ജെക്കോബി
മുനമ്പം കടപ്പുറം നിവാസികളുടെ അധിവാസ ഭൂമിയുടെമേല്‍ വഖഫ് അവകാശം ഉന്നയിച്ചതിന്റെ പേരില്‍ ഉടലെടുത്ത ജീവിതപ്രതിസന്ധിക്ക് ശാശ്വത പരിഹാരം തേടി മുനമ്പത്ത് തീരദേശ ജനത നടത്തിവരുന്ന ഉപവാസ സമരം ഒരു മാസം പിന്നിടുമ്പോള്‍, മുഖ്യമന്ത്രി പിണറായി വിജയന് കേരളത്തിലെ ലത്തീന്‍ കത്തോലിക്കാ സഭാ നേതൃത്വത്തിനും കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടിലിനും മുനമ്പം ഭൂസംരക്ഷണ സമിതിക്കും ജനങ്ങള്‍ക്കും നല്കുന്ന ഉറപ്പ് തെല്ല് വൈകിയെത്തുന്ന സമാശ്വാസമാണ്, ഏറെ പ്രതീക്ഷയുണര്‍ത്തുന്നതുമാണത്.
കേരള വഖഫ് ബോര്‍ഡിന്റെ മുനമ്പത്തെ അടിസ്ഥാന ആധേയം തന്നെ തെറ്റാണ്: കടപ്പുറത്തെ ആ ഭൂമി വഖഫ് അല്ല. 1950 നവംബര്‍ ഒന്നിന് കോഴിക്കോട് ഫറോക്കിലെ ഫാറൂഖ് കോളജ് മാനേജിങ് കമ്മിറ്റി പ്രസിഡന്റായിരുന്ന പി.കെ ഉണ്ണി കാമു സാഹിബിന് മുനമ്പത്തെ 404.76 ഏക്കര്‍ ഭൂമി കൈമാറിക്കൊണ്ട് മുഹമ്മദ് സിദ്ദിഖ് സേട്ട് ഇടപ്പള്ളി സബ് രജിസ്ട്രാര്‍ ഓഫിസില്‍ രജിസ്റ്റര്‍ ചെയ്തുകൊടുത്ത ദാനാധാരത്തില്‍ (2115/1950) വഖഫ് എന്ന സംജ്ഞ ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍, കോളജിന് ഈ സ്വത്ത് വില്‍ക്കാനുള്ള അവകാശമുണ്ടായിരിക്കുമെന്നും വസ്തുവില്‍ നിന്നു ലഭിക്കുന്ന വരുമാനം കോളജിന്റെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി മാത്രം വിനിയോഗിക്കേണ്ടതാണെന്നും ഏതെങ്കിലും സാഹചര്യത്തില്‍ കോളജിന്റെ പ്രവര്‍ത്തനം നിലച്ചുപോയാല്‍ വസ്തു തിരിച്ചെടുക്കാനുള്ള അവകാശവും അധികാരവും സിദ്ദിഖ് സേട്ടിനോ അനന്തരാവകാശികള്‍ക്കോ ഉണ്ടായിരിക്കുമെന്നും അതില്‍ വ്യവസ്ഥ ചെയ്തിട്ടുമുണ്ട്. വിശ്വാസത്തിനും ധര്‍മസ്ഥാപനങ്ങള്‍ക്കും കാരുണ്യപ്രവര്ത്തനങ്ങള്ക്കുമായി ഒരു ഉപാധിയും കൂടാതെ ദൈവനാമത്തില്‍ എന്നന്നേയ്ക്കുമായി സമര്‍പ്പിക്കുന്ന സമ്പത്തോ വസ്തുവകകളോ ആസ്തിയോ ആണ് ഇസ് ലാമിക പാരമ്പര്യത്തില്‍ വഖഫ്. ഒരിക്കലും പിന്‍വലിക്കാനാവാത്ത അര്പ്പണമാണത്. തിരിച്ചെടുക്കാനുള്ള നിബന്ധന വഖഫിന്റെ ശാശ്വത സമര്‍പ്പണമെന്ന നിര്‍വചനത്തിനു വിരുദ്ധമാണ്.
