മുനമ്പം:കടലിലും കായലിലും പണിയെടുക്കുന്ന പാവപ്പെട്ട മനുഷ്യർ താമസിക്കുന്ന മുനമ്പം ഭൂമി വഖഫ് ഭൂമിയല്ല എന്ന സത്യം വഖഫ് ബോർഡ് അംഗീകരിക്കുകയും കേരള സർക്കാർ അതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തി പറമ്പിൽ പ്രസ്താവിച്ചു. വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ എറണാകുളത്തു നിന്നും മുനമ്പത്തേയ്ക്ക് നടത്തപ്പെട്ട ഐക്യദാർഢ്യ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അർച്ച്ബിഷപ്പ്.
വരാപ്പുഴ അതിരൂപത മുനമ്പം പ്രശ്നമായി ബന്ധപ്പെട്ട് ദേശീയ സംസ്ഥാന സർക്കാർ പ്രതിനിധികളുമായി ചർച്ച ചെയ്തതിന്റെ വെളിച്ചത്തിൽ നിലവിലുള്ള ഭരണഘടനയ്ക്ക് വിരുദ്ധമായി ,വഖഫ് നിയമത്തിന്റെ നൂലാമാലകളിൽ തങ്ങിനിൽക്കാതെ, നീതിപരവും ധാർമികവും മനുഷ്യത്വപരവുമായ നിലപാട് വഖഫ് വിഷയത്തിൽ ഭാരത സർക്കാരും കേരള ഗവൺമെൻറും സ്വീകരിക്കണമെന്നും ആർച്ച്ബിഷപ്പ് പ്രസ്താവിച്ചു.
സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ബിഷപ്പ് അംബ്രോസ് പുത്തൻവീട്ടിൽ പ്രസംഗിക്കുന്നു
കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ, വികാരി ജനറൽ മോൺ .റോക്കി റോബി കളത്തിൽ ,വരാപ്പുഴ അതിരൂപത വികാർ ജനറൽ മാരായ മോൺ. മാത്യു കല്ലിങ്കൽ, മോൺ.മാത്യു ഇലഞ്ഞിമറ്റം ചാൻസലർ ഫാ.എബിജിൻ അറക്കൽ വിവിധ വൈദിക പ്രതിനിധികൾ,പാസ്റ്ററൽ കൗൺസിൽ അംഗങ്ങൾ, യുവജനങ്ങൾ എന്നിവരുടെ സാന്നിധ്യത്തിലാണ് മുനമ്പത്ത് വരാപ്പുഴ അതിരൂപതയുടെ ഐക്യദാർഢ്യ സമ്മേളനം നടത്തപ്പെട്ടത്.
കോട്ടപ്പുറം രൂപതയിലെ വൈദികരും സന്യസ്തരും സമരത്തിൻ്റെ ഇരുപത്തിഏഴാം ദിനത്തിൽ നിരാഹാരമിരുന്നു. സമരപന്തലിലേക്ക് കോട്ടപ്പുറം രൂപതയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട ഐക്യദാർഢ്യ റാലിയിൽ രൂപതയിലെ വിവിധ ഇടവകകളിൽ നിന്നായി വൈദീകരും സന്യസ്തരും അല്മായരുമടക്കം നൂറുകണക്കിന് പേർ പങ്കെടുത്തു.
കോട്ടപ്പുറം രൂപതയുടെ നേതൃത്വത്തിൽ നടന്ന ഐക്യദാർഢ്യ പ്രകടനത്തിന് ബിഷപ്പ് അംബ്രോസ് പുത്തൻവീട്ടിൽ നേതൃത്വം നൽകുന്നു
സംസ്ഥാന സർക്കാർ മുനമ്പം വിഷയത്തിൽ സത്വരം ഇടപെട്ട് ശാശ്വതമായ പരിഹാരം ഉണ്ടാക്കണമെന്ന് കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ ആവശ്യപ്പെട്ടു. രാഷ്ട്രീയ പരിഹാരത്തോടൊപ്പം നിയമപരിരക്ഷയുള്ള ശാശ്വത പരിഹാരമാണ് ഉണ്ടാകേണ്ടതെന്നും അദ്ദേഹം പ്രസ്താവിച്ചു. സംസ്ഥാന സിഎൽസിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്കയക്കുന്ന ഭീമ ഹർജി ഒപ്പു ചാർത്തി ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻ്റ് ഒപ്പിടാനുള്ള ഫയൽ ബിഷപ്പിന് കൈമാറി.
കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺ. റോക്കി റോബി കളത്തിൽ, ചാൻസലർ ഫാ.ഷാബു കുന്നത്തൂർ, കടപ്പുറം വേളാങ്കണ്ണി പള്ളി വികാരി ഫാ ആൻ്റണി സേവ്യർ തറയിൽ,ഗോതുരുത്ത് ഫൊറോന വികാരി ഫാ. ആൻ്റണി അറക്കൽ, പള്ളപ്പുറം ഫൊറോന വികാരി ഫാ. പ്രിൻസ് പടമാട്ടുമ്മൽ, കോട്ടപ്പുറം രൂപത സിആർഐ പ്രസിഡൻ്റ് ഫാ സുഭാഷ് ഒസിഡി,ഫാ. ഡയസ് വലിയമരത്തുങ്കൽ,
അനൂപ് ജേക്കബ്ബ് എംഎൽഎ, ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം കുമ്മനം രാജശേഖരൻ, കെഎൽസിഡബ്യൂഎ സംസ്ഥാന ജനറൽ സെക്രട്ടറി മെറ്റിൽഡ മൈക്കിൾ, യേശുഭവൻ ആശ്രമത്തിലെ ഫാ. ബാബുപോൾ ഒസിഡി, ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്കിലെ കളത്തിൽ വിജയൻ, പ്രകാശ് മൈനാഗപ്പണി, തേവര സോഷ്യൽ സർവ്വീസ് സെൻ്ററിലെ ആൻ്റണി കളപ്പുറയ്ക്കൽ, സിഎൽസി സംസ്ഥാന പ്രസിഡൻ്റ് സാജു തോമസ്,വരാപ്പുഴ അതിരൂപത പാസ്റ്റർ കൗൺസിൽ ജനറൽ സെക്രട്ടറി അഡ്വ. ഷെറി തോമസ് ,എറണാകുളം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ.എൽസി ജോർജ്, വരാപ്പുഴ അതിരൂപത കെ സി വൈ എം പ്രസിഡണ്ട് രാജീവ് പാട്രിക് എന്നിവർ പ്രസംഗിച്ചു.
കോട്ടപ്പുറം രൂപതയിലെ വൈദികർ, കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പ്, കൊച്ചി രൂപത കെഎൽസിഡബ്യൂഎ പ്രതിനിധികൾ , ആലപ്പുഴ യേശുഭവൻ ആശ്രമ പ്രതിനിധികൾ, ആൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് അംഗങ്ങൾ, തേവര സോഷ്യൽ സർവ്വീസ് അംഗങ്ങൾ, അരിപ്പാലം തിരുഹൃദയ പള്ളി പ്രതിനിധികൾ , സിഎൽസി സംസ്ഥാന സമിതി അംഗങ്ങൾ ,കേരള സ്റ്റുഡൻസ് കോൺഗ്രസ് പ്രതിനിധികൾ, വരാപ്പുഴ അതിരൂപത വൈദിക അല്മായ പ്രതിനിധികൾ എന്നിവർ സമര പന്തലിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.