കൊച്ചി: കേരള സർക്കാരിൻ്റെ വിദ്യാഭ്യാസ വകുപ്പും അനുബന്ധ സ്ഥാപനങ്ങളും അവരുടെ വിവിധ പരിപാടികൾക്ക് ഞായറാഴ്ചകൾ ഉപയോഗപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന് കെആർഎൽസിസി ആവശ്യപ്പെട്ടു.
ലിറ്റിൽ കൈറ്റ്സ് എല്ലാ വർഷവും നടത്തുന്ന ഉപജില്ലാ ദ്വിദിന ക്യാമ്പ്
ക്രമീകരിച്ചിരിക്കുന്നത് ഡിസംബർ 1, ഡിസംബർ 8 എന്നീ ഞായറാഴ്ചകളിലാണ് (KITE /2024/1562(62).
ക്രൈസ്തവ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കും സ്ഥാപനങ്ങൾക്കും അധ്യാപകർക്കും ഇത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു നടപടിയാണ്. ക്രൈസതവർ മതപരമായ ആചാരങ്ങൾക്കും, മതപഠനത്തിനുമായി മാറ്റിവയ്ക്കുന്ന ദിനമാണ് ഞായറാഴ്ച.
ഇതിന് തടസ്സം വരുത്തുന്ന രീതിയിൽ പൊതു അവധിദിനം കൂടിയായ ഞായറാഴ്ച കുട്ടികൾക്ക് ക്യാമ്പുകളും പരീക്ഷകളും നിശ്ചയിക്കുന്നത് ഒഴിവാക്കണം. തുടർച്ചയായി ഈ രീതി സ്വീകരിക്കുന്നത് പ്രതിഷേധാർഹമാണെന്ന് കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, സമുദായ വക്താവ് ജോസഫ് ജൂഡ് എന്നിവർ വ്യക്തമാക്കി.