പ്രഫ. ഷാജി ജോസഫ്
Aguirre, the Wrath of God (Germany/92 minutes/1972)
Director: Werner Herzog
‘എല്‍ ഡൊരാഡൊ’ എന്ന സ്വര്ണ്ണനാട് അന്വേഷിച്ചു അപകടം പിടിച്ച ആമസോണിലൂടെയുള്ള സ്പാനിഷ് സാഹസികരുടെ യാത്രയാണ് സംവിധായകന് വെര്‍ണര്‍ ഹെര്‍സോഗ് പറയുന്നത്. അവരുടെ നേതാക്കളിലൊരാളാണ് ‘ഡോണ്‍ ലൊപേ ദി അഗ്വിറെ’. വിഖ്യാത നടനായ ക്ലോസ് കിന്‍സ്കിയാണ് അഗ്വിറെയെ അവതരിപ്പിക്കുന്നത്. ‘ഡോണ്‍ ലൊപേ ദി അഗ്വിറെ’ എന്ന സ്പാനിഷ് പട്ടാളക്കാരന്റെ തെക്കേ അമേരിക്കയിലെ എല്‍ ഡോറാഡോ എന്ന സ്വര്ണ്ണനഗരത്തെ കണ്ടെത്താനുള്ള സാഹസികയാത്രയില്‍ നിന്നും കടം കൊണ്ട ആശയമാണ് ചിത്രത്തിനാധാരം. മനുഷ്യന്റെ അത്യാഗ്രഹവും അധികാരത്തില്‍ മതിമറന്നുള്ള ക്രൂരതകളും എങ്ങനെ ഒരാളെ നശിപ്പിക്കാം എന്നതാണ് സിനിമയുടെ തീവ്രമായ പ്രമേയം.
അധികാരത്തോടും സമ്പത്തിനോടുമുള്ള മനുഷ്യന്റെ അടങ്ങാത്ത ആര്‍ത്തി അവനെ ഏതറ്റം വരെയും കൊണ്ടുപോകും എന്നുള്ളതിന്റെ ദൃഷ്ടാന്തം പുരാതന കാലം മുതല്ക്കേ നമുക്ക് കാണാനാകും. വര്‍ത്തമാനകാലത്തിലും ഇതേ രീതിയിലുള്ള അനവധി മനുഷ്യര്‍ നമുക്ക് മുന്നിലുണ്ട്. 1972ല്‍ ഇറങ്ങിയ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ ‘ അഗ്വിറെ, ദി റാത്ത് ഓഫ് ദി ഗോഡ്” ഇത്തരത്തില്‍ ഒരു കഥയാണ് പറയുന്നത്.
1560-ലെ ക്രിസ്മസ് ദിനത്തില്‍, നാല് ചങ്ങാടങ്ങളിലായി ഗോണ്‍സാലോ പിസാരോയുടെ (അലജാന്ദ്രോ റെപ്യുല്ലെ) കീഴിലുള്ള സ്പാനിഷ് പട്ടാളക്കാരും കൂടെ നൂറ് തദ്ദേശീയരായ അടിമകളും യാത്ര പുറപ്പെടുന്നു. പുതുതായി കീഴടക്കിയ ഇന്‍ക സാമ്രാജ്യത്തില്‍ നിന്നാണ് ആമസോണ്‍ മഴക്കാടുകളിലെവിടെയോ ഉള്ള ‘എല്‍ ഡൊറാഡോ’യെന്ന സ്വര്‍ണ്ണ നഗരത്തെത്തേടിയുള്ള യാത്ര. പര്യവേഷണത്തിന്റെ കമാന്‍ഡറായി ‘ഡോണ്‍ പെഡ്രോ ഡി ഉര്‍സു’വിനെയും (റൂയ് ഗ്യുറ) രണ്ടാമത്തെ കമാന്‍ഡറായി ‘ഡോണ്‍ ലോപ് ഡി അഗ്വിറെ’യെയും (ക്ലോസ് കിന്‍സ്കി) പിസാരോ നിയമിക്കുന്നു. ദുരിതപൂര്‍ണ്ണമായ യാത്രയില്‍ സംഘത്തിന് പല പ്രതിബന്ധങ്ങളും തരണം ചെയ്യേണ്ടി വരുന്നു. സംഘത്തലവന് ഉര്സുയയും തൊട്ടു താഴെയുള്ള അഗ്വിരെയും തമ്മില്‍ നിരന്തരം സംഘര്‍ഷങ്ങള്‍ ഉടലെടുക്കുന്നു. അധികാരവും പിന്നീട് കൈവന്നേക്കാവുന്ന സ്വര്ണ്ണശേഖരവുമാണ് ഇതിനു പിന്നില്‍. യാത്രാമധ്യെ നടക്കുന്ന കലാപത്തെ തുടര്‍ന്ന് ക്രൂരനായ അഗ്വിറെ സംഘത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയാണ്. മാതൃരാജ്യമായ സ്പെയിനുമായുള്ള ബന്ധം വിച്ഛേദിച്ചുകൊണ്ട് സംഘത്തിലുള്ള ഗുസ്മാനെ സ്പാനിഷ് ചക്രവര്‍ത്തിയായി വാഴിക്കുകയാണ് അയാള്‍ ചെയ്യുന്നത്. സ്വപ്നസാക്ഷാത്ക്കാരത്തിനായി കൂടുതല്‍ ക്രൂരനാകുന്ന അഗ്വിറെ തന്നെ അനുസരിക്കാത്തവരെ നിഷ്കരുണം വധിക്കുന്നു.
