വരാപ്പുഴ : അപ്പോസ്തോലിക്ക് ന്യൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് ഡോ. ലെയോപോള്‍ദോ ജിരെല്ലിക്ക് കൂനമ്മാവ് സെന്റ് ഫിലോമിനാസ് ദേവാലയത്തില്‍ ചാവറ തീര്‍ത്ഥാടന കേന്ദ്രത്തില്‍ ഉഷ്മളമായ വരവേല്പ് നല്കി. വിശുദ്ധ ചാവറയച്ചന്റെ കബറിടത്തിങ്കല്‍ തിരി തെളിയിച്ച ശേഷം പുഷ്പാര്‍ച്ചന നടത്തി. ചാവറയച്ചന് മരണമടഞ്ഞ മുറിക്കു സമീപമായി നിര്‍മ്മിക്കുന്ന ചാവറ ഊട്ടുഭവന്റെ ശിലാ ആശീര്‍വ്വാദം ന്യൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് ഡോ. ലെയോപോള്‍ദോ ജിറെല്ലി നിര്‍വ്വഹിച്ചു.
വിശുദ്ധ ചാവറയച്ചന്റെ വിശുദ്ധ പദവി പ്രഖ്യാപന ദശവര്‍ഷ ആഘോഷത്തിന്റെ സ്മാരകമായിട്ടാണ് ഊട്ടുപുര നിര്‍മ്മിക്കുന്നത്. വരാപ്പുഴ അതിരൂപത സഹായ മെത്രാന് ഡോ. ആന്റണി വാലുങ്കല്‍, സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന മോണ്‍.ഇലാരിയോ ജിരെല്ലി, ഫാ. ജൂസെപ്പേ ലോക്കാത്തെല്ലി, അതിരൂപത വികാരി ജനറല്‍ മോണ്‍. മാത്യു ഇലഞ്ഞിമറ്റം, ഡോ. ജോബ് വാഴക്കൂട്ടത്തില്‍ എന്നിവരും അപ്പസ്തോലിക് ന്യൂണ്ഷ്യോയോടൊപ്പം ഉണ്ടായിരുന്നു.
തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ മോണ്‍സിഞ്ഞോര്‍ സെബാസ്റ്റ്യന്‍ ലൂയീസ്, സഹവികാരി സുജിത് സ്റ്റാന്‍ലി നടുവിലപ്പറമ്പില്‍, ഡീക്കന്‍ ഗോഡ്സന് ചമ്മണിക്കോടത്ത് സ്വീകരണങ്ങള്‍ക്ക് നേതൃത്വം നല്കി. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതിയായ അപ്പോസ്തോലിക്ക് ന്യൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് ഡോ. ലെയോപോള്‍ദോ ജിരെല്ലി രണ്ടാം തവണയാണ് കൂനമ്മാവ് സന്ദര്‍ശനം നടത്തുന്നത്. രണ്ടര വര്‍ഷം മുമ്പ്, ചാവറയച്ചന്റെ കബറിടം സന്ദര്‍ശിച്ച് പ്രാര്‍ത്ഥന നടത്തിയിരുന്നു. ഇത്തവണ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന രണ്ടു വൈദീകരുമായിട്ടാണ് ന്യൂണ്‍ഷ്യോ എത്തിയത്.