എൻസെറീകോർ: ഗിനിയയിൽ ഫുട്ബോൾ മത്സരത്തിനിടെ ആരാധകർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നൂറിലേറെ പേർ മരിച്ചു. ഗിനിയയിൽ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ എൻസെറീകോറിലാണ് സംഭവം.
പ്രസിഡന്റ് മാമാദി ദൗംബൗയയെ ആദരിക്കാന്‍ വേണ്ടി സംഘടിപ്പിച്ച മത്സരത്തിനിടെയാണ് സംഘർഷം ഉടലെടുത്തത്. റഫറിയുടെ ഒരു തീരുമാനമാണ് സംഘർഷത്തിലേക്ക് വഴിച്ചത്. റഫറിയുടെ തീരുമാനത്തിൽ പ്രകോപിതരായി ആരാധകർ മൈതാനത്തേക്ക് ഇറങ്ങി പ്രതിഷേധിച്ചു.
ഇതിന് പിന്നാലെ എതിർഭാഗം ക്ലബ്ബിന്റെ ആരാധകർ കൂടി മൈതാനയത്തേക്ക് ഇറങ്ങുകയും തുടർന്ന് ഇരുവരും തമ്മിൽ ഏറ്റുമുട്ടുകയും ആയിരുന്നു.
ഏറ്റുമുട്ടൽ തെരുവിലേക്ക് കൂടി വ്യാപിച്ചതോടെ പൊലീസ് അടക്കം സ്ഥിതി നിയന്ത്രിക്കാൻ ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നു. ഏറ്റുമുട്ടലിനിടെ ചിലർ പൊലീസ് സ്റ്റേഷന് തീയിട്ടതും സംഘർഷത്തിന്റെ വ്യാപ്തി കൂട്ടി.
മത്സര വേദിക്ക് പുറത്ത് ആളുകള്‍ പരസ്പരം ഏറ്റുമുട്ടുന്നതും മൈതാനത്തും റോഡിലും യുവാക്കളടക്കം പരുക്ക് പറ്റി കിടക്കുന്നത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡീയോയിൽ കാണാം.നഗരത്തിലെ പ്രധാന ആശുപത്രികളിൽ മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുകയാണെന്നും മോര്‍ച്ചറികളെല്ലാം മൃതദേഹങ്ങളാൽ നിറഞ്ഞിരിക്കുകയാണെന്നും ഒരു ഡോക്ടർ പറഞ്ഞതായി വാർത്ത ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.