മട്ടാഞ്ചേരിയിലെ ഗുജറാത്തി കച്ചി മേമന് സമൂഹത്തിലെ പ്രമുഖ വ്യാപാരിയും കൊച്ചിന് ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രസിഡന്റുമായിരുന്ന അബ്ദുല്‍ സത്താര്‍ ഹാജി മൂസാ സേട്ടിന് ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍, 1902-ല്‍, തിരുവിതാംകൂര്‍ മഹാരാജാവ് കൃഷിക്കുവേണ്ടി പാട്ടത്തിനു നല്‍കിയതാണ് മുനമ്പം തീരത്തെ നാനൂറില്പരം ഏക്കര്‍ കരഭൂമിയും 60 ഏക്കര്‍ വെള്ളക്കെട്ടുമുള്ള പ്രദേശം. സത്താര്‍ സേട്ട് അത് ലീസിനെടുക്കുമ്പോള് തന്നെ അവിടെ മത്സ്യത്തൊഴിലാളികളുടെയും മറ്റും കുടികളുണ്ടായിരുന്നു. കടപ്പുറത്തെ പാട്ടഭൂമിയില്‍ നല്ലൊരു ഭാഗം കടലെടുത്തുപോയി. അദ്ദേഹത്തിന്റെ അനന്തരാവകാശിയും മരുമകനുമായ സിദ്ദിഖ് സേട്ട് ഫറൂഖ് കോളജിന് അന്ന് ഒരു ലക്ഷം രൂപ വിലമതിപ്പുള്ള മുനമ്പം എസ്റ്റേറ്റ് ഇഷ്ടദാനമായി നല്കുമ്പോഴും അവിടെ കുടികിടപ്പുകാരുണ്ടായിരുന്നു. സര്‍ക്കാരിന്റെ പാട്ടഭൂമി രജിസ്റ്റര്‍ ചെയ്തെടുത്ത് ദാനം നല്‍കുന്നതും, കൈവശാവകാശം നല്‍കാതെ പട്ടയം കൈമാറ്റം ചെയ്യുന്നതും നിയമപരമായി വഖഫ് ആകുമോ എന്ന ചോദ്യം ഉയരുന്നുണ്ട്.
ഇഷ്ടദാനമായി കിട്ടിയ ഭൂമി ഫാറൂഖ് കോളജ്, തലമുറകളായി അവിടെ കുടിയാന്മാരായിരുന്നവര്ക്കും മറ്റു താമസക്കാര്‍ക്കുമായി 1983- 1993 കാലയളവില്‍ തീറെഴുതി വിറ്റു. ഇതിന് ഒരു അഭിഭാഷകന് പവര്‍ ഓഫ് അറ്റോര്‍ണി നല്കി നിയോഗിച്ചുവത്രെ. ഇങ്ങനെ 33 ലക്ഷം രൂപ സമാഹരിച്ച് നിര്‍മിച്ച മുനമ്പം എസ്റ്റേറ്റ് എന്ന പേരിലുള്ള സമുച്ചയത്തില്‍ പിന്നീട് ടീച്ചേഴ്സ് ട്രെയിനിങ് സെന്റര്‍ ആരംഭിക്കുകയും ചെയ്തു. ഇഷ്ടദാനമായി ലഭിച്ച വസ്തുവില്‍ 188 ഏക്കര്‍ ഫാറൂഖ് കോളജ് പണം വാങ്ങി വിറ്റതായി പറയുന്നു. 1975ല്‍ കേരള ഹൈക്കോടതിയുടെ ഒരു ഉത്തരവില്‍, മുനമ്പം വസ്തു ഫാറൂഖ് കോളജിന് ഗിഫ്റ്റ് ഡീഡായി കിട്ടിയതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്, വഖഫ് ആധാരമല്ല. വഖഫ് ബോര്‍ഡിന്റെ മുന്‍കൂര്‍ അനുമതി വാങ്ങാതെയാണ് വില്പന നടത്തിയത് എന്നതിനാല്‍ കോളജ് വിറ്റ ഭൂമിയുടെ തീറാധാരങ്ങള്ക്ക് നിയമസാധുതയില്ല എന്നൊക്കെ വാദമുണ്ട്. 