വത്തിക്കാന്‍: ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് കൂവക്കാടിനെ കത്തോലിക്ക സഭയുടെ കര്‍ദിനാളായി ഉയര്‍ത്തി. ഇന്ത്യന്‍ സമയം രാത്രി 9ന് വത്തിക്കാല്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ മുഖ്യ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. ഇന്ത്യൻ സഭാചരിത്രത്തിലാദ്യമായിട്ടാണ് വൈദികരിൽ നിന്നും ഒരാളെ നേരിട്ട് കർദിനാൾ പദവിയിലേക്ക് ഉയർത്തുന്നത്.
മാര്‍ ജോര്‍ജ് കൂവക്കാടിനെ കൂടാതെ ഇരുപത് പേരെയും കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. മാര്‍പാപ്പയുടെ പ്രത്യേക കുര്‍ബാനയോട് കൂടി ആരംഭിച്ച ചടങ്ങില്‍ പുതിയ കര്‍ദിനാള്‍മാരുടെ പ്രഖ്യാപനവും തൊപ്പി, മോതിരം, അധികാര പത്രം എന്നിവ കൈമാറുന്ന ചടങ്ങുമാണ് നടന്നത്. പൗരസ്ത പാരമ്പര്യം പ്രകാരമുള്ള തൊപ്പിയും കുപ്പായവുമാണ് മാര്‍ കൂവക്കാട് ധരിച്ചത്.
കേരളത്തിൽനിന്ന് സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ, കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ച്ബിഷപ് മാർ തോമസ് തറയിൽ, ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, മാർ തോമസ് പാടിയത്ത്, മാർ സ്റ്റീഫൻ ചിറപ്പണത്ത് ഉൾപ്പെടെയുള്ളവർ തിരുക്കർമങ്ങളിൽ പങ്കെടുത്തു.
സ്ഥാനാരോഹണച്ചടങ്ങിൽ പങ്കെടുക്കുന്നതിനായി പ്രത്യേക പ്രതിനിധിസംഘത്തെ കേന്ദ്ര സർക്കാർ വത്തിക്കാനിലേക്ക് അയച്ചിരുന്നു. കേന്ദ്ര ന്യൂനപക്ഷ വകുപ്പ് സഹമന്ത്രി ജോർജ് കുര്യൻ, മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ എന്നിവരുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് ചടങ്ങിൽ പങ്കെടുത്തത്.
കൊടിക്കുന്നിൽ സുരേഷ് എംപി, രാജ്യസഭാംഗമായ ഡോ. സത്നാം സിംഗ് സന്ധു, ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി, യുവമോർച്ച മുൻ ദേശീയ സെക്രട്ടറി അനൂപ് ആന്റണി, ബിജെപി ദേശീയ വക്താവ് ടോം വടക്കൻ എന്നിവരാണ് പ്രതിനിധിസംഘത്തിലുള്ള മറ്റുള്ളവർ.