മുനമ്പം : മുനമ്പത്തെ സമരം മതപരമോ, വര്‍ഗ്ഗീയമോ, രാഷ്ട്രീയപരമോ പ്രത്യയശാസ്ത്രപരമോ ആയ സമരമല്ലെന്നും തങ്ങളുടെ ഭവനങ്ങളില്‍ നിന്ന് തെരുവിലേക്ക് വലിച്ചെറിയപ്പെടാതിരിക്കുവാനുള്ള ഒരു ജനതയുടെ നീതിയ്ക്കു വേണ്ടിയുള്ള രോദനമാണെന്നും യാക്കോബായ സുറിയാനി സഭയുടെ മീഡിയാ സെല്‍ ചെയര്മാന് ഡോ. കുര്യാക്കോസ് മോര് തെയോഫിലോസ് മെത്രാപ്പോലീത്ത.
മുനമ്പം ദേശവാസികള്‍ നീതിയ്ക്കും അവകാശ സംരക്ഷണത്തിനുമായി നടത്തി കൊണ്ടിരിക്കുന്ന സമരത്തിന്റെ 41-ാം ദിവസം മുനമ്പം സമരപന്തല്‍ സന്ദര്‍ശിച്ച് യാക്കോബായ സുറിയാനി സഭയുടെ ഐക്യദാര്‍ഢ്യവും പിന്തുണയും പ്രഖ്യാപിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം . മത സൗഹാര്‍ദ്ദത്തിന്റെയും ജനാധിപത്യത്തിന്റെയും ഈറ്റില്ലമായ ഭാരതത്തില്‍ ഇന്ത്യന്‍ ഭരണഘടന ഓരോ പൗരനും അവകാശങ്ങള്‍ സംരക്ഷിക്കുവാനുള്ള സാഹചര്യം നല്‍കുന്നുണ്ട്.
മുനമ്പം വിഷയം രാഷ്ട്രീയ താല്പര്യങ്ങള്ക്കോ, മത-വര്‍ഗ്ഗീയ താല്പര്യങ്ങള്ക്കോ ദുരുപയോഗം ചെയ്യപ്പെടാതെ അടിയന്തിരമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈ പ്രശ്നം നീതിപൂര്‍വ്വവും ശാശ്വതവുമായി പരിഹരിക്കുവാന്‍ അടിയന്തിര ഇടപെടലുകള്‍ നടത്തണമെന്ന് മെത്രാപ്പോലീത്ത പറഞ്ഞു.
മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്തിരിക്കുന്ന യോഗത്തില്‍ ഈ പ്രശ്നത്തിന് ശാശ്വതവും നീതിപൂര്‍വ്വവുമായ ഒരു പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയാണ് നാടിനും ജനങ്ങള്‍ക്കും ഉള്ളതെന്നും യാക്കോബായ സഭയുടെ പിന്തുണയും ഐക്യവും നീതിയ്ക്കും അവകാശ സംരക്ഷണത്തിനുമായി ഉണ്ടാകുമെന്നും മെത്രാപ്പോലീത്ത കൂട്ടിച്ചേര്‍ത്തു.
കക്ഷി-രാഷ്ട്രീയ ഭേദമന്യെ മുനമ്പത്തെ ജനത്തിന്റെ അവകാശങ്ങള്‍ സംരക്ഷിച്ചു കൊണ്ട് ഈ പ്രശ്നം ശാശ്വതമായി പരിഹരിക്കപ്പെട്ട് നാടിന്റെ ഐക്യവും അഖണ്ഡതയും സമാധാനവും കാത്ത് പരിപാലിക്കപ്പെടുവാന് എല്ലാവരും യത്നിക്കണമെന്നും മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു.
ഇന്നലെ ചേര്‍ന്ന പരിശുദ്ധ സഭയുടെ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് മുനമ്പത്തെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവും പിന്തുണയും പ്രഖ്യാപിച്ചിരുന്നു. നീതി പൂര്‍വ്വമായും, സംഘര്‍ഷ രഹിതമായും മുനമ്പം വിഷയം അടിയന്തിരമായി പരിഹരിക്കുവാന്‍ കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകള് സത്വര നടപടികള്‍ കൈക്കൊള്ളണമെന്ന് സുന്നഹദോസ് ആവശ്യപ്പെട്ടിരുന്നു.
റവന്യൂ അവകാശം പുനസ്ഥാപിച്ചു കിട്ടാൻ മുനമ്പം ജനത നടത്തുന്ന റിലേ നിരാഹാരത്തിൻ്റെ നാൽപതാം ദിനം വികാരി ആന്റണി സേവ്യർ തറയിൽ സിപി ഉദ്ഘാടനം ചെയ്തു. പ്രദേശവാശികൾ നിരാഹാരമിരുന്നു. കോതമംഗലം രൂപത ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടരും ദീപിക ഡയറക്റ്ററുമായ ഫാ.ജോസ് കിഴക്കേയിൽ, മീൻകുന്നം വികാരി ഫാ. ജേക്കബ് തലപ്പിള്ളി, കോതമംഗലം രൂപത പിതൃവേദി പ്രസിഡന്റ് ജോസ് എബ്രഹാം, പിതൃവേദി ഫെറോന സെക്രട്ടറി എം. ടി. ഇമ്മാനുവൽ, കേരളദേശം പാർട്ടി ചെയർമാൻ ജോർജ് ജോസഫ്, ജനറൽ സെക്രട്ടറി വർഗീസ് ഇട്ടൻ, കാഞ്ഞിരപ്പള്ളി രൂപതാ സെന്റ്. എഫ്രേം ഇടവക യിലെ ഫാ. റെജി മാത്യു, ആലുവ വിശ്വ ബ്രഹ്മവൈദിക വിദ്യാപീഠം ആചാര്യ ദിവാകര വാദ്യാർ വിശ്വബ്രഹ്മ വൈദിക പരമാചാര്യൻ ടീം അംഗങ്ങൾ തടങ്ങിയവർ ഐക്യദാർഢ്യവുമായി സമരപന്തലിൽ എത്തി.