വാഷിംഗ്ടൺ :അധികാരമേറ്റെടുത്താൽ ഉടൻ തന്നെ ജന്മാവകാശ പൗരത്വം അവസാനിപ്പിക്കുമെന്ന് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കുടിയേറ്റം നിയന്ത്രിക്കാനും അമേരിക്കക്കാരനാകുക എന്നതിൻ്റെ അർത്ഥം പുനർനിർവചിക്കാനും ലക്ഷ്യമിട്ടുള്ള പ്രചാരണ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിനായി അധികാരത്തിൽ വന്നയുടൻ ഇത് നടപ്പാക്കും എന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. എന്‍ബിസിയുടെ ‘മീറ്റ് ദി പ്രസ്’ പരിപാടിയില്‍ ക്രിസ്റ്റന്‍ വെല്‍ക്കറുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
മതിയായ രേഖകളില്ലാത്ത മാതാപിതാക്കള്‍ക്ക് ജനിക്കുന്നവരുടെ അവകാശങ്ങള്‍ ഇല്ലാതാക്കുകയാണ് ജന്മാവകാശ പൗരത്വം അവസാനിപ്പിക്കുന്നതോടെ ചെയ്യുന്നത്. കഴിയുമെങ്കിൽ എക്സിക്യൂട്ടീവ് നടപടിയിലൂടെ ഇതിന്റെ നടപടികൾ ക്രമങ്ങൾ പൂർത്തിയാക്കുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
1868-ൽ അംഗീകരിച്ച അമേരിക്കയുടെ ഭരണഘടനാ ഭേദഗതിയിലാണ് ജന്മാവകാശ പൗരത്വം ഉറപ്പുനൽകുന്നത്. പൗരത്വത്തോടുള്ള രാജ്യത്തിൻ്റെ സമീപനത്തിൻ്റെ അടിസ്ഥാന ശിലയാണ് യുഎസ് ഭരണഘടനയുടെ 14-ാം ഭേദഗതി എന്നാണ് കണക്കാക്കുന്നത്. അതേസമയം ജന്മാവകാശമുള്ള പൗരത്വമുള്ള ഒരേയൊരു രാജ്യം യുഎസാണെന്ന് എൻബിസി അഭിമുഖത്തിൽ ട്രംപ് അവകാശപ്പെടുമ്പോഴും , മറ്റ് 30 ലധികം രാജ്യങ്ങൾ ഈ സമീപനം പിന്തുടരുന്നുണ്ട്.
ആൻ്റിഗ്വ, ബാർബുഡ, അർജൻ്റീന, ബാർബഡോസ്, ബെലീസ്, ബൊളീവിയ, ബ്രസീൽ, കാനഡ, ചാഡ്, ചിലി, കോസ്റ്റാറിക്ക, ക്യൂബ, ഡൊമിനിക്ക, ഇക്വഡോർ, എൽ സാൽവഡോർ, ഗ്രെനഡ, ഗ്വാട്ടിമാല, ഗയാന, ഹോണ്ടുറാസ്, ജമൈക്ക, ലെസോത്തോ, മെക്സിക്കോ, നിക്കാറ പനാമ, പരാഗ്വേ, പെറു, സെൻ്റ് കിറ്റ്സ് നെവിസ്, സെൻ്റ് ലൂസിയ, സെൻ്റ് വിൻസെൻ്റ് ആൻഡ് ഗ്രനേഡൈൻസ്, ടാൻസാനിയ, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, തുവാലു, ഉറുഗ്വേ, വെനിസ്വേല അടക്കമുള്ള രാജ്യങ്ങൾ ഈ സമീപനം പിന്തുടരുന്നവരാണ്.