പ്രഫ. ഷാജി ജോസഫ്
ഇന്ത്യയുടെ 55-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള 2024 നവംബർ 20 മുതൽ 28 വരെ ഗോവയിലെ മണ്ഡോവി നദിക്കരയിൽ, തലസ്ഥാന നഗരമായ പനാജിയിൽ നടന്നു. മേളയിൽ 36 രാജ്യങ്ങളിൽ നിന്നുള്ള 292 ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. ലോക സിനിമാ വിഭാഗം, സിനിമകളുടെ ലോക പ്രീമിയറുകൾ, നിരവധി ഏഷ്യൻ- ഇന്ത്യൻ പ്രീമിയറുകൾ എന്നിവ മേളയെ ആകർഷകമാക്കി. ഇന്ത്യൻ പനോരമ വിഭാഗത്തിൽ 25 ഫീച്ചർ ഫിലിമുകളും 20 നോൺ ഫീച്ചർ ഫിലിമുകളും ഉൾപ്പെടുന്നു. കൂടാതെ, ഇന്ത്യൻ സിനിമയിലെ ഇതിഹാസങ്ങളായ രാജ് കപൂർ, തപൻ സിൻഹ, അക്കിനേനി നാഗേശ്വര റാവു എന്നിവരുടെ ക്ലാസിക് സിനിമകളുടെ റീസ്റ്റോർ ചെയ്ത പതിപ്പുകൾ മേളയുടെ പ്രത്യേകതയായിരുന്നു. ഏകദേശം ഒമ്പതിനായിരത്തോളം പ്രതിനിധികൾ മേളയിൽ പങ്കെടുത്തു. പനാജിയിലെ INOX Complex ആയിരുന്ന പ്രധാന വേദി. കൂടാതെ പൊർവോറിം, മഡ്ഗാവ്, പോണ്ട എന്നീ സ്ഥലങ്ങളിലടക്കം പതിനെട്ടോളം സ്ക്രീനുകൾ ഉണ്ടായിരുന്നു. വളരെ ദൂരത്തിലുള്ള മഡ്ഗാവിലും പോണ്ടയിലും എത്തിക്കുവാൻ വാഹന സൗകര്യം ഏർപ്പെടുത്തിയിരുന്നെങ്കിലും, പോയി വരാൻ സമയമെടുക്കുന്നത് കൊണ്ട് പ്രധാന വേദികളിൽ നല്ല തിരക്കനുഭവപ്പെട്ടു. ഇതുമൂലം പല നല്ല സിനിമകളും കാണാനുള്ള അവസരം കാണികൾക്ക് നഷ്ടമായി. ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പട്ട ചിത്രങ്ങളിൽ പലതും സംഘപരിവാർ അനുകൂലമായിരുന്നു എന്നത് മേളയുടെ നിറം കെടുത്തി എന്നിരുന്നാലും ലോകസിനിമയുടെ പുതിയ ചലനങ്ങളാൽ സമ്പന്നമായ അനവധി ചിത്രങ്ങൾ കാണാൻ കഴിഞ്ഞു.
ആസ്ട്രേലിയൻ സംവിധായകൻ മൈക്കിൾ ഗ്രേസി സംവിധാനം ചെയ്ത ബെറ്റർ Man എന്ന സിനിമയായിരുന്നു ഉദ്ഘാടന ചിത്രം. ബ്രിട്ടീഷ് സൂപ്പർസ്റ്റാർ പോപ് ഗായകനായിരുന്ന റോബി വില്യംസിന്റെ ജീവിതകഥ പ്രത്യേക രീതിയിൽ അവതരിപ്പിച്ച ചിത്രം കയ്യടി നേടി. ചെക്ക് റിപ്പബ്ലിക്കിൽ നിന്നുള്ള Bohdan Slama സംവിധാനം നിർവ്വഹിച്ച Dry Season ആയിരുന്നു അവസാന ചിത്രം വംശീയത ചർച്ച ചെയ്യുന്നു. രണ്ട് വംശങ്ങളിൽ ഉള്ള പിതാക്കന്മാർ, അവരുടെ മക്കൾ തമ്മിലുള്ള സ്നേഹത്തിന് വംശീയത മൂലം തടയിടുമ്പോഴുള്ള സംഭവങ്ങളാണ് ഈ സിനിമയിൽ ചർച്ച ചെയ്യുന്നത്.
