര്‍ക്ക് പാരമ്പര്യമായി കിട്ടിയ ജീവിതത്തിന്റെ ഭാഗമാണത്. മറ്റ് മതവിഭാഗക്കാരോട് ബോധപൂര്‍വമായ അകല്‍ച്ചയൊന്നും ആംഗ്ലോ ഇന്ത്യന്‍ സമുദായത്തിനില്ല. സഭയുമായി നല്ല സഹകരണത്തോടെ പോകുന്ന ഒരു വിഭാഗക്കാരാണ് ആംഗ്ലോ ഇന്ത്യന്‍സ്.
*താങ്കളുടെ ആഖ്യാനങ്ങളില്‍ ഓര്‍മകള്‍ എപ്പോഴും മേല്‍ക്കൈ നേടുന്നുണ്ട്. ഓര്‍മകളിലൂടെ സഞ്ചരിക്കുമ്പോള്‍ നാട്ടില്‍ സംഭവിച്ച സാംസ്കാരികവും സാമൂഹികവുമായ വ്യതിയാനങ്ങള്‍ സ്പഷ്ടമാകുന്നുണ്ട്. കഴിഞ്ഞ കാലത്തെ കുറിച്ച് നഷ്ടബോധമുണ്ടോ? അതോ മാറ്റങ്ങള്‍ അനിവാര്യമാണെന്നു കരുതുന്നുണ്ടോ?
ജീവിതം എന്നു പറയുന്നതുതന്നെ ഓര്‍മ്മകളാണ്. ഈ ഓര്‍മ്മകളുടെ എഴുത്താണ് ജീവിതം. പിന്നെ കഴിഞ്ഞകാലത്തിന്റെ അവശിഷ്ടങ്ങള്‍ കാണുമ്പോള്‍ നഷ്ടബോധം ഉണ്ടോ എന്നു ചോദിച്ചാല്‍ അങ്ങനെയില്ല. കാരണം, അത് അനിവാര്യമാണ്. എനിക്കു തോന്നുന്നത് ഇപ്പോള്‍ ഞങ്ങളെ സംബന്ധിച്ച് ഞങ്ങളുടെ ജീവിതത്തിലെ ആചാരങ്ങള്‍, വസ്ത്രസംവിധാനങ്ങള്, ഭക്ഷണം അങ്ങനെ കുറേ കാര്യങ്ങള്‍ ആംഗ്ലോ ഇന്ത്യന്‍സിന് നഷ്ടമായിട്ടുണ്ട്. തുണിയും കവായയും ഉടുക്കുന്ന ആളുകള്‍ ഈ സമൂഹത്തില്‍ ഇന്നില്ല. ഏതാണ്ട് അപ്രത്യക്ഷമായി. ഒരു പത്തുകൊല്ലത്തിനിപ്പുറം തുണിയും കവായയും ഇട്ട
ഒരു ചൂച്ചിയെ നമുക്ക് നേരിട്ടുകാണാന്‍ പറ്റിയിട്ടില്ല. ഏതെങ്കിലും മ്യൂസിയത്തില്‍ അതിന്റെ മോഡലുണ്ടാകാം. പ്രദര്ശനങ്ങളിലുണ്ടാകും. അത് കാലത്തിന്റെ അനിവാര്യതയാണ്. കാരണം ആ വസ്ത്രങ്ങള്‍ അത്ര ഭംഗിയുള്ളതായിരിക്കില്ല. അസൗകര്യങ്ങളുള്ള വസ്ത്രങ്ങളുമാണ്. എല്ലാ ആചാരങ്ങളും അങ്ങനെതന്നെ. അതൊക്കെ കാലത്തിന്റെ കുത്തൊഴുക്കില്‍ നഷ്ടപ്പെട്ടുപോകുന്നത് അനിവാര്യതയാണ്. അതിന് നമ്മള് നഷ്ടബോധമോ കുറ്റബോധമോ ഉണ്ടാക്കിയിട്ട് കാര്യമില്ല. നമ്മുടെ കൊച്ചിഭാഷ ഇന്ന് തനതായ സ്ലാങ്ങില്‍ സംസാരിക്കുന്നവരില്ല. മണല്‍ത്തട്ടിലെ കടല്കാക്കകളിലെ ഭാഷയും ഒരു പത്തുകൊല്ലത്തിനുള്ളില്‍ നശിച്ചു പോകാം. പിന്നെ അങ്ങനെ സംസാരിക്കുന്നൊരാളെ നമുക്ക് കണ്ടെത്താന്‍ പറ്റില്ല. അപ്പോള്‍ ഭാഷ ഒരു മ്യൂസിയം പീസാണ്. നമ്മള് കുറ്റബോധമില്ലെങ്കിലും അത് വീണ്ടെടുക്കാന്‍ ഓര്‍മകളിലൂടെ, എഴുത്തിലൂടെ ശ്രമിക്കുന്നു. അതു വീണ്ടെടുത്ത് സാഹിത്യസൗന്ദര്യത്തോടെ സംരക്ഷിക്കുക എന്നുള്ള ഉദ്ദേശ്യം എഴുത്തിലുണ്ട്. ആദ്യകാലത്തേത് ബോധപൂര്‍വമായിരുന്നില്ല, അത്തരം എഴുത്ത്. പക്ഷേ ഇപ്പോള്‍ അതിന്റെ ഒരു പ്രാധാന്യം അറിയാം. നശിച്ചുപോയ ഓര്‍മകളില്‍ മാത്രമുണ്ടായിരുന്നത് രേഖപ്പെടുത്തപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന മറ്റൊരു സാമൂഹിക, രാഷ്ട്രീയ പ്രവര്‍ത്തനം കൂടിയാണ് എഴുത്തിലൂടെ ചെയ്തുകൊണ്ടിരിക്കുന്നത്.
*ഭ്രമാത്മകമായ തലങ്ങളിലൂടെയാണ് പല കഥകളും കടന്നുപോകുന്നത്. മൂലമ്പിള്ളിയിലെ അഗസ്തിനോസ് പുണ്യാളന്, ആത്മാക്കള്‍, കൊടുങ്ങല്ലൂര്‍ ഭഗവതി, സെബസ്ത്യാനോസ് പുണ്യാളന് എന്നിവരെല്ലാം പലപ്പോഴും പരാമര്‍ശിക്കപ്പെടുന്നുണ്ട്. മതപരമായ കാഴ്ചകള്‍ എഴുത്തിനെ എപ്രകാരമാണ് സ്വാധീനിച്ചിട്ടുള്ളത്?
കഥാപാത്ര സൃഷ്ടിയില്‍ പല തലങ്ങള്‍ അല്ലെങ്കില്‍ കഥാപാത്രത്തിന്റെ ആത്മാവ്, കഥാപാത്രത്തിന്റെ സ്വഭാവത്തിന് ആഴം നല്‍കാനായി അയാളുടെ ചുറ്റുപാടുകള്‍, മതം എന്നിവ സൂക്ഷ്മതയോടെ എഴുതുന്നത് ഉപകാരപ്പെടുമെന്നാണ് തോന്നിയിട്ടുള്ളത്. അപ്പോള്‍ എന്നെ സംബന്ധിച്ച് ക്രിസ്തുമതത്തിനും ബൈബിളിനും സുവിശേഷത്തിനും ഒക്കെ ഒരുപാട് ഭക്തിയുടെയും വിശ്വാസത്തിന്റെയും ഒക്കെ അല്ലാത്ത സൗന്ദര്യതലങ്ങളുണ്ട്. അത്തരത്തില്‍ പാട്ടുപാടുകയും കുര്‍ബാനയൊക്കെ ചൊല്ലുകയും ചെയ്യുന്ന രീതികളുണ്ട്. അതൊക്കെ എന്നെ നന്നായി സ്വാധീനിക്കുകയും ചെയ്തിട്ടുണ്ട്. അത് എഴുത്തില്‍ വരികയും ചെയ്തിട്ടുണ്ട്. ഭ്രമാത്മകമായൊരു എഴുത്ത്, അത് ബോധപൂര്‍വം കൊണ്ടുവരുന്നതാണ്. കാരണം സാഹിത്യമെന്നത് നേരവാ നേരപോ എന്നതല്ല. ഈ സ്വപ്നങ്ങളുടെയും ഭ്രമാത്മകതയുടെയും സങ്കല്പത്തിന്റെയും അയാഥാര്‍ത്ഥ്യത്തിന്റെയും ലോകത്തിന്റെ വികാരമുള്‍ക്കൊണ്ട ഒരു എഴുത്തിന്റെ രീതി ഉണ്ടായിവരണം. അല്ലെങ്കില്‍ അത് പത്രപ്രവര്ത്തനമായിപ്പോകും. പത്രഭാഷ, പത്രപ്രവര്‍ത്തനം, റിപ്പോര്‍ട്ടിംഗ് ഒക്കെയായിപ്പോകും. റിപ്പോര്‍ട്ടിംഗ് അല്ലാത്ത ഒരു സാധനമായിട്ട് ഫിക്ഷന്‍ മാറുന്നത് എഴുത്തില്‍ സ്വന്തമായ വ്യതിയാനങ്ങള്‍ വരുത്തുമ്പോഴാണ്. സാഹിത്യത്തിന്റെ പ്രസക്തി എന്നു പറയുന്നത് അത് തിരഞ്ഞെടുക്കുന്ന പ്രമേയങ്ങളുടെ പ്രത്യേകത കൂടിയാണെന്ന് ഞാന്‍ കരുതുന്നു.
