ന്യൂഡൽഹി: ഐഎഎസ് ഉൾപ്പെടെയുള്ള കേന്ദ്രസർക്കാർ ജീവനക്കാരുടെ പരിശീലനത്തിന് ഭഗവത്ഗീതയും ഭാരതീയ തത്വചിന്തയും. കർമ്മയോഗി എന്ന പേരിലാണ് കേന്ദ്രസർക്കാർ പദ്ധതി നടപ്പിലാക്കുന്നത്. ബ്രിട്ടീഷ് ഭരണകാലത്തെ പരിശീലന മാതൃകകൾ നീക്കം ചെയ്യുന്നതിന്റെ ഭാഗമാണ് പുതിയ പഠന പരിഷ്കാരമെന്നാണ് കേന്ദ്രത്തിൻ്റെ വാദം.
2047 വികസിത ഭാരതത്തിൻ്റെ ഭാഗമായാണ് ഐഎഎസ് ഉൾപ്പെടെയുള്ള കേന്ദ്രസർക്കാർ ജീവനക്കാരുടെ പരിശീലനത്തിന് ഭഗവത്ഗീതയിലും ഭാരതീയ തത്ത്വചിന്തയിലും തദ്ദേശീയ പരിശീലന പദ്ധതി നടപ്പിലാക്കാൻ കേന്ദ്രം ഒരുങ്ങുന്നത്. ഉദ്യോഗസ്ഥരുടെ വൈദഗ്ധ്യവും അറിവും രൂപപ്പെടുത്തുന്ന കർമ്മയോഗി പദ്ധതിയിലാണ് പുതിയ പരിശീലന രീതി. 32 ലക്ഷം കേന്ദ്ര ഉദ്യോഗസ്ഥർക്ക് ആദ്യഘട്ടത്തിൽ പരിശീലനം നൽകും. 46 ലക്ഷം പേർ പദ്ധതിയിൽ ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ആത്മപഠനം,സഹകരണം കൃത്യനിർവഹണം, പൗരസേവനം എന്നിങ്ങനെ സാമൂഹിക സേവന സിദ്ധാന്തവും പരിശീലനത്തിന്റെ ഭാഗമാക്കും. ബ്രിട്ടീഷ് ഭരണകാലത്തിലെ പരിശീലന മാതൃകയിലെ പോരായ്മ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം പദ്ധതി ആവിഷ്കരിക്കാൻ ഒരുങ്ങുന്നത്. ഉദ്യോഗാർത്ഥികൾ പരിശീലനത്തിൽ കുറഞ്ഞത് നാലു മണിക്കൂർ എങ്കിലും പൂർത്തിയാക്കാണമെന്നാണ് കേന്ദ്രം നൽകുന്ന നിർദ്ദേശം.
കേന്ദ്ര സർവീസിൽ ഉള്ളവർക്കുള്ള പരിശീലനത്തിനൊപ്പം സംസ്ഥാന തലത്തിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. ഇതോടെ എല്ലാ മത വിഭാഗങ്ങളിൽ നിന്നുള്ളവരും പരിശീലനത്തിന്റെ ഭാഗമായി ഭഗവത്ഗീത അടക്കം പഠിക്കേണ്ട സാഹചര്യമാണ്. കാവിവൽക്കരണം എന്ന ബിജെപിയുടെ അജണ്ട കേന്ദ്ര, സംസ്ഥാന ഉദ്യോഗസ്ഥരിലും നടപ്പിലാക്കാനാണ് കേന്ദ്രസർക്കാർ ശ്രമം നടത്തുന്നത്.