ലിത്വാനിയൻ സംവിധായക Saule Bliuvaite സംവിധാനം ചെയ്ത ടോക്സിക് മേളയിലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള സുവർണ്ണ മയൂരവും (Golden Peacock Award) 40 ലക്ഷം രൂപയുടെ ക്യാഷ് അവാർഡും കരസ്ഥമാക്കി. അമ്മ ഉപേക്ഷിച്ച കൗമാരക്കാരിയുടെ കഥയാണ് പറയുന്നത്. ദുരിതാവസ്ഥയിൽ നിന്ന് കരകയറാൻ മോഡലിംഗ് സ്കൂളിൽ ചേർന്ന മരിയയുടെ ഗ്ലാമർ ആയ ജീവിതത്തിനുള്ള അവസരങ്ങൾക്ക് വേണ്ടിയുള്ള ഓട്ടമാണ് സിനിമ. അതിനായി തീവ്രവും അപകടകരവുമായ വഴികളിലൂടെ പോകുവാൻ പ്രേരിപ്പിക്കുന്ന, മനുഷ്യ മനസ്സിന്റെയും ശരീരത്തിന്റേയും എല്ലാ ദുർബലതകളും മഹത്വങ്ങളും അന്വേഷണം ചെയ്യുന്നു സിനിമ. മേളയിലെ ഏറ്റവും മികച്ച നടിക്കുള്ള പുരസ്കാരത്തിന് അർഹയായത് ഈ സിനിമയിലെ നായികയെ ഉജ്ജ്വലമായി അവതരിപ്പിച്ച Vesta മറ്റുലയുടെ ആണ്.
മികച്ച സംവിധാനത്തിനുള്ള അവാർഡ് The Ney Year That Never Came എന്ന ചിത്രം സംവിധാനം ചെയ്ത റൊമാനിയൻ സംവിധായകൻ Bogdan മുറീസാണ് കരസ്ഥമാക്കി. 1989ൽ റൊമാനിയയിലെ ചാഷെസ്ക്യൂ ഭരണകൂടത്തിനെതിരെയുള്ള ആഭ്യന്തര വിപ്ലവത്തെ തുടർന്നുള്ള സംഭവങ്ങളാണ് സിനിമ പറയുന്നത്. ഫ്രഞ്ച് സംവിധായകനായ Louise Courvoieier ചെയ്ത Holy Cow എന്ന സിനിമയിലെ അഭിനയത്തിന് Clement Favreau വിന് മികച്ച നടനുള്ള അവാർഡ് ലഭിച്ചു. മദ്യപാനവും നൃത്തവും നിറഞ്ഞ അശ്രദ്ധമായ ജീവിതം നയിച്ച കൗമാരക്കാരനായ ടോട്ടൺ തൻറെ ഏഴു വയസ്സുള്ള സഹോദരിക്ക് വേണ്ടി ജീവിതവഴികൾ മാറ്റുന്നതാണ് സിനിമയുടെ പ്രമേയം. മേളയിലെ സ്പെഷ്യൽ ജൂറി അവാർഡും Holy Cow ന് ലഭിക്കുകയുണ്ടായി.
മികച്ച നവാഗത സംവിധാനത്തിനുള്ള അവാർഡ് Familiar Touch എന്ന സിനിമചെയ്ത യു എസി ൽ നിന്നുള്ള സംവിധായിക Sarah Friedland നേടി. ICFT UNESCO Gandhi Medal പുരസ്കാരം സ്വീഡിഷ് സംവിധായകനായ ലെവൻ Akin ന്റെ Crossing എന്ന ചിത്രം കരസ്ഥമാക്കി. വിരമിച്ച അധ്യാപികയായ ലിയ, ഏറെ നാളായി നഷ്ടപ്പെട്ട തൻ്റെ മരുമകളായ ടെക്ലയെ കണ്ടെത്തുവാനായി ജോർജിയയിൽ നിന്നും ടർക്കിയുടെ തലസ്ഥാനമായ ഇസ്റ്റാംബൂളിലേക്ക് യാത്രയാകുന്നു. അവിടെ ഭിന്നലിംഗക്കാരുടെ അവകാശങ്ങൾക്കായി പോരാടുന്ന അഭിഭാഷകയായ എവ്രിമിനെ കണ്ടുമുട്ടുന്നു. അന്വേഷണങ്ങൾ തുടരെ കൂടുതൽ യാഥാർഥ്യങ്ങൾ വെളിപ്പെടുന്നു. മനോഹരമായ ദൃശ്യാനുഭവമാണ് ജെൻഡർ ഇഷ്യൂ ചർച്ച ചെയ്യുന്ന ഈ സിനിമ.
