ചെന്നൈ: ഫിന്‍ജല്‍ ചുഴലിക്കാറ്റ് പുതുച്ചേരിയില്‍ കരതൊട്ടു. ഇതേ തുടര്‍ന്ന് തമിഴ്നാട്ടില്‍ അതീവജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇപ്പോള്‍ അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറിയിട്ടുണ്ട്.
പുതുച്ചേരി, കടലൂര്‍, വിഴുപ്പുറം എന്നിവിടങ്ങളില്‍ കനത്ത മഴ തുടരുകയാണ്. മഴക്കെടുതിയില്‍ 4 പേര് മരിച്ചതായാണ് വിവരം. വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റാണ് മൂന്നു പേർക്കും ജീവൻ നഷ്ടമായത്.
ഗണേശപുരം സബ്വേ മോട്ടോര്‍ റൂമിലെ തൊഴിലാളിയായിരുന്ന ഇശൈവനന്‍ (24) ആണ് മരിച്ചത്. ചെന്നൈയില്‍ മറ്റ് രണ്ട് പേര്‍ക്ക് വൈദ്യുതാഘാതമേറ്റതായും റിപ്പോര്‍ട്ടുണ്ട്. സുരക്ഷ കണക്കിലെടുത്ത് ചെന്നൈ വിമാനത്താവളം നാളെ പുലര്‍ച്ചെ നാല് മണി വരെ അടച്ചിട്ടുണ്ട്. നൂറിലധികം വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. 19 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദമാണ് ചുഴലിക്കാറ്റായി മാറിയത്. ഇതോടെ തമിഴ്നാട്ടിലെ വിവിധ പ്രദേശങ്ങളില്‍ അതിശക്തമായ മഴ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംസ്ഥാനത്തെ പ്രധാന അണക്കെട്ടുകളില്‍ ഉള്‍പ്പെടെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന നിലയിലാണ്. മീനമ്പക്കത്താണ് കൂടുതല്‍ മഴ റിപ്പോര്‍ട്ട് ചെയ്തത്. രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെയുള്ള കണക്കുകള്‍ പ്രകാരം 114.2 മില്ലിമീറ്റര്‍ മഴയാണ് റിപ്പോർട്ട് ചെയ്തത്. നുങ്കമ്പാക്കത്ത് 104.2 മില്ലിമീറ്റര്‍ മഴയും റിപ്പോര്‍ട്ട് ചെയ്തു.