ഷാജി ജോര്‍ജ്
പ്രഫ. എം.കെ സാനുവിന്റെ 98-ാം ജന്മദിനത്തില് 2024 ഒക്ടോബര്‍ 27ന് ശിഷ്യന് പ്രഫ. എം. തോമസ് മാത്യു നല്കിയ സമ്മാനമാണ് ‘ഗുരവേ നമ:’ ഇങ്ങനെ ഒരു പുസ്തകം മലയാളത്തില്‍ ആദ്യമാണ് എന്ന് പ്രസാധകനായ മാളൂബന്‍ ബുക്സിന്റെ ബേബി ജോണ്‍ അവകാശപ്പെടുന്നു. ശിഷ്യന് പ്രഫ. എം. തോമസ് മാത്യു വിവിധ സന്ദര്‍ഭങ്ങളിലായി സാനു മാഷിനെ കുറിച്ച് എഴുതിയ 10 ലേഖനങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. അധ്യാപകന് തന്റെ ഗുരുവായി മാറുന്നതിന്റെ ക്രമാനുഗതമായ വളര്‍ച്ച പുസ്തകത്തില്‍ നിന്ന് ഒപ്പിയെടുക്കാം. ഗ്രന്ഥകാരന് ഇതിനെ ആമുഖത്തില്‍ വിശദീകരിക്കുന്നത് ഉദ്ധരിക്കട്ടെ.
‘വിമര്‍ശകനാകാന്‍ എന്നെ പ്രലോഭിപ്പിച്ചത് കുട്ടികൃഷ്ണമാരാരാണ്, ആ വഴിയില്‍ എന്നെ നടത്തിയത് സാനു മാസ്റ്ററും.
മഹാരാജാസ് കോളേജില്‍ വിദ്യാര്‍ഥിയായി ചേര്‍ന്ന കാലത്തുതന്നെ മറ്റാരോടും തോന്നാത്ത അടുപ്പം അദ്ദേഹത്തോട് തോന്നിയിരുന്നു. അതിപ്രശസ്തരായ അധ്യാപകരുടെ ഒരു വലിയ നിരതന്നെ ഉണ്ടായിരുന്നു കോളജില്‍. അവരെയൊക്കെ ഞാന്‍ ആദരവോടെ സ്മരിക്കുന്നു. ഇവരുടെ കൂട്ടത്തില്‍ ഒരാളോട് സവിശേഷമായ മമത ഉണ്ടാകാന്‍ എന്തേ കാരണം എന്ന് വിശദമാക്കാന്‍ വിഷമമാണ്. എല്ലാ ആകര്ഷണവികര്ഷണങ്ങള്ക്കും കാരണം ഉണ്ടാകും; അകാരണമായി ഒന്നും സംഭവിക്കുന്നില്ല. എന്നാല്‍, അത് എന്ത് എന്നു പറയാന്‍ തുടങ്ങുമ്പോള്‍ സംഗതി എളുപ്പമല്ല; പറയേണ്ടത് പറയാതെ പോയി എന്ന അബദ്ധമാകും സംഭവിക്കുക. ഹൃദയത്തിലേക്കുള്ള വഴി കണിശമായി അടയാളപ്പെടുത്തുന്ന ശാസ്ത്രമൊന്നും മനുഷ്യനു കരഗതമായിട്ടില്ല എന്നതല്ലേ സത്യം?
തോമസ് അക്വിനാസ്, ‘മാസ്റ്റര്‍’ എന്ന് എഴുതുന്നിടത്തെല്ലാം വിവക്ഷിതം അരിസ്റ്റോട്ടില്‍ എന്നാണെന്നു ഞാന്‍ കേട്ടിട്ടുണ്ട്; എനിക്ക് മാസ്റ്റര്‍ സാനുമാസ്റ്ററാണ്.
