ന്യൂഡല്‍ഹി : ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്റെ ഓർമ്മയിൽ രാജ്യമിന്ന് ശിശുദിനം ആഘോഷിക്കും . കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാജിക്ക് കുഞ്ഞുങ്ങളോടുണ്ടായിരുന്ന സ്നേഹവായ്പാണ് ഈ ദിവസം ശിശുദിനമായി ആചരിക്കുന്നതിനു പിന്നിൽ .
നെഹ്രുവിന്റെ 135-ാം പിറന്നാള്‍ ദിനമാണ് ഇന്ന്. ചാച്ചാജിയുടെ ഓർമകളിൽ രാജ്യമെമ്പാടും കുരുന്നുകൾ അദ്ദേഹത്തിൻ്റെ വേഷമണിയും. തൊപ്പിയും ശുഭ്രവസ്ത്രവും പനിനീർപ്പൂ നെഞ്ചോടു ചേർത്തും കുരുന്നുകൾ എത്തുമ്പോൾ രാജ്യം ചാച്ചാജിയുടെ സ്മരണയിലമരും.
പ്രകൃതിയും മനുഷ്യനും ഇണങ്ങി ജീവിക്കുന്നതിന്റെ പ്രാധാന്യം കുട്ടികൾക്ക് പകർന്നുനൽകിയ വ്യക്തിയായിരുന്നു ജവഹർലാൽ നെഹ്റു. നെഹ്റുവിന്റെ അഭിപ്രായത്തിൽ, “കുട്ടികൾ പൂന്തോട്ടത്തിലെ മുകുളങ്ങൾ പോലെയാണ്, അവർ രാഷ്ട്രത്തിന്റെ ഭാവിയും നാളത്തെ പൗരന്മാരുമാണ്. അവരെ ശ്രദ്ധയോടെയും സ്നേഹത്തോടെയും വളർത്തിയെടുക്കണം”-നെഹ്രുവിന്റെ വാക്കുകൾ എന്നും പ്രസക്തമാണ് .