*മരിച്ചവരുടെ മുകളിലാണ് ജീവിച്ചിരിക്കുന്നവര്‍ വിലസുന്നത് എന്ന നിലപാടും ഉണ്ടോ?
ആത്മാക്കളെക്കുറിച്ചുള്ള എഴുത്ത്, അതെനിക്ക് ചിന്തിക്കുമ്പോള്‍തന്നെ ഉന്മാദം തരുന്ന വിഷയമാണ്. എനിക്കറിയാം, എന്റെ പല കൃതികളിലും മരിച്ചവര്‍ ജീവിച്ചിരിക്കുന്നവരെ പോലെതന്നെ പ്രത്യക്ഷപ്പെടുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോഴും ഒരിക്കലും ഉത്തരം കിട്ടാത്ത, അല്ലെങ്കില്‍ നിഗൂഢമായിരിക്കുന്ന, അതുമല്ലെങ്കില്‍ സൗന്ദര്യം അവസാനിക്കാത്തൊരു പ്രക്രിയയാണ് മരണം. ലോകത്തിലെ എല്ലാ എഴുത്തുകാര്‍ക്കും എപ്പോഴും പ്രിയപ്പെട്ട വിഷയമാണത്. അതിന്റെ പ്രസക്തിയില്ലാതാകുന്നില്ല. ഇപ്പോള്‍ വിശപ്പിനെക്കുറിച്ച് എഴുതിയാല്‍, ദാരിദ്ര്യം അവസാനിക്കുമ്പോള്‍ വിശപ്പിന്റെ പ്രസക്തി കഴിഞ്ഞു. അല്ലെങ്കില്‍ പ്രണയത്തിന്റെപോലും പ്രസക്തി ചില ജീവിതാവസ്ഥകളില്‍ നഷ്ടപ്പെട്ടുപോകും. വാര്‍ധക്യത്തിന്റെയോ അല്ലെങ്കില്‍ വേറെ ഏതെങ്കിലും അവസ്ഥകളുടെയോ പ്രസക്തിയും നഷ്ടപ്പെട്ടുപോകാം. പക്ഷേ മരണത്തിന്റെ ഒരു കാലികത അതു നഷ്ടപ്പെട്ടുപോകുന്നില്ല. അതിന്റെ ഉത്തരം, അതിന്റെ നിഗൂഢത, അതിന്റെ ഭ്രമാത്മകത, എന്തെല്ലാം വാക്കുകളില്‍ പറഞ്ഞാലും മരണത്തിന്റെ ഒരു സൗന്ദര്യം വളരെ വലുതാണ്. അത് ലോകത്ത് എല്ലായിടത്തും, സാഹിത്യത്തില്‍ എക്കാലത്തും ഇക്കാലത്തും വളരെ ഫലപ്രദമായിട്ട് ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. വളരെയധികം നിരീക്ഷണങ്ങള്‍ ആത്മാക്കളെക്കുറിച്ചൊക്കെ ഒരുപാടുണ്ടെന്ന് എനിക്കറിയാം. ലോകപ്രശസ്തമായ കൃതികള്‍ പലതുണ്ട്. മലയാളത്തില്‍ ഒരുപക്ഷേ എനിക്കു തോന്നുന്നത് കുറവാണെന്നാണ്. ഒരു വായനക്കാരനെ സംബന്ധിച്ച് എപ്പോഴും വായനാസുഖം കിട്ടാന്പറ്റിയൊരു പ്രമേയവും വിഷയവുമൊക്കെത്തന്നെയാണ് മരണവും ആത്മാക്കളുമൊക്കെ.