ആ ബന്ധത്തിന്റെ കഥ പറയാനല്ല, പക്ഷേ, ഈ പുസ്തകം ശ്രമിക്കുന്നത്. സ്വകാര്യതകളുടെ വിശുദ്ധി അന്യൂനമായി പുലരട്ടെ. സാനു മാസ്റ്ററുടെ വ്യക്തിത്വത്തിന്റെയും അത്തരം ഒരു വ്യക്തിത്വത്തില്‍നിന്നുമാത്രം ഉണ്ടാകുന്ന സാഹിത്യത്തിന്റെയും സ്വഭാവം ഞാന്‍ മനസ്സിലാക്കിയതെങ്ങനെ എന്ന് വിശദമാക്കാനുള്ള ശ്രമമാണ് പുസ്തകത്തിലുള്ളത്.
സ്നേഹം പ്രചോദിപ്പിക്കുകയും ജ്ഞാനം വഴി കാണിക്കുകയും ചെയ്യുന്ന ജീവിതമാണ് ഉത്തമ ജീവിതം എന്ന ടാഗ് ലൈനാണ് പുസ്തകത്തിന്റെ ആകെത്തുക. അതുകൊണ്ടുതന്നെ പുസ്തകത്തില്‍ ദാര്‍ശനികരും തത്വചിന്തയും വായനക്കാരോട് സംവദിക്കുന്നു. ‘മനുഷ്യ മഹത്വത്തിന്റെ കൊടുമുടികള്‍ തേടി’ എന്ന രണ്ടാം അധ്യായത്തില്‍ പ്രഫ. എം. തോമസ് മാത്യു ബര്‍ട്രന്റ് റസ്സലിന്റെ ഈ പ്രസ്താവന വിശദീകരിക്കുന്നു.
‘സ്നേഹം പ്രചോദിപ്പിക്കുകയും അറിവ് വഴി കാട്ടുകയും ചെയ്യുന്ന ജീവിതമാണ് ഉത്തമജീവിതം” ബര്‍ട്രന്റ് റസ്സലിന്റേതാണ് ഈ വാക്യം. ഈ വാക്യം ഉള്‍ക്കൊള്ളുന്ന പ്രബന്ധം വായിക്കുകയോ ആ പ്രബന്ധം ഉള്‍പ്പെടുന്ന ഗ്രന്ഥം ഏതെന്ന് ആകാംക്ഷ കൊള്ളുകപോലുമോ ചെയ്യുന്നതിനുമുമ്പ് അതു ഞങ്ങള്‍ അനേകരുടെ ഹൃദയങ്ങളില്‍ പതിഞ്ഞിരുന്നു.
ഈ ‘ഞങ്ങള്‍ അനേകര്‍ എറണാകുളം മഹാരാജാസ് കോളജില്‍ വിദ്യാഭ്യാസം ചെയ്യാന്‍ ഭാഗ്യം ലഭിച്ചവരാണ്. ഞങ്ങള്‍ ഈ വാക്യം കേട്ടത് സാനു മാസ്റ്റര്‍ എന്ന് സ്നേഹവും ആദരവും തുല്യഅളവില്‍ ചേര്‍ത്ത് വിളിക്കുന്ന പ്രഫ. എം.കെ. സാനുവില്‍ നിന്നാണ്. ഒരിക്കലെന്നോ ഉദ്ധരിച്ചു വിട്ടുകളഞ്ഞ വാക്യമായിരുന്നില്ല അത്. ജീവിതം എന്ത് എന്നു ചോദിക്കേണ്ടി വരുമ്പോഴെല്ലാം അദ്ദേഹത്തിന്റെ മനസ്സ് ഈ വാക്യത്തിലേക്കും അതിന്റെ പൊരുളുകളിലേക്കും ഓടിച്ചെല്ലുമായിരുന്നു.’