സിനിമയുടെ തുടക്കം മുതല്‍, ഹെര്‍സോഗും കിന്‍സ്കിയും അഗ്വിറെയുടെ കഥാപാത്രത്തെ എപ്രകാരം അവതരിപ്പിക്കാമെന്ന കാര്യത്തില്‍ ഇരു ധ്രുവങ്ങളിലായിരുന്നു. കിന്‍സ്കി തീര്‍ത്തും ഉന്മാദിയായി അഭിനയിക്കാന്‍ ആഗ്രഹിച്ചു, എന്നാല്‍ ഹെര്‍സോഗിന് ശാന്തവും കൂടുതല്‍ ഭയാനകവുമായ ചിത്രീകരണമാണ് ആവശ്യം. താന്‍ ആഗ്രഹിച്ച പ്രകടനം ലഭിക്കാന്‍, ഓരോ ഷോട്ടിനുമുമ്പും ഹെര്‍സോഗ് കിന്‍സ്കിയെ മനഃപൂര്‍വം പ്രകോപിപ്പിക്കുകയും ചെയ്തിരുന്നു.
അത്യന്തം അപകടമാര്‍ന്ന ആമസോണ്‍ വനാന്തരങ്ങളാണ് സിനിമയുടെ പശ്ചാത്തലം. അതുകൊണ്ടു തന്നെ ചിത്രീകരണം അതി സാഹസികമായിരുന്നു. പെറുവിയന്‍ മഴക്കാടുകള്‍ ഉള്‍പ്പെടുന്ന ‘മച്ചു പിച്ചു’ മേഖലയിലെ ആമസോണ്‍ നദിയുടെ പോഷകനദികളിലായാണ് ഷൂട്ടിങ്ങ് നടന്നത്. പര്‍വതങ്ങളും, കുത്തിയൊഴുകുന്ന നദികളും വനപ്രദേശങ്ങളും മുന്നോട്ട് വച്ച പ്രതിരോധങ്ങള്‍ സാഹസികമായി തരണം ചെയ്ത അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളും അഞ്ചാഴ്ചത്തെ കഠിനമായ കാലയളവില്‍ ചിത്രീകരണം തീര്‍ത്തു.
ചരിത്രത്തില്‍ നിന്നും അധികമൊന്നും കടം കൊണ്ടിട്ടില്ല, താന്‍ ഒരുക്കിയ ഫിക്ഷന്‍ ആണ് കൂടുതലും, എന്നാണ് ഹെര്‍സോഗ് അവകാശപ്പെടുന്നത്. ക്ലോസ് കിന്‍സ്കിയുടെ അമ്പരപ്പിക്കുന്ന അഭിനയമുഹൂര്‍ത്തങ്ങള്‍ കൊണ്ട് ധന്യമായ ഈ ചിത്രം വ്യാപകമായ നിരൂപക പ്രശംസ നേടിയെടുത്തു. സംഗീത സംവിധായകന് ‘പോപോള്‍ വൂ’ സംഗീതത്തിന്റെ മേന്മ കൊണ്ട് സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നു. വികാരങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും ഒപ്പം ഭീകരതയും സംഗീതത്തിലൂടെ ദൃശ്യമാകുന്നു. പശ്ചാത്തല സംഗീതം ക്യാമറയുടെ കാഴ്ചകളായ, പ്രാന്തപ്രദേശങ്ങളുടെ ഭീമന് ദൃശ്യങ്ങള്‍, ആമസോണ്‍ ഉള്‍ക്കാടുകള്‍, കൊടും മഴ തുടങ്ങിയവയെ കൂടുതല്‍ അടുപ്പത്തില്‍ ദൃശ്യമാക്കുന്നു.
അതിനാടകീയ ഒഴിവാക്കി മിനിമല്‍ ശൈലിയാണ് ഈ ചിത്രത്തില്‍ പിന്തുടരുന്നത്. ഹെര്‍സോഗ് സംവിധാനം നിര്‍വ്വഹിച്ച അഞ്ച് സിനിമകളിലെ നായകനായിരുന്നു ക്ലോസ് കിന്‍സ്കി, അതില്‍ ആദ്യത്തേതാണ് അഗ്വിറേ. ഹെര്‍സോഗ്-ക്ലോസ് കിന്‍സ്കി കൂട്ടുകെട്ടിലിറങ്ങിയ ‘ഫിറ്റ്സ്കാരാല്‍ഡോ’ എന്ന ചിത്രവും വ്യത്യസ്തമായ ഒന്നാണ്.