1954-ലെ വഖഫ് നിയമത്തിലെ സെക് ഷന് 36ബി അനുസരിച്ച് വഖഫ് ബോര്‍ഡിന്റെ ആസ്തി രജിസ്റ്ററില്‍ വഖഫ് സ്വത്തായി ചേര്‍ത്തിട്ടുള്ള ഭൂമിയുടെ ക്രയവിക്രയത്തിനു മാത്രമേ ബോര്‍ഡിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമുള്ളൂ. മുനമ്പത്തെ ഭൂമിയാകട്ടെ 2019 വരെ വഖഫ് ബോര്‍ഡിന്റെ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെട്ടിട്ടില്ല. അല്ലെങ്കില്‍ത്തന്നെ, പണം വാങ്ങി തീറെഴുതി നല്കിയ സ്ഥലം വഖഫ് ആണെന്ന് അവകാശപ്പെടുന്നത് ഇസ് ലാമികമാകുമോ? മുനമ്പം ഭൂപ്രശ്നത്തില്‍ ഇത്രയൊക്കെ രാഷ്ട്രീയ കോലാഹലമുണ്ടായിട്ടും ഇതില്‍ പ്രധാന കക്ഷിയായ ഫാറൂഖ് കോളജ് ഇന്നേവരെ ഒരു വിശദീകരണത്തിനും മുതിര്‍ന്നിട്ടില്ല എന്നത് ആശ്ചര്യകരമല്ലേ? വിഷയം സബ് ജുഡീസ് ആണെന്ന നിയമോപദേശമാകാം, അതോ വഖഫ് ബോര്‍ഡിന്റെ അവകാശം പരസ്യമായി തള്ളിപ്പറയാന്‍ കഴിയാത്തതിനാലോ?
അന്യാധീനപ്പെട്ടുപോയ വഖഫ് വസ്തുക്കളെക്കുറിച്ച് അന്വേഷിക്കാന്‍ വി.എസ് അച്യുതാനന്ദന് സര്‍ക്കാര്‍ നിയോഗിച്ച റിട്ടയേഡ് ജില്ലാ ജഡ്ജി മൊയ്തു അഹമ്മദ് നിസാര്‍ കമ്മിറ്റി സ്ഥലവാസികളില്‍ നിന്ന് മൊഴിയെടുക്കുകയോ ഭൂമിയുടെ ചരിത്രമോ രേഖകളോ പരിശോധിക്കുകയോ ചെയ്യാതെ മുനമ്പത്തേത് വഖഫ് വസ്തുവാണെന്ന തികച്ചും ഏകപക്ഷീയമായ, വസ്തുതാവിരുദ്ധമായ റിപ്പോര്‍ട്ടാണ് 2009 ജൂണില്‍ സമര്‍പ്പിച്ചത്. ഇടതുമുന്നണി മന്ത്രിസഭ 2010 മേയില്‍ വഖഫ് ഭൂമി തിരിച്ചുപിടിക്കാന്‍ ഉത്തരവിട്ടു. 2016-ല്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് നിസാര്‍ കമ്മിറ്റി റിപ്പോര്ട്ടിന്മേലും മന്ത്രിസഭാ തീരുമാനത്തിന്മേലും നടപടിയെടുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. മുനമ്പം നിവാസികളെ ‘കൈയേറ്റക്കാരായി’ മുദ്ര കുത്താന്‍ ഇടയാക്കിയ നിര്‍ണായക വഴിത്തിരിവുകള്‍ ഇതാണ്. വഖഫ് അവകാശവാദത്തിന്റെ പേരില്‍ 2022-ല്‍ കരമൊടുക്കാന്‍ സമ്മതിക്കാതെ വന്നപ്പോള്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ പറഞ്ഞത് ‘കൈയേറ്റക്കാരാണെങ്കിലും’ തത്കാലം കരം സ്വീകരിക്കാം എന്നാണ്. ക്ലബ് മഹീന്ദ്ര ചെറായി ബീച്ച് റിസോര്‍ട്ട് പോലുള്ള ചില വമ്പന്മാരുടെ വസ്തുക്കളുടെ കരം പിരിക്കാതിരുന്നാല്‍ സര്‍ക്കാരിന് വന്‍ നഷ്ടമുണ്ടാകുമെന്നതിനാലാണ് സര്‍ക്കാര്‍ ആ ഘട്ടത്തില്‍ ജനങ്ങളോട് ഔദാര്യം കാണിച്ചതെന്ന് ചിലര്‍ കരുതുന്നുണ്ട്. മുനമ്പത്തെ ‘വഖഫ് ഭൂമി’ തിരിച്ചുപിടിക്കുകതന്നെ ചെയ്യും എന്നാണ് വഖഫ് മന്ത്രി വി. അബ്ദുറഹിമാന് നിയമസഭയില്‍ സബ്മിഷന് മറുപടിയായി പറഞ്ഞത്.