*സാമൂഹിക നീതിയോടും സമൂഹത്തോടും എഴുത്തുകാരന് എന്തെങ്കിലും പ്രതിജ്ഞാബദ്ധതയുണ്ടെന്നു കരുതുന്നുണ്ടോ? അല്ലെങ്കില്‍ സമൂഹത്തില്‍ സാഹിത്യത്തിനുള്ള പങ്ക് എന്താണ്?
എഴുത്തുകാരന് സമൂഹത്തോട് പ്രതിജ്ഞാബദ്ധതയുണ്ടെന്ന് എനിക്കു തോന്നുന്നില്ല. എഴുത്തുകാരന് എഴുത്തിനോടായിരിക്കണം പ്രതിജ്ഞാബദ്ധത പുലര്‍ത്തേണ്ടത്. അപ്പോഴേ ആ സാഹിത്യകൃതി നന്നാകുകയുള്ളൂ. സമൂഹത്തിനോടുള്ള പ്രതിജ്ഞാബദ്ധത വച്ച് സാഹിത്യത്തിനെ സമീപിച്ച് എഴുതിക്കഴിഞ്ഞാല്‍ സാഹിത്യവും മോശമാകും സമൂഹവും മോശമാകും. പിന്നെ, കൃതികളൊക്കെ വായിച്ചിട്ട് സാമൂഹിക ജീവിതത്തില്‍ മാറ്റങ്ങള്‍ വരും, നന്നാകും എന്നൊന്നും എനിക്ക് വിശ്വാസമില്ല. ഒന്നാമത്തെ കാര്യം സാഹിത്യം വായിക്കുന്നവരുടെ എണ്ണംതന്നെ കുറവാണ്. വളരെ അപൂര്‍വം കൃതികള്‍ മാത്രമേ ധാരാളം വിറ്റുപോകുകയും വായിക്കപ്പെടുകയും ചെയ്യുന്നുള്ളൂ. അത്തരം കൃതികള്‍ തന്നെ വായിച്ചിട്ട് ആളുകള്‍ ഉള്‍ക്കൊണ്ട് ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തും എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അങ്ങനെയാണെങ്കില്‍ ലോകം എപ്പോഴേ നന്നായിപ്പോയേനെ! വിശുദ്ധഗ്രന്ഥങ്ങള്‍ വായിച്ചിട്ടു പോലും ആളുകള്‍ നന്നാകുന്നില്ല, ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നുമില്ല. സമൂഹം ഗുണകരമായ മുന്നേറ്റം നടത്തുമ്പോള്‍ സാഹിത്യത്തിന് പങ്ക് ഉണ്ടെങ്കിലും, അത് വളരെ ചെറിയ അംശമേ ഉള്ളൂ. സാമൂഹിക പരിഷ്കര്‍ത്താക്കള്‍ക്കാണ്, എനിക്കു തോന്നുന്നു, ഈ എഴുത്തുകാരെക്കാള്‍ കൂടിയ പങ്ക് അതിനായി വഹിക്കാന്‍ കഴിയുന്നത്. സാഹിത്യകാരന് സാമൂഹികപരിഷ്കര്‍ത്താവിന്റെ ഭാഗം എടുത്താല്‍ സാഹിത്യത്തിന് അതു ദോഷം വരുത്തുമെന്നാണ് ഞാന്‍ കരുതുന്നത്. സാഹിത്യം അതായിട്ടുതന്നെ നില്‍ക്കുകയും അതിന്റെ ധര്‍മ്മം നിറവേറ്റുകയും അതിന്റെ സൗന്ദര്യാത്മകമായ, രൂപപരമായ സവിശേഷതകള്‍ വികസിപ്പിക്കാനും അതിന്റെ ഭംഗിയില്‍ ശ്രദ്ധകൊടുക്കുവാനും നല്ല രീതിയില്‍ വായനക്കാരെ സന്തോഷിപ്പിക്കാനും ശ്രമിക്കുകയാണ് വേണ്ടത്. സാമൂഹികപ്രതിജ്ഞാബദ്ധതയെന്നു പറയുന്നത് എഴുത്തിലല്ല ഉണ്ടാകേണ്ടത്, അത് വ്യക്തിപരമായിട്ട് നമുക്ക് സമൂഹത്തോട് എന്തെങ്കിലും നല്ലതു ചെയ്യാന്‍ പറ്റുമെങ്കില്‍ ചെയ്യുകയോ, അല്ലെങ്കില്‍ നമ്മള് മോശം