അതിക്രൂരനായ അഗ്വിറെ എന്ന കഥാപാത്രത്തിന് കിന്‍സ്കി നല്‍കിയിരിക്കുന്ന ശരീരഭാഷ അദ്ഭുതപ്പെടുത്തുന്നതാണ്. അവന്റെ നീലക്കണ്ണുകളില്‍ സദാ സമയവും ഭ്രാന്താണ്. അഗ്വിരെയുടെ ചിന്തകളും വികാരങ്ങളും ആവിഷ്കരിക്കുന്നതില്‍ സംവിധായകന് പൂര്‍ണ്ണമായി വിജയിക്കുന്നു. കിന്‍സ്കി തന്റെ അഭിനയം വഴി പ്രേക്ഷകരുടെ മനസ്സില്‍ ഭയവും വിസ്മയവും ഉണര്‍ത്തുന്നു. കടുത്ത മനോവ്യാപാരങ്ങള്‍ അവതരിപ്പിക്കുന്നതില്‍ കിന്‍സ്കിക്ക് ഉണ്ടായിരുന്ന കഴിവ് അദ്ദേഹത്തെ വേറിട്ടു നിര്‍ത്തുന്നു. ഹെര്‍സോഗ് സംവിധാനം നിര്‍വ്വഹിച്ച ‘നോസ്ഫെര്ത്യു ദി വാംപയര്‍’ എന്ന ചിത്രത്തില്‍ ഡ്രാക്കുളയായുള്ള കിന്‍സ്കിയുടെ പ്രകടനം അസാമാന്യമാണ്. അദ്ദേഹത്തിന്റെ വ്യക്തിജീവിതവും പരുക്കന്‍ സ്വഭാവവും പലപ്പോഴും വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു എങ്കിലും സ്ക്രീനില്‍ നടനായി കാഴ്ച വയ്ക്കുന്ന പ്രകടനങ്ങള്‍ക്ക് മറുവാക്കില്ല. ലോകസിനിമയിലെ പ്രഗത്ഭരായ രണ്ട് സംവിധായകരെ ഓര്‍ക്കുമ്പോള്‍ രണ്ട് നടന്മാരെപ്പറ്റി പരാമര്‍ശിക്കാതെ വയ്യ. ഹെര്‍സോഗിന് ക്ലോസ് ക്ലിന്സ്കിയും, പ്രശസ്ത ജാപ്പനീസ് സംവിധായകനായ അകിര കുറസോവക്ക് തോഷിറോ മിഫ്യുണും. ഇരു കൂട്ടുകെട്ടുകളിലും പിറന്ന സിനിമകള്‍ ലോകസിനിമക്ക് മുതല്‍ക്കൂട്ടായി.
ലക്ഷ്യത്തിലെത്താത്ത യാത്രയുടെ അവസാനത്തില്‍ ജീവിതത്തിന്റെ നിരര്‍ഥകത അടുത്തറിയുന്നു അഗ്വിറെ. ശവങ്ങളാലും നൂറുകണക്കിന് കുരങ്ങന്മാരാലും ചുറ്റപ്പെട്ട് തന്റെ ചങ്ങാടത്തില്‍ തനിച്ച് ഉന്മത്തനായി ആരോടെന്നില്ലാതെ പിറുപിറുക്കുന്ന അയാള്‍ അപ്പോഴും പുതിയ സാമ്രാജ്യത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ ആസൂത്രണം ചെയ്യുകയാണ്. ചങ്ങാടത്തില്‍ അയാള്‍ക്ക് കൂട്ടായി കുറച്ചു കുരുങ്ങുകളെയുള്ളൂ. ഒടുവില്‍ കൂടെയുള്ളവരെയെല്ലാം നഷ്ടപ്പെട്ട് ഭ്രമത്തിനടിമയായ അഗ്വിരെ ചങ്ങാടത്തിലെ ഏകാന്തതയില്‍ ഒരു കുരങ്ങിനെ എടുത്ത് ചോദിക്കുന്നു, ‘എന്റെ കൂടെ വേറെ ആരുണ്ട്?’ ചിത്രത്തിന്റെ മുഴുവന്‍ സാരാംശ്വവും ഇതിലുണ്ട്.
2010ലെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരളയില്‍ (ഐഎഫ്എപ്കെ) സംവിധായകന് വെര്‍ണര്‍ ഹെര്‍സോഗിനെ മേളയുടെ ‘ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്’ നല്കി ആദരിക്കുകയുണ്ടായി. എക്കാലത്തെയും മികച്ച 100 സിനിമകളിലൊന്നായി ടൈം മാഗസിന് ഈ ചിത്രത്തെ തിരഞ്ഞെടുത്തിട്ടുണ്ട്.