മുനമ്പത്തുനിന്ന് ആരെയും കുടിയിറക്കുകയില്ല എന്ന് വഖഫ് മന്ത്രി ഇപ്പോള്‍ പ്രഖ്യാപിക്കുന്നുണ്ട്. വഖഫ് ബോര്‍ഡിന് കാസര്‍കോഡോ മറ്റോ 500 ഏക്കറോളം ഭൂമി പകരം നല്കി മുനമ്പം ഭൂമി സ്ഥലവാസികള്‍ക്കു വിട്ടുനല്‍കാമെന്ന ഒരു ‘അനുരഞ്ജന’ ഫോര്‍മുലയും നിര്‍ദേശിക്കപ്പെടുന്നുണ്ട്.
മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് ഒരു കോടതിയും ആത്യന്തികമായി വിധിച്ചിട്ടില്ല. എന്നിട്ടും ഏതോ മുന്‍വിധിയോടെ അത് വഖഫ് തന്നെയെന്ന് സ്ഥാപിച്ചെടുക്കാനും ജനങ്ങളെ കുടിയിറക്കാതിരിക്കാനെന്ന പേരില്‍ കോടികണക്കിനു രൂപയുടെ സ്വത്ത് വഖഫ് ബോര്‍ഡിന് പകരം കൈമാറാനുമുള്ള ഗൂഢതന്ത്രം ആരുടെ താല്‍പര്യത്തിനായാണ്?
തീരദേശത്തെ ലത്തീന്‍ കത്തോലിക്കരും പിന്നാക്ക വിഭാഗക്കാരായ കുറെ ഹൈന്ദവ സഹോദരങ്ങളും അനുഭവിക്കുന്ന തീരാവ്യഥകള്ക്കു പ്രതിവിധി തേടി ജനാധിപത്യരീതിയില്‍ സമാധാനപരമായി ഉപവാസ സത്യഗ്രഹം നയിക്കുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എത്തുന്ന ക്രൈസ്തവ സഭാമേലധ്യക്ഷന്മാരും വൈദികരും സന്ന്യസ്തരും വര്‍ഗീയവാദികളാണെന്ന് ആക്ഷേപിക്കുന്ന ഒരു മന്ത്രിയില്‍ നിന്ന് ന്യൂനപക്ഷങ്ങള്‍ക്ക് എന്തു നീതി ലഭിക്കാനാണ്! വിഴിഞ്ഞത്തെ ജനകീയ പ്രക്ഷോഭത്തിന് അവമതിപ്പുണ്ടാക്കാനായി സഭാനേതൃത്വത്തിനുമേല് രാജ്യദ്രോഹക്കുറ്റവും ക്രിമിനല്‍ ഗൂഢാലോചനയും ആരോപിക്കുന്നതില്‍ പരസ്പരം മത്സരിച്ച മന്ത്രിസഭാ ഉപസമിതിയില്‍ ഒരംഗം ഈ ഫിഷറീസ് മന്ത്രിയായിരുന്നു എന്നത് തീരദേശജനതയ്ക്കു മറക്കാനാവില്ല.
മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ വിളിച്ചുകൂട്ടിയ സംസ്ഥാനത്തെ മുസ് ലിം സമുദായ സംഘടനാ നേതാക്കളുടെ യോഗം മുനമ്പത്തെ ജനങ്ങള്‍ക്ക് നീതി ലഭിക്കുന്നതിന് കോടതിക്കു പുറത്ത് സമവായമുണ്ടാക്കണം എന്നാണ് നിര്‍ദേശിച്ചത്. ആരെയും കുടിയിറക്കുന്ന കാര്യം ഏതെങ്കിലും മുസ് ലിം സംഘടനയോ മതനേതാവോ പറഞ്ഞുകേട്ടില്ല. പ്രശ്നം രമ്യമായും ശാശ്വതമായും പരിഹരിക്കുന്നതിന് ഗവണ്മെന്റ് നടത്തുന്ന ഏതു നീക്കത്തിനും അവര്‍ പിന്തുണ അറിയിച്ചിട്ടുണ്ട്.
വഖഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെ വഖഫ് സ്വത്ത് കൈമാറുകയോ വാങ്ങുകയോ കൈവശം വയ്ക്കുകയോ ചെയ്താല്‍ രണ്ടു വര്‍ഷം വരെ തടവുശിക്ഷയ്ക്കു വ്യവസ്ഥ ചെയ്യുന്ന 2013-ലെ വഖഫ് നിയമഭേദഗതിയിലെ 52എ വകുപ്പിന് മുന്‍കാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി ഇക്കഴിഞ്ഞ ദിവസം വിധിച്ചു. കോഴിക്കോട് മേരിക്കുന്നില്‍ ജെഡിടി ഇസ് ലാം ഓര്‍ഫനേജില്‍ നിന്ന് പാട്ടത്തിനെടുത്ത സ്ഥലത്തെ പോസ്റ്റ് ഓഫിസ് കെട്ടിടവുമായി ബന്ധപ്പെട്ട് തപാല്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കോഴിക്കോട് മജിസ്ട്രേട്ട് കോടതിയിലുള്ള കേസ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. നിയമഭേദഗതിക്കു മുന്‍പ് കൈവശം വച്ച ഭൂമിയുടെ പേരില്‍ ക്രിമിനല്‍ നടപടി സാധ്യമല്ലെന്ന ഈ വിധി മുനമ്പത്തെ ഭൂമിയുമായി ബന്ധപ്പെട്ട വ്യവഹാരത്തിലും ഏറെ പ്രാധാന്യമുള്ളതാണ്.
ദൈവനാമത്തില്‍ പ്രവര്‍ത്തിക്കേണ്ട ഒരു ധര്‍മസ്ഥാപനത്തിന്റെ പേരില്‍ കേരളത്തില്‍ ഒരു ഗ്രാമത്തിലെ ജനങ്ങള്‍ ഇത്രമേല്‍ യാതന അനുഭവിക്കുന്നത് രണ്ടുവര്‍ഷമായി നിഷ്ക്രിയരായി നോക്കിനിന്ന സംസ്ഥാന ഭരണകൂടവും രാഷ്ട്രീയ നേതൃത്വവുമാണ് വഖഫിന്റെ പേരില്‍ ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് സൃഷ്ടിച്ചും മതസ്പര്‍ദ്ധയും വര്‍ഗീയ വിദ്വേഷവും ആളിപ്പടര്ത്തിയും രാഷ്ട്രീയ ധ്രുവീകരണത്തിനുള്ള സാധ്യതകളിലേക്ക് വലയെറിയാന്‍ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കൊണ്ടുപിടിച്ച ‘അന്തര്‍ധാരാ’ നീക്കങ്ങള്‍ നടത്തിയവര്‍ക്കായി കളമൊരുക്കിയതെന്ന സംശയം ബലപ്പെടുത്തുന്നതാണ് ചില സാഹചര്യ തെളിവുകള്‍.
മോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിട്ടുള്ള വഖഫ് ഭേദഗതി ബില്ലിലൂടെ 1995-ലെ വഖഫ് നിയമത്തിലെ 40-ാം വകുപ്പ് റദ്ദാക്കിയാല്‍ മുനമ്പംകാരുടെ പ്രശ്നത്തിനു പരിഹാരമാകും എന്നു ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. വഖഫ് ട്രൈബ്യൂണലിനു പകരം സിവില്‍ കോടതി തീര്‍പ്പാക്കും എന്നാണ് നിയമഭേദഗതിയില്‍ പറയുന്നത്. അത് കൂടുതല്‍ സിവില്‍ വ്യവഹാരങ്ങള്‍ക്ക് വഴിതുറക്കും. എത്ര പതിറ്റാണ്ടുകള്‍ അതു നീണ്ടുപോകും എന്ന് ആര്‍ക്കു പ്രവചിക്കാനാകും? ഭേദഗതി ബില്ല് പാര്‍ലമെന്റില്‍ പാസാക്കാനായാലും സുപ്രീം കോടതിയില്‍ അത് ചോദ്യം ചെയ്യപ്പെടാതിരിക്കുമോ? പുതിയ നിയമഭേദഗതിക്ക് മുന്‍കാല പ്രാബല്യമുണ്ടാകുമെന്ന് എന്താണുറപ്പ്?
ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുന്‍പേ സര്‍ക്കാരിന് സര്‍വകക്ഷിയോഗം വിളിച്ചുകൂട്ടി മുനമ്പം പ്രശ്നത്തില്‍ സമവായമുണ്ടാക്കാമായിരുന്നു. നിസാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചത് റദ്ദാക്കാനും വഖഫ് ആസ്തി പട്ടികയില്‍ നിന്ന് മുനമ്പം ഭൂമി നീക്കം ചെയ്യാനും ഉന്നതതല യോഗത്തില്‍ ധാരണയുണ്ടാകണം. ആവശ്യമെങ്കില്‍ ഇതിനായി പുതിയ കമ്മിഷനെ നിയോഗിക്കണം. മുനമ്പത്തേത് വഖഫ് വസ്തുവല്ലെന്ന് കോടതിയെ ബോധ്യപ്പെടുത്തുന്നതിന് സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന് നല്‍കണം. ഓഖി നഷ്ടപരിഹാര പാക്കേജിലും വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ പദ്ധതിക്കായി മൂലമ്പിള്ളിയില്‍ കുടിയിറക്കപ്പെട്ടവരുടെ പുനരധിവാസത്തിലും വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന്റെ ദുരന്താഘാതങ്ങള്‍ പരിഹരിക്കുന്നതിലും ഉണ്ടായ തിക്താനുഭവങ്ങളുടെ പാഠം ഉള്‍ക്കൊണ്ടാണ് തീരദേശവാസികള്‍ മുനമ്പത്തെ സമരപന്തലില്‍ ഇന്നും തുടരുന്നത്. പൊള്ളവാഗ്ദാനങ്ങള് ഇനിയും വിലപ്പോവില്ലെന്ന് ഭരണനേതൃത്വത്തെ ഉണര്‍ത്തിക്കാന്‍ തീക്കനല്ക്കകമേ തെഴുത്ത പട്ടിണിപ്പാവങ്ങള്‍ മാനവസാഹോദര്യത്തിന്റെ നെടുങ്കോട്ട തീര്‍ക്കുന്നുണ്ട്. മതത്തിന്റെയും ജാതിയുടെയും പേരില്‍ ഐഎഎസ് ഉദ്യോഗസ്ഥതലത്തില്‍ പോലും ഭിന്നിപ്പിന്റെ വാട്സ്ആപ് ഗ്രൂപ്പുകള്‍ തിടംവയ്ക്കുന്ന കലുഷിതവും മലീമസവുമായ രാഷ് ട്രീയ സംസ്കാരത്തിന്റെ പിരട്ട പിണിയാളന്മാര്ക്ക് ഈ ജനമുന്നേറ്റത്തിന്റെ കടലിളക്കത്തെ എങ്ങനെ പ്രതിരോധിക്കാനാകും?