കൊച്ചി : വാട്ടര്‍ മെട്രോക്ക് വീണ്ടും ദേശീയ അംഗീകാരം. പ്രവര്‍ത്തനം, സാങ്കേതിക വൈദഗ്ധ്യം, സേവനം തുടങ്ങിയവയിലെ മികവിന് സ്കോച്ച് ഗ്രൂപ്പ് നല്കുന്ന ഗോള്‍ഡ് മെഡലാണ് കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് ലഭിച്ചത്. ജനങ്ങള്‍ക്ക് മികച്ച സേവനം ലഭ്യമാക്കുന്ന ഗതാഗത മേഖലയിലെ പദ്ധതിക്കുള്ള ദേശീയ അവാര്‍ഡാണിത്.
രാജ്യത്തിനു വേണ്ടി തനത് സംഭാവനകള്‍ നല്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പദ്ധതികള്‍ക്കുമാണ് ഈ അവാർഡുകൾ നല്‍കിവരുന്നത്. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനുവേണ്ടി ഡയറക്ടര്‍ പ്രോജക്ട്സ് ഡോ. എംപി രാംനവാസ് അവാര്‍ഡ് സ്വീകരിച്ചു. സ്കോച്ച് ഗ്രൂപ്പ് വൈസ് ചെയര്മാന് ഡോ ഗുര്‍ഷരണ്‍ ധന്ജനില് നിന്നാണ് അവാര്‍ഡ് സ്വീകരിച്ചത്.
രാജ്യാന്തര പുരസ്കാരമായ ഗുസ്റ്റാവ് ട്രൂവേ അവാര്‍ഡ്, ഷിപ്ടെക് ഇൻ്റര്‍നാഷണല്‍ അവാര്‍ഡ്, ഇക്കണോമിക് ടൈംസ് എനര്‍ജി ലീഡര്‍ഷിപ്പ് അവാര്‍ഡ്, തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ കൊച്ചി വാട്ടര്‍ മെട്രോക്ക് നേരത്തെ ലഭിച്ചിട്ടുണ്ട്. കൊച്ചിയുടെ ജല ഗതാഗത രംഗത്തും വിനോദ സഞ്ചാര മേഖലയിലും ഒരു വർഷം കൊണ്ട് വലിയ മുന്നേറ്റമാണ് വാട്ടർ മെട്രോ സൃഷ്ടിച്ചത്.