ന്യൂയോര്‍ക്ക്: റിപബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപ് 47 ആമത് അമേരിക്കൻ പ്രസിഡന്റ് ആയി വിജയമുറപ്പിക്കുമ്പോൾ ചരിത്രം ആവർത്തിക്കപ്പെടുകയാണ്. ഒരു തവണ തോൽവി അറിഞ്ഞ ശേഷം, തുടർച്ചയായല്ലാതെ വീണ്ടും അധികാരത്തിലെത്തുന്ന രണ്ടാമത്തെ അമേരിക്കൻ പ്രസിഡന്റായാണ് ട്രംപ് ഇത്തവണ വൈറ്റ് ഹൗസിലെത്തുന്നത്.
നിങ്ങളുടെ 47 ആമത് പ്രസിഡൻ്റും 45 ആമത് പ്രസിഡൻ്റുമായി തെരഞ്ഞെടുക്കപ്പെട്ട അസാധാരണ ബഹുമതിക്ക് അമേരിക്കൻ ജനതയോട് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ശക്തവും സുരക്ഷിതവും സമൃദ്ധവുമായ അമേരിക്കയെ സൃഷ്ടിക്കുന്നത് വരെ ഞാൻ വിശ്രമിക്കില്ല. ഇത് അമേരിക്കയുടെ സുവർണ കാലഘട്ടമായിരിക്കുമെന്നും ട്രംപ് പറഞ്ഞു.
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ അണികളെ അഭിസംബോധനചെയ്ത് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയും യുഎസ് വൈസ് പ്രസിഡന്റുമായ കമലാ ഹാരിസ്. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും പോരാട്ടം തുടരുമെന്ന് കമല പറഞ്ഞു.
നിങ്ങള്‍ എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിനും സ്നേഹത്തിനും നന്ദി. ഇന്ന് എന്റെ ഹൃദയംനിറഞ്ഞിരിക്കുന്നു. ഈ ഫലം ഒരിക്കലും നമ്മള് ആഗ്രഹിച്ചതല്ല. നമ്മള് പോരാടിയതും വോട്ട് ചെയ്തതും ഇതിനല്ലെന്നും കമലാ ഹാരിസ് പറഞ്ഞു.
ട്രംപിന്റെ വിജയത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി മോദി അഭിനന്ദനം അറിയിച്ചു. ‘ചരിത്രപരമായ തെരഞ്ഞെടുപ്പ് വിജയത്തിൽ അഭിനന്ദനങ്ങള്‍. ഇന്ത്യ അമേരിക്ക ബന്ധം കൂടുതൽ ദൃഢമാവട്ടെ. ആഗോള സമാധാനത്തിനായി ഒരുമിച്ച് നീങ്ങാം’ എന്നും മോദി എക്സിൽ കുറിച്ചു.