ഞാന്‍ എന്തു വിശ്വസിക്കുന്നു’ എന്ന ആത്മാന്വേഷണപരമായ ഉപന്യാസത്തിലാണ് റസ്സല്‍ ഇത് കുറിച്ചിട്ടതെന്ന് ഇപ്പോള്‍ നമുക്കറിയാം. അറിവിന്റെയും അനുഭവത്തിന്റെയും വിസ്തൃതിയും ആഴവും കണക്കാക്കാന്‍ ജീവിതം ഉഴിഞ്ഞുവച്ച ഒരു മനസ്സ് ശ്രേഷ്ഠമായ മനുഷ്യജീവിതം എങ്ങനെയുള്ളതെന്ന് അടയാളപ്പെടുത്താന്‍ ആഞ്ഞപ്പോള്‍ കുറിച്ചിട്ടതാണ് ആ വാക്യം. റസ്സല്‍ ആത്മകഥ എഴുതാനിരിക്കുമ്പോള്‍ തന്നെ, തന്റെ ജീവിതത്തെ, നയിച്ചുകൊണ്ടിരുന്ന അഭിനിവേശതുല്യമായ ഭാവങ്ങള്‍ ഏതൊക്കെ എന്നു നിരൂപിച്ചുകൊണ്ടാണ് അത് ആരംഭിക്കുന്നത്. അവിടെയും അദ്ദേഹം ജ്ഞാനവും സ്നേഹവും കാരുണ്യവുമാണ് എടുത്തുകാണിക്കുന്നത്. സ്നേഹകാരുണ്യങ്ങളെ വേര്‍തിരിക്കാനും നന്നേ പ്രയാസമാണ്. ബൈബിളിലെ പഴയ നിയമത്തില്‍, ഹീബ്രു ഭാഷയില്‍, ഇവയ്ക്ക് രണ്ടിനും ഒറ്റപ്പദമാണ് ഉപയോഗിക്കുന്നതെന്ന കാര്യവും ശ്രദ്ധേയമാണ്. സാനുമാസ്റ്റര്‍ ഈ വാക്യം ഉദ്ധരിക്കുമ്പോള്‍ തന്റെ വിശ്വാസപ്രമാണമെന്താണെന്ന് വ്യക്തമാക്കുകയാണു ചെയ്യുന്നത്. ദിവ്യതയെ പുല്കുന്ന മഹത്വത്തിലേക്കു മനുഷ്യന്റെ ജീവിതം ഉയരുന്നത് സ്നേഹത്തിന്റെയും ജ്ഞാനത്തിന്റെയും ശുഭ്രപഥങ്ങളില് സഞ്ചരിക്കുമ്പോഴാണ്.
ജീവിതം ക്ഷണംപ്രതി ഉണര്‍ത്തുന്ന സമസ്യകള്‍ക്ക് അഭിമുഖമായി നില്‍ക്കുമ്പോഴാണ് നല്ല അധ്യാപകന് മഹാനായ ഗുരുവായിത്തീരുന്നത്. അത്തരം ഗുരുക്കന്മാരാണ് പുരുഷാന്തരങ്ങളെ പ്രചോദിപ്പിക്കുന്ന ദീപസ്തംഭങ്ങളായി ജീവിക്കുന്നത്. അതേ, വലിയ ഗുരുക്കന്മാര് വിദ്യാര്‍ഥികള്‍ക്ക് പ്രചോദനം നല്കുന്ന അധ്യാപകരാണ്. സാനുമാസ്റ്റര്‍ക്ക് സ്ഥാനം ഈ ഗണത്തിലാണ്. തത്ത്വവിചാര പ്രവണമായ മനസ്സുകള്‍ക്കു മാത്രമെ ഇങ്ങനെ ആകാന്‍ കഴിയൂ എന്നത് ജീവിതത്തിലെ ഒരു ലളിതസത്യമാണ്. തത്ത്വചിന്ത പഠിച്ചതു കൊണ്ട് ഈ മനസ്സ് ഉണ്ടാകണമെന്നില്ല. അന്തരീക്ഷത്തില്‍ നിലവിളികള്‍ പ്രതിധ്വനിക്കുന്നു, അസ്ഫുടഗദ്ഗദങ്ങള് കാതുകളെ അലട്ടുന്നു എന്ന് അറിഞ്ഞ് ദുഃഖത്തിനു കാരണം തേടി ഇറങ്ങിയ തഥാഗതന് പഠിച്ച തത്ത്വചിന്താപാഠങ്ങള് ഉറപ്പിക്കാന്‍ വേണ്ടി പുറപ്പെട്ടതല്ല.
