വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച ഡോനാൾഡ് ട്രംപിന് അഭിനന്ദനമറിയിച്ച് നിലവിലെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ട്രംപിന്റെ വിജയത്തിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാനപരമായ അധികാര കൈമാറ്റം ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അതിനായി ഭരണ സംവിധാനങ്ങൾക്ക് നിര്‍ദേശം നല്‍കുമെന്ന് ഉറപ്പുനല്‍കിയെന്നും ബൈഡൻ വ്യക്തമാക്കി. പൗരന്മാര് അവരുടെ കടമ നിര്‍വഹിച്ചു കഴിഞ്ഞു. ഇനി നിലവിലെ പ്രസിഡന്റ് എന്ന നിലയില്‍ ഞാന്‍ എന്റെ കടമയും നിര്‍വഹിക്കും. ഭരണഘടനയെ മാനിക്കും. അടുത്ത വര്‍ഷം ജനുവരി 20-ന് സമാധാനപരമായ അധികാരകൈമാറ്റം നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘ജനാധിപത്യത്തിൽ, ജനഹിതം എപ്പോഴും വിജയിക്കും. ചിലർക്ക് ഇത് വിജയത്തിന്റെയും ആഘോഷത്തിന്റെയും സമയമാണ്, മറ്റുള്ളവർക്ക് ഇത് നഷ്ടത്തിന്റെയും നിരാശയുടെയും സമയമായിരിക്കാം. പ്രചാരണങ്ങൾ കാഴ്ചപ്പാടുകൾ തമ്മിലുള്ള മത്സരമാണ്. രാജ്യം ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കുന്നു. രാജ്യം എടുത്ത തീരുമാനം നമ്മളെല്ലാം അംഗീകരിക്കണം.’ – ബൈഡൻ കൂട്ടിച്ചേർത്തു.
തനിക്കൊപ്പമുണ്ടായിരുന്ന സഹപ്രവർത്തകർക്കും ബൈഡൻ നന്ദി പറഞ്ഞു.