കൊച്ചി: കെആർഎൽസിബി സി ഹെറിറ്റേജ് കമ്മീഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബെച്ചിനെല്ലി ക്വിസ് മത്സരങ്ങളുടെ ഫൈനലിൽ വരാപ്പുഴ അതിരൂപത തുണ്ടത്തുംകടവ് ഇൻഫൻ്റ് ജീസസ് ഇടവകാംഗം എബിൻ ജോസ് ജെയിംസ് ഒന്നാം സ്ഥാനത്തിന് അർഹനായി.
ഇടപ്പള്ളി നോർത്ത് തിരുഹൃദയ ഇടവക അംഗം അന്ന മരിയ അബ്രഹാം രണ്ടാം സ്ഥാനവും തുണ്ടത്തും കടവ് ഇൻഫന്റ് ജീസസ് ഇടവക മേരി ജെയിംസ് മൂന്നാം സ്ഥാനവും നേടി.
വരാപ്പുഴ മൗണ്ട് കാർമൽ ആൻഡ് സെൻ്റ് ജോസഫ് ബസിലിക്കയിൽ വച്ച് നടന്ന സമാപനമത്സരം ബസിലിക്ക റെക്ടർ ഫാ ജോഷി കൊടിയന്തറ ഒസിഡി ഉദ്ഘാടനം ചെയ്തു. മൂന്നു ഘട്ടങ്ങളിലായി നടന്ന മത്സരങ്ങളുടെ സമാപനമായി
വരാപ്പുഴ ബസിലിക്കയിൽവച്ച് ഫൈനൽ മത്സരങ്ങൾ സംഘടിപ്പിച്ചത്.
കെആർഎൽസിബി സി ഹെറിറ്റേജ് കമ്മീഷൻ ചെയർമാൻ അഭിവന്ദ്യ അലക്സ് വടക്കുംതല പിതാവ്, കമ്മീഷൻ സെക്രട്ടറി ഫാ. ഡോ. ആൻ്റണി പാട്ടപ്പറമ്പിൽ, ഹെറിറ്റേജ് കമ്മീഷൻ എക്സിക്യുട്ടീവ് അംഗം മാനിഷാദ് മട്ടക്കൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ബെച്ചിനെല്ലി ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചത്. ബിജോയ് ജോസഫ് വരാപ്പുഴ, ആൻ്റി ജോയ് ഒളാട്ടുപുറം പള്ളിപ്പുറം, റോയ് പാളയത്തിൽ തൈക്കൂടം,ആന്റണി സച്ചിൻ എളമക്കര എന്നിവർ മത്സരങ്ങൾക്ക് സഹകരണം നല്കി.
ജൂലൈ മാസത്തിൽ ആരംഭിച്ച മത്സരങ്ങൾക്ക് മുന്നോടിയായി പാഠഭാഗം തയ്യാറാക്കി ഓൺലൈനിലൂടെ മത്സരാർത്ഥികൾക്ക് നല്കി. കേരളത്തിൽനിന്നും വിദേശത്ത്നിന്നുമായി ആയിരത്തിലധികം പേരാണ് പ്രാഥമിക പരീക്ഷയിൽ രജിസ്റ്റർ ചെയ്തത്. 480 പേർ ഓൺലൈൻ പരീക്ഷയെഴുതി. രണ്ടാം റൗണ്ടിൽ എത്തിയ 26 പേരിൽ നിന്നാണ് അന്തിമവിജയികളെ കണ്ടെത്തിയത്.
വിജയികൾക്കുള്ള ഒന്നാം സമ്മാനം 10000 രൂപ വരാപ്പുഴ ബസിലിക്കയും രണ്ടാം സമ്മാനം 5000 രൂപ ജോൺസൺ മൈക്കിൾ കളത്തിപറമ്പിൽ ചിറയവും മൂന്നാം സമ്മാനം 3000 രൂപ കൂനമ്മാവ് മുക്കത്ത് ജോർജ്ജ് മാസ്റ്ററുടെ ഓർമ്മയ്ക്കായി രാജു മുക്കത്തും നല്കും.
രണ്ടാം റൗണ്ടിലെത്തിയവർക്ക് പ്രോത്സാഹനസമ്മാനങ്ങളും പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റും നല്കും.