ലോകജീവിതത്തിന്റെ ദുഃഖാത്മകത ഒരു അക്കാദിക് പ്രശ്നമല്ല. ഉത്തരം കിട്ടുവോളം ഉറക്കം കിട്ടാത്ത ഒരു അസ്തിത്വ സമസ്യയാണ് അത്. ആന്തരാവയവങ്ങളെ തപിപ്പിക്കണം ഈ സമസ്യ. അപ്പോഴാണ് മനസ്സ് തത്ത്വചിന്താപ്രവണമാകുന്നത്; താന്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ലോകം എങ്ങനെ ആയിരിക്കണമെന്ന ചിന്തയ്ക്ക് പുറംവരകള്‍ തെളിഞ്ഞ് വ്യക്തതവരുന്നത് അപ്പോഴാണ്.
ആ ബോദ്ധ്യം താന്‍ ജീവിക്കുന്ന ലോകം എങ്ങനെയുള്ളത് എന്ന് കണ്ട് ദുഃഖിക്കാന്‍ ഇടം വരുത്തുകയും ചെയ്യും. ചികഞ്ഞു ചെല്ലുമ്പോള്‍ ഇവയ്ക്കെല്ലാം അടിയിലുള്ളത് ബലിഷ്ഠമായ നീതിബോധമാണ്. ”നീതിയെ പ്രതി പീഡനം അനുഭവിക്കുന്നവര്‍ അനുഗൃഹീതര്‍, സ്വര്‍ഗ്ഗം അവരുടെ അവകാശം’ എന്ന ക്രിസ്തുവചനത്തിന് പരിമിതമായ അര്‍ത്ഥമല്ല ഉള്ളത്. തനിക്കു നീതി ലഭിക്കാത്തതോര്‍ത്ത് ദുഃഖിക്കുന്നവര്‍ അനുഗ്രഹീതര്‍ എന്നല്ല, അന്യന് നീതിലഭിക്കുന്നില്ല എന്നു കണ്ട് മാഴ്ത്തുന്നവര്, ഈ ലോകത്തിന്റെ നീതിവ്യവസ്ഥ ഭദ്രമല്ലെന്നു കണ്ട് ദുഃഖിക്കുന്നവര്‍, സ്വര്‍ഗ്ഗം അനുഭവിക്കും എന്നാണ് ഇവിടത്തെ വിവക്ഷിതം. നീതിയെ സ്നേഹത്തോടും സമാധാനത്തോടും ബന്ധി പ്പിക്കാന് വളരെ എളുപ്പവുമാണ്. ജീവിതത്തില്‍ ഇവയ്ക്കു പരിഗണന നല്കുന്നവര് സ്വാര്‍ത്ഥതയുടെ പുറംതോടു ഭേദിച്ച് ലോകത്തിലേക്ക് വ്യാപിക്കുന്നു. സാനുമാസ്റ്ററുടെ രണ്ട് പുസ്തകങ്ങളുടെ പേരുമാത്രം പറഞ്ഞ് ഈ പറഞ്ഞതിനെല്ലാമുള്ള വിശദീകരണം ഞാന്‍ സംക്ഷേപിക്കാം: ‘എത്ര ശോകമയം ലോകം’, ‘ഇവര്‍ ലോകത്തെ സ്നേഹി ച്ചവര്‍’, കണ്ണീര് ഗ്രന്ഥികള്‍ വറ്റിപ്പോയ, നിരാര്‍ദ്രമായ ലോകത്തെക്കുറിച്ചുള്ള വ്യഥയാണ് എം.കെ. സാനു എന്ന വ്യക്തിയുടെ വ്യക്തിത്വത്തിന്റെ ഘടനയിലെ പ്രബലഘടകം. അതിന്റെ സാന്നിധ്യം അനുഭവിപ്പിക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് സാനുമാഷ് പ്രിയപ്പെട്ട അധ്യാപകന് ആയത്.
ചിന്തകളില്‍ പ്രകാശം പരത്തുന്ന ഈ പുസ്തകം വായിക്കേണ്ടതു തന്നെ. മലയാളത്തിലെ ദാര്‍ശനികരായ രണ്ടു ഗുരുക്കന്മാരുടെ പുസ്തകം. അല്ല, ഗുരുവിന്റെ പാത പിന്തുടര്ന്ന് ശിഷ്യന് ഗുരുവായി പ്രകാശിക്കുന്നത് വെളിപ്പെടുന്ന പുസ്തകം.