കാര്യങ്ങള്‍ ചെയ്യാതിരിക്കുകയോ ചെയ്യുക എന്നുള്ളതാണ്. എഴുത്തിലൂടെ അങ്ങനെ ആഹ്വാനം ചെയ്ത് എഴുത്ത് വായനക്കാരെ നന്നാക്കാമെന്നു പറഞ്ഞ് എഴുതുന്നത് വളരെ വികലവും മോശവും പിന്തിരിപ്പനുമായ കാഴ്ചപ്പാടാണ്. എഴുത്തുകാരന്റെ പ്രതിജ്ഞാബദ്ധത എഴുത്തിനോടുതന്നെയാണ്. സാമാന്യസമൂഹം തീര്‍ച്ചയായിട്ടും എഴുത്തുകാരനോട് വലിയ താല്പര്യമൊന്നും കാണിക്കുന്നില്ലെന്ന് എനിക്കു തോന്നിയിട്ടുണ്ട്. എഴുത്തുകാരന് പ്രത്യേകമായ ഒരു പരിഗണനയോ അല്ലെങ്കില്‍ ആനുകൂല്യങ്ങളോ ഒന്നും അവര്‍ കൊടുക്കുന്നില്ല. അതുകൊണ്ട് എഴുത്തുകാരന് എഴുത്തിനോടു മാത്രം പ്രതിജ്ഞാബദ്ധത കാണിച്ചാല്‍ മതി എന്നാണ് എന്റെ വിശ്വാസം.
*ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനമുള്ള എഴുത്തുകാരില്‍ ഒരാളായിരുന്നു ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസ്. എഴുത്തുകാരന് സത്യം പറയാന്‍ ഭയപ്പെടേണ്ടതില്ല, വായനക്കാരന് അസ്വസ്ഥതയുണ്ടെങ്കിലും സത്യം വെളിപ്പെടുത്തുന്ന കഥകള്‍ എഴുതാന്‍ അവന് തയ്യാറായിരിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇന്ത്യയുടെ വളര്‍ന്നുവരുന്ന സാഹചര്യങ്ങളില്‍ ആ അഭിപ്രായത്തിന് എത്രമാത്രം പ്രസക്തിയുണ്ട്?
സത്യം വെളിപ്പെടുത്താന്‍ കഥകള്‍ എഴുതണമെന്നു പറയുന്നതിനോട് എനിക്കു യോജിപ്പില്ല. രാഷ്ട്രീയ സാഹചര്യങ്ങളെ മാറ്റാനായി സത്യം വിളിച്ചുപറയാന്‍ നോവലോ ചെറുകഥയോ എഴുതണമെന്നില്ല. കഥയും നോവലും കവിതയുമൊക്കെ നിങ്ങള്‍ക്ക് എഴുതാം, എഴുതാന്‍ പാടില്ലെന്നില്ല. ആ സാഹചര്യങ്ങളെ വിശകലനം ചെയ്യാനോ വിളിച്ചുപറയാനോ നോവലും കഥകളുമൊക്കെ എഴുതാം. എന്റെ സാഹിത്യത്തിന്റെ ഉദ്ദേശ്യമോ ലക്ഷ്യമോ എന്റെ എഴുത്തുരീതിയോ അതല്ലെന്നുമാത്രം. അതുകൊണ്ട് ആ രീതിയില്‍, സമൂഹത്തില്‍, രാഷ്ട്രീയത്തില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ സത്യം വിളിച്ചുപറയുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടേയില്ല. അതുകൊണ്ട് എനിക്ക് അക്കാര്യത്തില്‍ ഭയം ഉണ്ടായിട്ടില്ല, ഉണ്ടാകേണ്ട കാര്യമില്ല. സാഹിത്യത്തെ നമ്മള് ആ രീതിയിലല്ല സമീപിക്കേണ്ടത്. പ്രതികരിക്കാന്‍ നമുക്ക് വേറെ വഴികളുണ്ട്. സാഹിത്യത്തെ അങ്ങനെ ഉപയോഗിച്ചിട്ടുള്ളവര്‍ ധാരാളമുണ്ട്. പക്ഷെ എന്റെയൊരു വഴി അതാണെന്ന് എനിക്ക് തോന്നിയിട്ടില്ല.
