ഇന്ന് ഭരണഘടനാ ദിനം. ലോകത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ ലിഖിത ഭരണഘടന ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടതിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികമാണിന്ന്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിപുലമായ ആഘോഷങ്ങളാണ് രാജ്യത്ത് ഒരുക്കിയിട്ടുള്ളത്.
മൂന്നു വര്‍ഷങ്ങളെടുത്ത് എഴുതിപ്പൂര്‍ത്തിയാക്കിയ ഭരണഘടനയ്ക്ക് ഭരണഘടനാ നിര്‍മാണസഭ അംഗീകാരം നല്‍കിയത് 1949 നവംബര്‍ 26 നാണ്. സംസ്കാരത്തിലും ഭാഷയിലും ജീവിതശൈലിയിലും ഭൂമികകളിലും ഇത്രമേല്‍ വൈവിധ്യങ്ങളുള്ള ഒരു നാടിനെ ഏകീകരിക്കുകയെന്ന പ്രയത്നത്തിന്റെ സാക്ഷാത്കാരമാണ്, 25 ഭാഗങ്ങളും 395 അനുഛേദങ്ങളും 12 പട്ടികകളുമടങ്ങിയ ഇന്ത്യന്‍ ഭരണഘടന.
സ്വാതന്ത്യം ലഭിച്ചിട്ടും നൂറു നൂറു നാട്ടുരാജ്യങ്ങളായി തന്നെ തുടര്‍ന്ന ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ ഒരു നിയമസംഹിതയ്ക്ക് കീഴില്‍ കൊണ്ടുവരിക എന്ന പ്രഥമമായ ലക്ഷ്യമാണ് ഭരണഘടനയ്ക്കുണ്ടായിരുന്നത്. എഴുതിയ കാലഘട്ടത്തില്‍ തന്നെ നില നിന്നു പോരുന്നതായല്ല ഭരണഘടനയെ അതിന്റെ സൃഷ്ടാക്കള്‍ വിഭാവനം ചെയ്തത്. കാലത്തിനൊപ്പം വികസിക്കേണ്ടതിന്റെ ആവശ്യകത കൂടി തിരിച്ചറിഞ്ഞുകൊണ്ടാണ് ഭേദഗതിക്കുള്ള അവകാശം കൂടി ഭരണഘടനയില്‍ ഉള്ളത്.
അതു കൊണ്ടുതന്നെ 75 വര്‍ഷത്തിനുള്ളില്‍ നിരവധി ഭേദഗതികള്‍ക്കും അസംഖ്യം വ്യാഖ്യാനങ്ങള്‍ക്കും നമ്മുടെ ഭരണഘടന പാത്രമായിട്ടുണ്ട്. വ്യക്തിയെ ഏറ്റവും അടിസ്ഥാനവും പരമപ്രധാനവുമായ ഘടകമായി പരിഗണിക്കുന്ന ഭരണഘടനയാണ് നമ്മുടേത്. മൗലികാവകാശങ്ങളാണ് അതിന്റെ കാതല്‍. വൈവിധ്യങ്ങളുടെയും വൈരുധ്യങ്ങളുടെയും ഭൂമികയായിരുന്നിട്ടും ഈ രാജ്യത്തെ ചേര്‍ത്തു നിര്‍ത്തുന്നതും അതു തന്നെയാണ് .