ഇന്ത്യയിൽ OTT പ്ലാറ്റ്ഫോമുകളിലുള്ള വെബ് സീരീസുകളുടെ മത്സരത്തിൽ Nipun Avinash സംവിധാനം ചെയ്ത Lampan പുരസ്കാരത്തിന്
അർഹമായി. ഇന്ത്യൻ പനോരമയിൽ മലയാളത്തിൽ നിന്ന് മൂന്ന് ചിത്രങ്ങൾ ഉണ്ടായിരുന്നു ബ്ലെസ്സി സംവിധാനം ചെയ്ത ആടുജീവിതം, രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ബ്രഹ്മയുഗം, അറഫാസ് അയ്യൂബ് സംവിധാനം നിർവഹിച്ച ലെവൽ ക്രോസ് എന്നീ ചിത്രങ്ങളിൽ ആടുജീവിതം ഏറെ ചർച്ച ചെയ്യപ്പെട്ടു.
മേളയിലെ മറ്റു മികച്ച ചിത്രങ്ങൾ പോർച്ചുഗീസ് എഴുത്തുകാരനും സംവിധായകനുമായ Miguel ഗോമസ് സംവിധാനം നിർവഹിച്ച ചിത്രം Grand Tour. വിവാഹ ജീവിതത്തെ ഭയന്ന് വിവാഹ ദിവസം ഒളിച്ചോടുന്ന വരൻ എഡ്വേർഡ്. ബർമ്മയിൽ നിന്നും പുറപ്പെടുന്ന അയാൾ കിഴക്കൻ ഏഷ്യയിലെ പല രാജ്യങ്ങളിലൂടെയും സഞ്ചരിക്കുന്നു, പക്ഷേ പ്രതിശ്രുത വധു മോളി അയാളെ പിന്തുടരുന്നുണ്ട്. കിഴക്കനേഷ്യന് രാജ്യങ്ങളുടെ സാംസ്കാരിക വൈവിധ്യങ്ങളെ അടയാളപ്പെടുത്തുന്ന തരത്തിലാണ് സംവിധായകൻ ഇവരുടെ യാത്ര ചിത്രീകരിച്ചിരിക്കുന്നത്. നിലവിലുള്ള സിനിമയുടെ രീതികളെ പാടെ തമസ്കരിക്കുന്നു 1918 ലെ ചരിത്ര പശ്ചാത്തലത്തിലെടുത്ത ഈ സിനിമ. ചിത്രത്തിൻറെ ദൃശ്യങ്ങളും സംഗീതവും എടുത്തുപറയേണ്ടതാണ്. 2024 Cannes Film Festival ൽ മികച്ച സംവിധാനത്തിനുള്ള അവാർഡ് ഈ ചിത്രത്തിനായിരുന്നു.
Payal Kapadia രചനയും സംവിധാനവും നിർവഹിച്ച All We Imagine as ലൈറ്റ് എന്ന ചിത്രം 2024 Cannes Film Festivalൽ ഗ്രാൻഡ് പ്രിക്സ് നേടി. 30 വർഷത്തിനുശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ സിനിമ ഈ നേട്ടത്തിലേക്ക് വീണ്ടും എത്തുന്നത്. മൂന്ന് സ്ത്രീകളുടെ ജീവിതങ്ങളിലൂടെയാണ് ഈ സിനിമ തിരിയുന്നത്. മുംബൈ നഗരത്തിലെ ഒരു ആശുപത്രിയിൽ നഴ്സായ പ്രഭ, അനു എന്നീ രണ്ടു മലയാളി സ്ത്രീകളും ആശുപത്രിയിലെ ഭക്ഷണശാലയിൽ ജീവനക്കാരിയായ പാർവതിയും. വിവിധങ്ങളായ സങ്കടങ്ങളിൽ ജീവിക്കേണ്ടിവരുന്ന സ്ത്രീകൾ. ജീവിതത്തിൻറെ തീഷ്ണമായ ഭാവങ്ങൾ അവരെ മുറിവേൽപ്പിക്കുമ്പോൾ ചേർന്നുനിൽക്കലിന്റെ പ്രാധാന്യം വിളിച്ചു പറയുന്ന സിനിമ.
തുടരും…