*ലഭിച്ച പുരസ്കാരങ്ങള്‍? അംഗീകാരങ്ങള്‍?
സത്യം പറഞ്ഞാല്‍, ഞാനൊരു പതിനേഴു വയസ്സുമുതല്‍ എഴുതാന്‍ തുടങ്ങിയതാണ്. ഇന്നെനിക്ക് 56 വയസ്സായി. പക്ഷേ പുരസ്കാരങ്ങളൊന്നും കാര്യമായി എന്നെത്തേടി വന്നിട്ടില്ല. നാട്ടിലും ജോലിസ്ഥലത്തുമൊക്കെയുള്ള ചെറിയ ചെറിയ അംഗീകാരങ്ങള്‍ – അവാര്‍ഡ് എന്നു പറയാന്‍ പറ്റാത്തവ – കിട്ടിയിട്ടുണ്ട്. ഏറ്റവും പ്രധാനപ്പെട്ടത് എനിക്ക് ആദ്യമായി കിട്ടിയ അംഗീകാരം കെസിബിസിയുടെ സാഹിത്യ അവാര്‍ഡാണ്. എന്റെ സാഹിത്യത്തിലെ തുടക്കത്തില്‍ കേരള ടൈംസ് സഹായിച്ചതുപോലെ, അവാര്‍ഡിന്റെ തുടക്കത്തിലും സഭാസ്ഥാപനമായ കെസിബിസി ആണ്
സഹായിച്ചത്. അതില്‍ നന്ദിയും സന്തോഷവുമുണ്ട്. പ്രത്യേകിച്ച് കെസിബിസി മീഡിയ കമ്മിഷന് സെക്രട്ടറി ഫാ. സിബു ഇരിമ്പിനിക്കലിനോട്. പ്രധാനപ്പെട്ട ഒരു അംഗീകാരം എന്നു പറയാന്‍ പറ്റുമോ എന്നറിയില്ല, എന്റെ ‘ജീവിച്ചിരിക്കുന്നവര്‍ക്കുവേണ്ടിയുള്ള ഒപ്പീസ്’ എന്ന നോവല്‍ ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രസ്സ് ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത് എന്നെ സംബന്ധിച്ച് ഒരു അംഗീകാരമാണ്. ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പോലുള്ള ഒരു പ്രസാധക സ്ഥാപനം എന്റെ ബുക്ക് ഇംഗ്ലീഷില്‍ പ്രസിദ്ധീകരിക്കുക എന്നത് വലിയ അഭിമാനം നല്കുന്ന കാര്യമാണ്. ഏതെങ്കിലും പ്രസ്ഥാനങ്ങളുടെയോ രാഷ്ട്രീയ പാര്‍ട്ടികളുടെയോ ഭാഗമായി നിന്ന് സജീവമായി പ്രവര്‍ത്തിക്കുകയും അവരെ പിന്തുണക്കുകയും ചെയ്യുമ്പോഴാണ് നമുക്ക് അവാര്‍ഡുകളും പുരസ്കാരങ്ങളും പലപ്പോഴും കിട്ടുന്നത്. പിന്നെ, കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ പുരസ്കാരങ്ങളും അവാര്‍ഡുകളും എഴുത്തുകാരെ തേടിയെത്തുന്നത് 60 വയസ്സിനുശേഷം, അതും അവര്‍ക്ക് അതിന്റെയൊന്നും ആവശ്യമില്ലാതെവരുന്നൊരു സാഹചര്യത്തിലും മരണത്തോടടുക്കുമ്പോഴൊക്കെയാണ്. പ്രോത്സാഹനം കൊടുക്കേണ്ടത് യുവാവായിരിക്കെ എഴുതിത്തുടങ്ങുമ്പോള്‍ തന്നെയാണ്. പല യുവ എഴുത്തുകാര്‍ക്കും ആദ്യകാലങ്ങളില്‍ വലിയ പുരസ്കാരങ്ങളൊന്നും കിട്ടാറില്ല. പുരസ്കാരങ്ങള്‍ കിട്ടാത്തത് കേരളത്തിലെ അന്തരീക്ഷത്തില്‍ സ്വാഭാവികമായൊരു പ്രക്രിയയാണെന്ന് വിശ്വസിക്കുന്നതുകൊണ്ട് എനിക്കു ദുഃഖമില്ല.